This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‍ക്കണ്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‍ക്കണ്ടം

വലിയ പരലാകൃതിയിലുള്ള പഞ്ചസാര. പഞ്ചസാരപ്പാനി തിളപ്പിച്ച്‌, പരല്‍ രൂപീകരണവേളയില്‍ സാവധാനം ബാഷ്‌പീകരിച്ച്‌, കല്‍ക്കണ്ടം (കര്‍ക്കണ്ടം) തയ്യാറാക്കുന്നു. ഏറ്റവും ശുദ്ധമായ അവസ്ഥയിലുള്ള സൂക്രാസാണ്‌ കല്‍ക്കണ്ടം. കരിമ്പിന്‍ നീര്‌, അക്കാനി തുടങ്ങിയവയില്‍ നിന്നും കല്‍ക്കണ്ടം ഉണ്ടാക്കാറുണ്ട്‌.

കല്‍ക്കണ്ടം

കൊഴുത്ത പഞ്ചസാരപ്പാനി ഒരു നിശ്‌ചിത അളവെടുത്ത്‌ അതില്‍ പ്രത്യേകം തിളപ്പിച്ച വെള്ളപ്പഞ്ചസാര ചേര്‍ത്തു തയ്യാറാക്കുന്ന ദ്രവം (മാഗ്‌മ) യന്ത്രം ഉപയോഗിച്ചോ സെന്‍ട്രിഫ്യൂഗല്‍ മര്‍ദം ഉപയോഗിച്ചോ അമര്‍ത്തി പല ആകൃതിയില്‍ രൂപപ്പെടുത്തുന്നു. ഇതു പിന്നീട്‌ കാറ്റുചൂളയില്‍ വച്ച്‌ ഉണക്കുമ്പോള്‍ വലിയ പരലുകള്‍ രൂപീകൃതമാവും. ഈ പരലുകളെ യന്ത്രം ഉപയോഗിച്ച്‌ അരിച്ചെടുത്തു ചെറുകഷണങ്ങളായോ, നീണ്ട ബാറുകളായോ മുറിച്ചെടുക്കുന്നു. വ്യാവസായ-ികമായി കല്‍ക്കണ്ടം മേല്‌പറഞ്ഞ രീതിയിലാണ്‌ നിര്‍മിക്കുന്നത്‌. കരിമ്പിന്‍ നീരില്‍ നിന്നും നിര്‍മിക്കുന്ന കല്‍ക്കണ്ടം ഇന്ത്യയില്‍ എല്ലായിടത്തും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും പനങ്കല്‍ക്കണ്ടത്തിന്‌ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ പ്രിയമുണ്ട്‌. ഔഷധമെന്ന നിലയില്‍ പനങ്കല്‍ക്കണ്ടത്തിനാണ്‌ കൂടുതല്‍ പ്രാധാന്യം. തിമഴ്‌നാട്ടില്‍ "നീര' (അക്കാനി)യില്‍ നിന്നും ധാരാളമായി പനങ്കല്‍ക്കണ്ടം തയ്യാറാക്കി വരുന്നു; തിരുനെല്‍വേലി ജില്ലയാണ്‌ ഈ വ്യവസായത്തില്‍ മുന്നിട്ടു നില്‌ക്കുന്നത്‌. അവിടത്തെ ഉടന്‍ഗുഡി, കൊട്ടന്‍ കാടു, തിരുനാടാര്‍ കുണ്ടിരുപ്പ്‌, സാത്താന്‍കുളം, അടികള്‍പുരം എന്നീ താലൂക്കുകളിലാണ്‌ ഈ വ്യവസായം കൂടുതലുള്ളത്‌. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഖാദിഗ്രാമ വ്യവസായ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ഈ വ്യവസായം അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. ശ്രീലങ്കയിലേക്കും മറ്റും പനങ്കല്‍ക്കണ്ടം കയറ്റി അയയ്‌ക്കുന്നുണ്ട്‌. പനങ്കല്‍ക്കണ്ടം താഴെ പറയുന്ന രീതിയിലാണ്‌ തയ്യാറാക്കുന്നത്‌. പനയില്‍ നിന്നും എടുക്കുന്ന നീര നന്നായി അരിച്ച്‌ അവക്ഷിപ്‌തങ്ങള്‍ മാറ്റി ചുണ്ണാമ്പു ചേര്‍ത്തു തിളപ്പിക്കുന്നു. താപനില 1080ഇനും 1090ഇനും മധ്യേ വരുമ്പോള്‍ പരലുകള്‍ രൂപം കൊണ്ടുതുടങ്ങും. ഉടന്‍തന്നെ ദ്രാവകം 35 സെ.മീ.ല്‍ കൂടുതല്‍ ആഴമില്ലാത്തതും "ഡ' ആകൃതിയിലുള്ളതുമായ ഒരു ലോഹപ്പാത്രത്തിലേക്കു പകര്‍ന്ന്‌ മാറ്റും. അറക്കപ്പൊടി(മരപ്പൊടി)യോ ഉണങ്ങിയ മണലോ വൈക്കോലോ കൊണ്ട്‌ പാത്രം പൊതിഞ്ഞുവയ്‌ക്കുന്നു. ദ്രവത്തില്‍ കൊരണ്ടിച്ചെടിയുടെയോ മറ്റേതെങ്കിലും ഹാനികരമല്ലാത്ത ചെടിയുടെയോ ചെറുശിഖരം ഇട്ടശേഷം പാത്രം അടച്ചു സൂക്ഷിക്കുന്നു. 30 ദിവസത്തിനുശേഷം കല്‍ക്കണ്ടം കോരി എടുക്കാം. ഇത്‌ കഴുകി വെയിലത്തു വച്ച്‌ ഉണക്കുന്നു. ഉണങ്ങിയ കല്‍ക്കണ്ടം വലുപ്പത്തിനനുസരിച്ച്‌ നാലായി തരംതിരിക്കുന്നു.

4000 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ആര്യാവര്‍ത്തത്തിലെ ജനങ്ങള്‍ പനങ്കല്‍ക്കണ്ടം ഉപയോഗിച്ചിരുന്നു എന്ന്‌ രേഖകള്‍ തെളിയിക്കുന്നുണ്ട്‌. ജനനം, കാതുകുത്ത്‌, വിവാഹം തുടങ്ങിയ മംഗളാവസരങ്ങളില്‍ കല്‍ക്കണ്ടം വിതരണം ചെയ്യുന്ന പതിവ്‌ ഇന്ത്യയില്‍ പൊതുവേ കാണുന്നുണ്ട്‌. തമിഴ്‌ സിദ്ധവൈദ്യഗ്രന്ഥങ്ങളിലും സുശ്രുതസംഹിത തുടങ്ങിയ ആയുര്‍വേദഗ്രന്ഥങ്ങളിലും കല്‍ക്കണ്ടത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. വസൂരി, പൊക്കന്‍, മണ്ണന്‍ തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ടാല്‍ ശരീരത്തിനു തണുപ്പു നല്‌കാനായി പനങ്കല്‍ക്കണ്ടം നല്‌കാറുണ്ട്‌. കല്‍ക്കണ്ടവും കുരുമുളകും ചേര്‍ത്തു കഴിച്ചാല്‍ തൊണ്ടവേദന, ഒച്ചയടപ്പ്‌, ചുമ എന്നിവയ്‌ക്ക്‌ ആശ്വാസം കിട്ടും. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന മൂത്രാശയരോഗങ്ങള്‍ ശമിക്കുന്നതിന്‌ ചൂടുവെള്ളത്തില്‍ കല്‍ക്കണ്ടം അലിയിച്ച്‌ കഴിക്കുന്നതു നല്ലതാണ്‌. പനങ്കല്‍ക്കണ്ടം അലിയിച്ചു ചേര്‍ത്ത തണുത്ത ജലം കണ്ണില്‍ വീഴ്‌ത്തിയാല്‍ ചെങ്കണ്ണിന്‌ ശമനം ഉണ്ടാകും.

പഞ്ചസാരയ്‌ക്കു പകരമായി, ഒരു ഭക്ഷ്യപദാര്‍ഥമെന്ന നിലയിലും കല്‍ക്കണ്ടം ഉപയോഗിച്ചു വരുന്നു. നോ: പഞ്ചസാര

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍