This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‌പവൃക്ഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‌പവൃക്ഷം

പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന, ദേവലോകത്ത്‌ ഉണ്ടെന്ന്‌ സങ്കല്‌പിക്കപ്പെടുന്ന ഒരു വൃക്ഷം. ഒരു കല്‌പകാലം മുഴുവന്‍ നില്‌ക്കുന്ന വൃക്ഷം ആയതുകൊണ്ടാണ്‌ ഇതിനെ കല്‌പവൃക്ഷമെന്നു പറയുന്നത്‌. ആഗ്രഹിക്കുന്ന പദാര്‍ഥങ്ങള്‍ എന്തും പ്രദാനം ചെയ്യുവാനുള്ള ശക്തി ഈ വൃക്ഷത്തിനുണ്ടെന്നാണ്‌ പുരാണേതിഹാസങ്ങളിലും മറ്റു പ്രാചീന സാഹിത്യകൃതികളിലും വര്‍ണിക്കപ്പെട്ടിരിക്കുന്നത്‌. മറ്റു ദേവവൃക്ഷങ്ങളാണ്‌ മന്ദാരം, പാരിജാതം, സന്താനം, ഹരിചന്ദനം എന്നിവ.

"പഞ്ചൈതേ ദേവതരവോ
മന്ദാരഃ പാരിജാതകഃ
സന്താനഃ കല്‌പവൃക്ഷശ്‌ച
പുംസിവാ ഹരിചന്ദനം'
 

എന്നാണ്‌ കോശവാക്യം. പാലാഴിമഥനവേളയില്‍ ലഭിച്ച അദ്‌ഭുതവസ്‌തുക്കളുടെ കൂട്ടത്തില്‍ കല്‌പവൃക്ഷവും ഉള്‍പ്പെട്ടിരുന്നു (അഗ്‌നിപുരാണം, അധ്യായം 3) എന്നതു കൊണ്ട്‌ പാല്‍ക്കടലില്‍ നിന്നാണ്‌ കല്‌പവൃക്ഷം ഉണ്ടായതെന്നു വിശ്വസിക്കപ്പെടുന്നു. "കല്‌പയതി സര്‍വകാമം സംപാതയതി ഇതി കല്‌പഃ' എന്നാണ്‌ കല്‌പപദത്തിന്റെ വ്യുത്‌പത്തി. കല്‌പപാദപദാനം ഒരു മഹാദാനമായി കല്‌പിക്കപ്പെട്ടിരിക്കുന്നു. എല്ലാ പാതകങ്ങളെയും നശിപ്പിക്കാന്‍ അതിനു കഴിയുമത്ര. പുണ്യദിവസങ്ങളില്‍ സ്വര്‍ണം കൊണ്ട്‌ നനാശാഖകളോടുകൂടിയ വൃക്ഷം നിര്‍മിക്കണം. പലതരം പക്ഷികളെയും അതില്‍ കോര്‍ത്തുവയ്‌ക്കണം. കഴിവനുസരിച്ച്‌ മൂന്നു പലം മുതല്‍ ആയിരം പലം വരെ സ്വര്‍ണം ആകാമെന്നാണ്‌ വ്യവസ്ഥ. ഈ കല്‌പവൃക്ഷത്തെ വെള്ളവസ്‌ത്രം കൊണ്ടു പൊതിഞ്ഞ്‌ ഇടങ്ങഴി ശര്‍ക്കരയ്‌ക്കു മുകളില്‍ വച്ച്‌ ദാനം ചെയ്യണം. വിവിധതരം കല്‌പവൃക്ഷങ്ങളെക്കുറിച്ചു പുരാണങ്ങളില്‍ പ്രസ്‌താവിച്ചു കാണുന്നു. കാളിദാസന്‍ തുടങ്ങിയ സംസ്‌കൃതമഹാകവികള്‍ കല്‌പവൃക്ഷങ്ങളെ പ്രകീര്‍ത്തിച്ചു പാടിയിട്ടുണ്ട്‌. കേരത്തെ (തെങ്ങിനെ) കേരളത്തിലെ കല്‌പവൃക്ഷം എന്നാണു പറയുന്നത്‌.

(അരുമാനൂര്‍ നിര്‍മലാനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍