This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‌പസൂത്രങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‌പസൂത്രങ്ങള്‍

ശ്രൗതഗൃഹ്യധര്‍മ സൂത്രങ്ങള്‍ക്കുള്ള പൊതുവായ പേര്‌. ശ്രൗതസൂത്രം, ഗൃഹ്യസൂത്രം, ധര്‍മസൂത്രം, ശുല്‌ബസൂത്രം എന്നിവയുടെ സമുദായമാണ്‌ കല്‌പസൂത്രം. ആറു വേദാംഗങ്ങളില്‍ പ്രാമുഖ്യമര്‍ഹിക്കുന്ന അംഗം. "കല്‌പോ വേദവിഹിതാനാം കര്‍മണാമാനുപൂര്‍വേണ കല്‌പനാ' (വേദവിഹിതങ്ങളായ കര്‍മങ്ങളെ പൗര്‍വാപര്യക്രമമനുസരിച്ചു കല്‌പിക്കുന്നതാണ്‌ കല്‌പം). വേദോപദിഷ്ടമായ കര്‍മകാണ്ഡമാണ്‌ അവയുടെ പ്രതിപാദ്യ വിഷയം. സംഹിതയും ബ്രാഹ്മണവും ഉപനിഷത്തും അപൗരുഷേയമത്ര. എന്നാല്‍ ബ്രാഹ്മണ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളെ ശിഷ്ടാചാരക്രമമനുസരിച്ചു വ്യവസ്ഥ ചെയ്യുന്ന സൂത്രഗ്രന്ഥങ്ങള്‍ പൗരുഷേയങ്ങളാണ്‌. കല്‌പസൂത്രഗ്രന്ഥങ്ങളില്‍ അതിപ്രാചീനങ്ങളായവ ബി.സി. 500നും 200നും മധ്യേയാണ്‌ രചിക്കപ്പെട്ടിരുന്നതെന്ന്‌ കരുതപ്പെടുന്നു. ആസ്‌തിക ധര്‍മത്തിന്‌ എതിരായ ബൗദ്ധ ധര്‍മത്തിന്റെ പ്രചാരത്തെ തടയുവാനും വൈദിക ധര്‍മത്തെ വ്യവസ്ഥിതമാക്കി പ്രചരിപ്പിക്കുവാനും രചിക്കപ്പെട്ടവയാണ്‌ കല്‌പസൂത്രങ്ങള്‍.

വേദങ്ങളുടെ ശാഖാഭേദമനുസരിച്ച്‌ കല്‌പസൂത്രങ്ങളും ഭിന്നങ്ങളായിത്തീരുന്നു. ശ്രൗതസൂത്ര ഗ്രന്ഥങ്ങളാണ്‌ എണ്ണത്തില്‍ കൂടുതലായി കാണുന്നത്‌. ഗൃഹ്യസൂത്രവും ധര്‍മസൂത്രവും താരതമ്യേന എണ്ണത്തില്‍ കുറവാണ്‌. ശാംഖായതം, ആശ്വലായനം എന്നിവ ഋഗ്വേദീയങ്ങളും മശകം (ആഷേയകല്‌പം), ലാടായനം, ദ്രാഹ്യായണം എന്നിവ സാമവേദീയങ്ങളും കാത്യായനം ശുക്ലയജുര്‍ വേദീയവും ആപസ്‌തംബം, ബൗധായനം, മാനവീയം, വൈഖാനസം എന്നിവ കൃഷ്‌ണയജുര്‍വേദീയങ്ങളും വൈതാനം അഥര്‍വ വേദീയവും ആയ ശ്രൗതസൂത്ര ഗ്രന്ഥങ്ങളാണ്‌. ഇവയില്‍ അഗ്‌ന്യാധാനം, അഗ്‌നിഹോത്രം മുതലായ ഏഴു ഹവിഃസംസ്ഥങ്ങളായ കര്‍മങ്ങളും അഗ്‌നിഷ്‌ടോമം, ഉക്‌ഥ്യം, ഷോഡശി മുതലായ ഏഴു സോമസംസ്ഥങ്ങളായ കര്‍മങ്ങളും വിസ്‌തരിച്ചു പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. അംഗഭൂതങ്ങളായ അനേകം പശുയാഗങ്ങള്‍, വികൃതിയാഗങ്ങള്‍ മുതലായവയും അവയുടെ അനുഷ്‌ഠാനക്രമവും ശ്രൗതസൂത്ര ഗ്രന്ഥങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌.

ബ്രാഹ്മണഗ്രന്ഥങ്ങളില്‍ ഗൃഹ്യ കര്‍മങ്ങളെ പ്രതിപാദിച്ചിട്ടില്ല. പരമ്പരാഗതമായ ശിഷ്ടാചാരങ്ങളെ അവലംബിച്ച്‌ ജാതകര്‍മം മുതല്‍ ശ്‌മശാനം വരെയുള്ള ഗൃഹ്യകര്‍മങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ്‌ ഗൃഹ്യ സൂത്രങ്ങള്‍. ആ കര്‍മങ്ങള്‍ ആവസ്ഥയാഗ്‌നിയിലോ, വൈവാഹികാഗ്‌നിയിലോ അനുഷ്‌ഠിക്കേണ്ടവയാണ്‌. ശ്രൗതകര്‍മങ്ങള്‍ വൈതാനാഗ്‌നി സാധ്യങ്ങളാണ്‌. ഗര്‍ഭാധാനം മുതല്‍ വിവാഹം വരെയുള്ളവ ശരീര സംസ്‌കാരങ്ങളാണ്‌. മറ്റു സംസ്‌കാരങ്ങള്‍ യജ്ഞരൂപങ്ങളാണ്‌. നാല്‌പത്‌ സംസ്‌കാരങ്ങളാണ്‌ ഗൃഹ്യസൂത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളത്‌. ശാങ്കായനം ഋഗ്വേദീയവും ഗോഭിലം സാമവേദീയവും പാരസ്‌കര ഗൃഹ്യസൂത്രം ശുക്ലയജുര്‍വേദീയവും ആപസ്‌തംബാദികളായ ഏഴെണ്ണം കൃഷ്‌ണയജുര്‍വേദീയവും, കൗശിക ഗൃഹ്യസൂത്രം അഥര്‍വ വേദീയവും ആണ്‌. സ്‌മൃതി മൂലകങ്ങളായ ധര്‍മങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ ധര്‍മസൂത്രങ്ങള്‍ എന്നറിയപ്പെടുന്നു. വര്‍ണാശ്രമ ധര്‍മങ്ങളെ പ്രാധാന്യേനയും ലൗകിക വ്യവഹാരധര്‍മങ്ങളെ ഗൗണമായും അവയില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ഇവയും പ്രാചീനങ്ങളാണ്‌. ആപസ്‌തംബീയം, ഹിരണ്യകേശീയം, ഗൗതമീയം എന്നീ മൂന്നു ധര്‍മ സൂത്രളാണ്‌ ഇപ്പോള്‍ പ്രചാരത്തില്‍ കാണുന്നത്‌.

യാഗവേദിയുടെ അളവ്‌, നിര്‍മാണം മുതലായ ക്രിയാസംബന്ധികളായ വിഷയങ്ങളെ പ്രതിപാദിക്കുന്ന ശുല്‌ബ സൂത്രങ്ങളും കല്‌പസൂത്രങ്ങളില്‍ ഉള്‍പ്പെടുന്നു. അവ ക്ഷേത്രഗണിതത്തില്‍ പ്രാചീന ഭാരതീയര്‍ക്കുണ്ടായിരുന്ന പ്രാവീണ്യം വ്യക്തമാക്കുന്നവയാണ്‌. ആപസ്‌തംബ കല്‌പസൂത്രത്തിലെ പതിമൂന്നാമത്തെയും ഒടുവിലത്തെയും ആയ പ്രശ്‌നങ്ങള്‍ ശുല്‌ബസൂത്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്‌.

(ആര്‍. വാസുദേവന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍