This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‌ഹണന്‍ (1095 - 1170)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‌ഹണന്‍ (1095 - 1170)

എ.ഡി. 12-ാം ശ.ത്തില്‍ ജീവിച്ചിരുന്ന സംസ്‌കൃതകവിയും ചരിത്രകാരനും. കാശ്‌മീരം ഭരിച്ചിരുന്ന ഹര്‍ഷന്‍െറ മന്ത്രിമാരില്‍ ഒരാളായ ചമ്പകന്‍െറ മകനായിരുന്നു കല്‌ഹണന്‍. ഇദ്ദേഹം രാജ്യത്തുടനീളം സഞ്ചരിക്കുകയും ചരിത്രത്തെപ്പറ്റിയും പാരമ്പര്യങ്ങളെപ്പറ്റിയും അറിവു നേടുകയും ചെയ്‌തു. പിതാവ്‌ ശിവഭക്തനായിരുന്നു. തീര്‍ഥാടനങ്ങളില്‍ പുത്രന്‍ പിതാവിനെ അനുയാനം ചെയ്‌തു. ശൈവമതത്തെപ്പോലെതന്നെ ബൗദ്ധധര്‍മത്തെയും ഇദ്ദേഹം ആദരിച്ചു; ശാക്‌തമതത്തിലെ ബലിഹോമാദികളെ ഇദ്ദേഹം വിമര്‍ശിച്ചു. ബുദ്ധന്‍െറ അഹിംസാസിദ്ധാന്തം ഇദ്ദേഹത്തെ വളരെയേറെ സ്വാധീനിക്കുകയുണ്ടായി.

പ്രാചീനമധ്യകാല ഇന്ത്യയില്‍ ചരിത്രരചനയ്‌ക്ക്‌ ഗണ്യമായ പ്രാധാന്യം നല്‍കിയിട്ടില്ല എന്നൊരു വിമര്‍ശനമുണ്ട്‌. ചരിത്രപരമായ ഗ്രന്ഥങ്ങളുടെ അഭാവമാണ്‌ ഈ വിമര്‍ശനത്തിന്‌ കാരണം. എന്നാല്‍, കല്‌ഹണന്‍ രചിച്ച രാജതരംഗിണി എന്ന ഗ്രന്ഥം, ഇന്ത്യയുടെ ചരിത്രരചനാപാരമ്പര്യത്തിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌. രാജകീയ വംശാവലിയുടെ മാതൃകയില്‍ രചിക്കപ്പെട്ടിട്ടുള്ള ഈ കൃതി, അതിനാല്‍ ആധുനികകാലത്ത്‌ വളരെയേറെ ശ്രദ്ധേയമായിത്തീര്‍ന്നു.

കല്‌ഹണന്‍ രചിച്ച ചരിത്ര കാവ്യമാണ്‌ രാജതരംഗിണി. കാശ്‌മീരത്തിന്റെ രാജകീയ ചരിത്രമാണിതിലെ മുഖ്യ പ്രതിപാദ്യമെങ്കിലും അന്നത്തെ ഇന്ത്യയുടെ ചരിത്രവും ഇതിലടങ്ങിയിരിക്കുന്നു. ചരിത്രപരമായ കൃത്യതയും കാവ്യത്തിന്റെ സര്‍ഗാത്‌മകതയും സമന്വയിപ്പിക്കുകയാണ്‌ കല്‌ഹണന്‍ ഈ കൃതിയിലൂടെ നിര്‍വഹിച്ചിരിക്കുന്നത്‌. ഒരു ചരിത്രകാരന്റെ കര്‍ത്തവ്യത്തെപ്പറ്റി ഇദ്ദേഹം തികച്ചും ബോധവാനായിരുന്നു. സ്വകൃതിയുടെ പ്രാരംഭത്തില്‍ ഇദ്ദേഹമത്‌ വ്യക്തമാക്കിയിട്ടുണ്ടുതാനും: "സ്‌നേഹത്തിന്റെയോ വിരോധത്തിന്റെയോ പ്രരണയ്‌ക്കു വശംവദനാകാതെ ഒരു ന്യായാധിപന്റെ വിധിപ്രസ്‌താവംപോലെ ഭൂതകാല സംഭവങ്ങളെ രേഖപ്പെടുത്തുന്ന മഹാമനസ്‌കനായ ഒരു കവി മാത്രമേ പ്രശംസ അര്‍ഹിക്കുന്നുള്ളു'. മുന്‍കാലഘട്ടത്തെപ്പറ്റി മാത്രമല്ല, സമകാലിക ചരിത്രത്തെ സംബന്ധിച്ചും ഈ നിഷ്‌പക്ഷത പാലിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്‌. സ്വന്തം കുടുംബത്തിന്റെ ഔന്നത്യത്തിനു കാരണക്കാരന്‍ ഹര്‍ഷരാജാവായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഭരണം പില്‌ക്കാലത്ത്‌ ജനദ്രാഹപരമായിത്തീര്‍ന്നപ്പോള്‍ അതിനെതിരായി ശബ്‌ദമുയര്‍ത്താന്‍ കല്‌ഹണന്‍ മടി കാണിച്ചില്ല. കൊട്ടാരങ്ങളില്‍ സര്‍വസാധാരണമായിരുന്ന കൊലകളും ചതികളും ഗൂഢാലോചനകളും അധികാരമത്സരങ്ങളും ഇതില്‍ വിവരിക്കുന്നുണ്ട്‌. മഹാകാവ്യമായ രാജതരംഗിണി എട്ടു സര്‍ഗങ്ങളിലായി നിബന്ധിച്ചിരുന്നു. ആദ്യഭാഗത്തെക്കാള്‍ മെച്ചമാണ്‌ രണ്ടാമത്തേത്‌. കാശ്‌മീരത്തിന്റെ പൗരാണിക പ്രതാപം വിവരിച്ചുകൊണ്ട്‌ അശോക രാജാവിന്റെ ഭരണത്തോടെ ആരംഭിക്കുന്ന കാവ്യം സമകാലിക രാജാവായ ജയസിംഹന്റെ സ്വകാര്യ ജീവിതവര്‍ണനയോടെ അവസാനിക്കുന്നു. 1000 വര്‍ഷത്തെ ചരിത്രം ഇതിലടങ്ങിയിരിക്കുന്നു. അനശ്വരമായ കവിയശസ്സു നേടുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം.

കാശ്‌മീരത്തിന്റെ പൗരാണികത കണ്ടെത്താന്‍ കല്‌ഹണന്‍ രാമായണമഹാഭാരത കാലഘട്ടത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. ശ്രീരാമന്‍ ലവനും കുശനും ആയി വിഭജിച്ചുകൊടുത്ത രാജ്യത്തെക്കുറിച്ചും രാജസഭകളിലും രണഭൂമിയിലും സ്‌ത്രീകള്‍ സന്നിഹിതരായി പങ്കുകൊണ്ടിരുന്നതിനെക്കുറിച്ചും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ഇവിടെ അവിശ്വസനീയമായ നാടോടിക്കഥകള്‍ക്ക്‌ ഇദ്ദേഹം ചരിത്ര സത്യത്തിന്റെ മുഖമുദ്ര നല്‌കുന്നു. എന്നാല്‍ സ്വന്തം കാലഘട്ടത്തോടടുക്കുമ്പോള്‍ കല്‌ഹണന്റെ ചരിത്രാവബോധം വസ്‌തുസ്‌ഥിതമാകുന്നുണ്ട്‌.

ചരിത്രപരമായ സൂക്ഷ്‌മതയും നിരീക്ഷണവും പാലിക്കുമ്പോള്‍ തന്നെ, താന്‍ ഒരു കാവ്യം രചിക്കുകയാണെന്ന ബോധം കല്‌ഹണനുണ്ടായിരുന്നു. ചരിത്രകാരനും കവിയും ആത്യന്തികമായി ഒരു ഏകീകൃത വീക്ഷണത്തിലൂടെ ഒറ്റ വ്യക്തിയായി മാറുന്നു. കല്‌ഹണന്റെ ജീവിതദര്‍ശനം കര്‍മോന്മുഖമാണ്‌. കര്‍ത്തവ്യത്തില്‍ നിന്നുള്ള പലായനത്തെ ഇദ്ദേഹം നിരാകരിച്ചു. കാവ്യത്തിന്റെ രചനാസങ്കേതമുപയോഗിച്ചു കൊണ്ട്‌ കാശ്‌മീരത്തിലെ രാജവംശങ്ങളുടെയും ഭരണത്തിന്റെയും വൃദ്ധിക്ഷയങ്ങള്‍ കാലാനുക്രമമായി വിവരിക്കുന്ന കൃതിയാണ്‌ രാജതരംഗിണി. വിശ്വസനീയങ്ങളായ ചരിത്രരേഖകള്‍ ഉള്‍ക്കൊള്ളുന്ന രാജതരംഗിണി പില്‌ക്കാലത്തെ ചരിത്രകാരന്മാര്‍ക്ക്‌ മാര്‍ഗദര്‍ശകമായിത്തീര്‍ന്നു. മന്ത്രത്തിലും കര്‍മത്തിലും ദുശ്ശകുനങ്ങളിലും വിശ്വസിച്ചുപോയി എന്നതുകൊണ്ട്‌ പാശ്‌ചാത്യചരിത്രകാരന്മാര്‍ ഇദ്ദേഹത്തെ ചരിത്രകാരനായി അംഗീകരിക്കുന്നില്ല. രാജതരംഗിണി ചരിത്രം മാത്രമല്ല, കവിതയും കൂടിയാണെന്ന അഭിപ്രായമാണ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവിനുള്ളത്‌.

"ആനുകാലിക ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്ന നിരവധി ജനാലകളാണ്‌ അദ്ദേഹത്തിന്റെ പദ്യങ്ങള്‍' എന്നാണ്‌ ഈ കൃതിയുടെ വിവര്‍ത്തകനായ ആര്‍.എസ്‌.പണ്ഡിറ്റ്‌ വിശേഷിപ്പിച്ചിട്ടുള്ളത്‌. ഹര്‍ഷന്റെ വധം കല്‌ഹണനെ ദുഃഖിതനാക്കി. തികഞ്ഞ ഈശ്വരവിശ്വാസിയായ ഇദ്ദേഹം അര്‍ധനാരീശ്വരസ്‌തോത്രം രചിച്ചു.

ജയസിംഹാഭ്യുദയം എന്നൊരു കാവ്യം കൂടി കല്‌ഹണന്‍ രചിച്ചതായിട്ടാണ്‌ കാശ്‌മീരിലെ വിശ്വാസം. ജയസിംഹരാജാവിന്റെ നേട്ടങ്ങളാണ്‌ അതിലെ പ്രതിപാദ്യം. നോ: രാജതരംഗിണി

(വി.ആര്‍. പരമേശ്വരന്‍ പിള്ള; അരുമാനൂര്‍ നിര്‍മലാനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍