This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‌പനാ ചാവ്‌ള (1961 - 2003)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‌പനാ ചാവ്‌ള (1961 - 2003)

കല്‌പനാ ചാവ്‌ള

ഇന്ത്യന്‍ വംശജയായ ആദ്യത്ത ബഹിരാകാശ യാത്രിക. രാകേഷ്‌ ശര്‍മയ്‌ക്കുശേഷം ബഹിരാകാശയാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ്‌ കല്‌പന. 1984ല്‍ സോവിയറ്റ്‌ ബഹിരാകാശ പേടകത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ്‌ രാകേഷ്‌ശര്‍മ യാത്ര ചെയ്‌തത്‌. എന്നാല്‍ കല്‌പന ചാവ്‌ള യു.എസ്സിനെ പ്രതിനിധീകരിച്ച അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായിരുന്നു. 2003 ഫെ. 1ന്‌ നാസയുടെ "കൊളംബിയ' പേടകം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇവര്‍ മരണമടഞ്ഞു.

1961 ജൂല. 1ന്‌ ഹരിയാനയിലെ കര്‍ണാലില്‍, ബന്‍സാരിലാല്‍ ചാവ്‌ളസന്‍ജോഗ്‌ന ദമ്പതികളുടെ നാലു മക്കളില്‍ ഇളയവളായി കല്‌പന ജനിച്ചു. ജന്മദേശത്തെ ടാഗോര്‍ പബ്ലിക്‌ സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇവര്‍ 1982ല്‍ ചാണ്ഡിഗഢിലെ പഞ്ചാബ്‌ എഞ്ചിനീയറിങ്‌ കോളജില്‍ നിന്നും ഏയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം കരസ്ഥമാക്കി. 1984ല്‍ ടെക്‌സാസ്‌ സര്‍വകലാശാലയില്‍ നിന്നും എയ്‌റോ സ്‌പേസ്‌ എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദവും നേടി. 1988ല്‍ കൊളറാഡോ സര്‍വകലാശാലയില്‍നിന്നും ഇതേ വിഷയത്തില്‍ പിഎച്ച്‌.ഡി. ബിരുദവും നേടി. ആ വര്‍ഷത്തില്‍ത്തന്നെ "നാസ'യുടെ ആംഡ്‌ റിസര്‍ച്ച്‌ സെന്ററില്‍ സേവനമാരംഭിച്ച ഇവര്‍ 1995ല്‍ നാസയുടെ ബഹിരാകാശ സഞ്ചാരവിഭാഗത്തിലേക്ക്‌ (Astronaut Corps) തിരഞ്ഞെടുക്കപ്പെട്ടു.

ഇതിനിടെ, 1988ല്‍ കല്‌പനാ ചാവ്‌ളയ്‌ക്ക്‌ യു.എസ്‌. പൗരത്വം ലഭിച്ചു. കൊളറാഡോ സര്‍വകലാശാലയിലെ പഠനകാലത്ത്‌ പരിചയപ്പെട്ട ഴാന്‍ പീറ്റര്‍ ഹാരിസന്‍ എന്നയാളെ വിവാഹം ചെയ്‌തതോടെയായിരുന്നു ഇത്‌. പിന്നീട്‌ ഇന്ത്യയിലേക്ക്‌ വളരെ വിരളമായേ ഇവര്‍ വന്നിട്ടുള്ളു. എങ്കിലും മാതൃരാജ്യത്തോടുള്ള ആത്മബന്ധം നിലനിര്‍ത്തുന്നതില്‍ ഇവര്‍ എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്നു. എല്ലാവര്‍ഷവും യോഗ്യരായ രണ്ട്‌ വിദ്യാര്‍ഥികള്‍ക്ക്‌ നാസ സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യം ഇവര്‍ ഏര്‍പ്പാട്‌ ചെയ്‌തിരുന്നു. 1992ലെ പുതുവത്സര ദിനത്തിലാണ്‌ കല്‌പനാ ചാവ്‌ള അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്‌.

1998ലെ കൊളംബിയ ബഹിരാകാശ പര്യവേക്ഷണ പദ്ധതിയുടെ യാത്രാസംഘത്തിലേക്ക്‌ "നാസാ' കല്‌പനാ ചാവ്‌ളയെയും നിര്‍ദേശിച്ചതോടെ, ഇവര്‍ക്ക്‌ ആദ്യ ബഹിരാകാശ യാത്രയ്‌ക്കുള്ള അവസരമൊരുങ്ങി. 1997 ന. 19നാണ്‌ ചാവ്‌ളയുള്‍പ്പെടെയുള്ള ആറംഗസംഘം ബഹിരാകാശയാത്ര തുടങ്ങിയത്‌. അവര്‍ 252 തവണ ഭൂമിയെ പ്രദക്ഷിണംവച്ചു; 360 മണിക്കൂര്‍ ഇവര്‍ ബഹിരാകാശത്ത്‌ ചെലവഴിച്ചു. വിജയകരമായ കൊളംബിയ ദൗത്യത്തിനുശേഷം നാസയുടെ അസ്‌ട്രാനറ്റ്‌ വിഭാഗത്തിന്റെ സാങ്കേതിക വകുപ്പില്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു. 2000ല്‍ കല്‌പനാ ചാവ്‌ളയ്‌ക്ക്‌ ബഹിരാകാശ യാത്രയ്‌ക്ക്‌ ഒരിക്കല്‍ക്കൂടി അവസരമൊരുങ്ങി. സാങ്കേതിക തകരാറുകള്‍ കാരണം പല തവണ യാത്രാ പദ്ധതി മാറ്റിവച്ചെങ്കിലും ഒടുവില്‍, 2003 ജനു. 16ന്‌ ദൗത്യസംഘം യാത്രതിരിച്ചു. എന്നാല്‍, ബഹിരാകാശത്തും വാഹനത്തിലെ പിഴവുകളും സാങ്കേതികത്തകരാറുകളും ആവര്‍ത്തിക്കുകയും അതൊരു അപകടത്തില്‍ കലാശിക്കുകയുമായിരുന്നു. 2003 ഫെ. 1ന്‌ പേടകം ഭൂമിയില്‍ തിരിച്ചെത്തുന്നതിന്റെ 16 മിനിട്ട്‌ മുന്‍പ്‌ ഉണ്ടായ അപകടത്തില്‍ കല്‌പനാ ചാവ്‌ളയോടൊപ്പം മുഴുവന്‍ യാത്രികരും കൊല്ലപ്പെട്ടു. ഈ യാത്രയില്‍ ദൗത്യസംഘം 16 ദിവസം ബഹിരാകാശത്ത്‌ ചെലവഴിച്ചു. രണ്ട്‌ യാത്രകളിലുമായി കല്‌പനാ ചാവ്‌ള 31 ദിവസവും 14 മണിക്കൂറും 54 മിനിറ്റും ബഹിരാകാശത്ത്‌ ചെലവിട്ടു.

കോണ്‍ഗ്രഷണല്‍ സ്‌പേസ്‌ മെഡല്‍ ഒഫ്‌ ഓണര്‍ (Congressional Space Medal of Honour), നാസ സ്‌പേസ്‌ ഫ്‌ളൈറ്റ്‌ മെഡല്‍, നാസ ഡിസ്റ്റിന്‍ഗ്വിഷ്‌ഡ്‌ സര്‍വീസ്‌ മെഡല്‍ (NASA Distinguished Service Medal) തുടങ്ങിയവ കല്‌പനാ ചാവ്‌ളയ്‌ക്ക്‌ ലഭിച്ച മരണാനന്തര ബഹുമതികളാണ്‌. കല്‌പന ചാവ്‌ളയുടെ സ്‌മരണാര്‍ഥം, നാസ, ഒരു സൂപ്പര്‍ കംപ്യൂട്ടര്‍ അവര്‍ക്കാണ്‌ സമര്‍പ്പിച്ചിട്ടുള്ളത്‌. ടെക്‌സാസ്‌ സര്‍വകലാശാലയിലെ ഇന്ത്യന്‍ സ്റ്റുഡന്‍സ്‌ അസോസിയേഷന്‍ ഇവരുടെ പേരില്‍ മികച്ച ബിരുദ വിദ്യാര്‍ഥികള്‍ക്കായി ഒരു സ്‌കോളര്‍ഷിപ്പ്‌ (കല്‌പന ചാവ്‌ള മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്‌) ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 2004 മുതല്‍, കര്‍ണാടക സര്‍ക്കാര്‍, ഇവരുടെ സ്‌മരണയ്‌ക്കായി മികച്ച യുവശാസ്‌ത്രജ്ഞയ്‌ക്കുള്ള പുരസ്‌കാരം (കല്‌പനാ ചാവ്‌ള അവാര്‍ഡ്‌) നല്‍കി വരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍