This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‌മാഷപാദന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‌മാഷപാദന്‍

ഒരു പുരാണ കഥാപാത്രം. സൂര്യവംശരാജാവും നളകഥയിലെ പതാകാനായകനുമായ ഋതുപര്‍ണന്റെ പൗത്രനും സുദാസന്റെ പുത്രനുമാണ്‌ കല്‌മാഷപാദന്‍. മിത്രസഹന്‍ എന്നായിരുന്നു ഈ രാജാവിന്റെ യഥാര്‍ഥ പേര്‌; ഭാര്യയുടെ പേര്‌ ദമയന്തി എന്നും. മിത്രസഹന്‍ കല്‌മാഷപാദനെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതിനെക്കുറിച്ച്‌ പുരാണേതിഹാസങ്ങളില്‍ വ്യത്യസ്‌തങ്ങളായ പരാമര്‍ശങ്ങളുണ്ട്‌. ഇവയെല്ലാം മുനിശാപങ്ങളുമായി ബന്ധപ്പെട്ടവയാണ്‌. ഒരിക്കല്‍ നായാട്ടിനിടയ്‌ക്കു വനത്തില്‍ വച്ച്‌ വസിഷ്‌ഠപുത്രനായ ശക്തിയെ ദേഹോപദ്രവമേല്‌പിച്ചതിനാല്‍ ശപിക്കപ്പെട്ട്‌ പന്ത്രണ്ടുവര്‍ഷക്കാലം മിത്രസഹന്‍ കല്‌മാഷപാദനെന്ന രാക്ഷസനായി കാട്ടില്‍ അലഞ്ഞു നടന്നുവെന്ന്‌ മഹാഭാരതത്തില്‍ (ആദിപര്‍വം) പരാമര്‍ശിച്ചിട്ടുണ്ട്‌. ഈ രാജാവിനോട്‌ ശത്രുത പുലര്‍ത്തിയിരുന്ന ഒരു രാക്ഷസന്‍ വേഷംമാറി ഇദ്ദേഹത്തിന്റെ പാചകനായിക്കൂടിയെന്നും അവന്‍ ചതിക്കാന്‍ കരുതിക്കൂട്ടി തയ്യാറാക്കിയ നരമാംസക്കറി രാജാവ്‌ വസിഷ്‌ഠന്‌ ഭക്ഷിക്കാന്‍ കൊടുത്തുവെന്നും കുപിതനായ മഹര്‍ഷി രാജാവിനെ ശപിച്ച്‌ രാക്ഷസനാക്കിയെന്നുമുള്ള കഥയാണ്‌ ഉത്തരരാമായണം വിവരിക്കുന്നത്‌. വസിഷ്‌ഠനെ പകരം ശപിക്കാന്‍ കൈക്കുമ്പിളില്‍ വഹിച്ച ജലം രാജാവ്‌ രാജ്ഞിയുടെ അപേക്ഷപ്രകാരം പ്രതിശാപത്തിന്‌ ഉപയോഗിക്കാതെ തന്റെ കാലില്‍ തന്നെ തളിച്ച്‌ അതിന്‌ രൂപാന്തരം വരുത്തിയതു കൊണ്ടാണ്‌ കല്‌മാഷപാദന്‍ എന്ന പേര്‌ ഇദ്ദേഹത്തിനു കിട്ടിയതെന്നാണ്‌ ശിവപുരാണത്തിലെ കഥ (കല്‌മാഷം കറുത്തത്‌, കളങ്കിതം, കറ പുരണ്ടത്‌). രാക്ഷസജീവിതം നയിക്കുന്നതിനിടയ്‌ക്ക്‌ ഈ രാജാവ്‌ വസിഷ്‌ഠന്റെ ആറു പുത്രന്മാരെയും പിടിച്ചുതിന്നുകയുണ്ടായി (മഹാഭാരതം ആദിപര്‍വം). സംയോഗത്തിലേര്‍പ്പെട്ടിരുന്ന ബ്രാഹ്മണമിഥുനത്തില്‍ യുവാവിനെ കൊന്നതിനാല്‍ സ്‌ത്രീസ്‌പര്‍ശം ഉണ്ടാകുമ്പോള്‍ മരണം ഭവിക്കട്ടെ എന്ന്‌ ഒരു ബ്രാഹ്മണിയും കല്‌മാഷപാദനെ ശപിച്ചിട്ടുണ്ട്‌ (ശിവപുരാണം). ഒടുവില്‍ വസിഷ്‌ഠന്‍ തന്നെ ഇദ്ദേഹത്തെ ശാപമുക്തനാക്കിയെങ്കിലും ബ്രാഹ്മണിയുടെ ശാപത്തില്‍ നിന്ന്‌ ഇദ്ദേഹത്തിന്‌ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വംശം അന്യംനിന്നുപോകാതിരിക്കാന്‍ വസിഷ്‌ഠന്‍തന്നെയാണ്‌ രാജപത്‌നിയില്‍ പുത്രാത്‌പാദനം നടത്തിയതെന്ന്‌ മഹാഭാരതം വിവരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍