This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‌പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‌പം

1. ഭൗമായുസ്സിലെ ഒരു സുനിര്‍വചിത സമയമാത്ര. മഹാകല്‌പ (era) കാലത്തെയാണ്‌ കല്‌പ(period)ങ്ങളായി വിഭജിച്ചിട്ടുള്ളത്‌. സു. 460 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ രൂപംകൊണ്ടുവെന്നു കരുതപ്പെടുന്ന ഭൂഗോളത്തിന്റെ, ഇന്നു മുതല്‍ സു. 60 കോടി വര്‍ഷം മുമ്പുവരേക്കുള്ള ചരിത്രം താരതമ്യേന വ്യക്തമാണ്.(നോ: ഭൂവിജ്ഞാന സമയപ്പട്ടിക) സാര്‍വദേശീയാംഗീകാരമുള്ള ഭൂവിജ്ഞാന സമയപ്പട്ടിക(Geological Time Scale)യില്‍ ഭൗമായുസ്സിലെ ഇന്നു മുതല്‍ അറുപതുകോടി വര്‍ഷം മുമ്പുവരെയുള്ള കാലത്തെ, പാലിയോസോയിക്‌ (സു. 37.5 കോടി വര്‍ഷക്കാലം), മീസോസോയിക്‌ (സു. 16 കോടി വര്‍ഷക്കാലം), സീനോസോയിക്‌ (സു. 6.5 കോടി വര്‍ഷക്കാലം) എന്നിങ്ങനെ മൂന്നു മഹാകല്‌പങ്ങളായി വിഭജിച്ചിരിക്കുന്നു. പാലിയോസോയിക്‌ മഹാകല്‌പ കാലം കാംബ്രിയന്‍, ഓര്‍ഡോവിഷന്‍, സെലൂറിയന്‍, ഡെവോണിയന്‍, കാര്‍ബോണിഫെറസ്‌, പെര്‍മിയന്‍ എന്നീ ആറ്‌ കല്‌പങ്ങളായും; മീസോസോയിക്‌ മഹാകല്‌പകാലം ട്രയാസിക്‌, ജൂറാസിക്‌, ക്രറ്റേഷ്യസ്‌ എന്നിങ്ങനെ മൂന്നു കല്‌പങ്ങളായും; സീനോസോയിക്‌ മഹാകല്‌പകാലം ടെര്‍ഷ്യറി, ക്വാട്ടെര്‍നറി എന്നീ രണ്ടു കല്‌പങ്ങളായും വിഭക്തമാണ്‌. ഭൗമായുസ്സിലെ ഈ ബൃഹദ്‌മാത്രകള്‍ക്ക്‌ സ്ഥിരമായ സമയ ദൈര്‍ഘ്യമില്ല. ഉദാഹരണത്തിന്‌ കാംബ്രിയന്‍ കല്‌പം സു. 700 ലക്ഷം വര്‍ഷക്കാലം നിലനിന്നപ്പോള്‍ ട്രയാസിക്‌ കല്‌പം 350 ലക്ഷം വര്‍ഷക്കാലമാണ്‌ നീണ്ടുനിന്നത്‌. ഇന്നും തുടരുന്നതും ഏറ്റവും ഒടുവിലത്തേതുമായ ക്വാട്ടെര്‍നറി കല്‌പം സമാരംഭിച്ചിട്ട്‌ 25 ലക്ഷം വര്‍ഷംപോലും ആയിട്ടില്ല. കല്‌പകാലത്തിന്റെ പരിധി വന്‍കരാടിസ്ഥാനത്തിലും പ്രാദേശികമായും അല്‌പമായ വ്യതിയാനങ്ങള്‍ക്കു വിധേയമാണ്‌. കല്‌പകാലത്തെ യുഗ(epoch)ങ്ങളായും വിഭജിച്ചിട്ടുണ്ട്‌. ഭൗമോത്‌പത്തി മുതല്‍ 60 കോടി വര്‍ഷം മുമ്പുവരേക്കുള്ള ഭൗമചരിത്രം തികച്ചും അവ്യക്തമാണ്‌. പ്രീകാംബ്രിയന്‍ എന്നു പൊതുവില്‍ വിശേഷിപ്പിച്ചു വരുന്ന ഈ കാലഘട്ടത്തെ കല്‌പങ്ങള്‍ പോലുള്ള സമയമാത്രകളായി വിഭജിക്കാനായിട്ടില്ല.

2. പതിനാലു മനുക്കളുടെ കാലം. കല്‌പാന്തത്തില്‍ പ്രളയം. സ്വായംഭുവന്‍, സ്വാരോചിഷന്‍, ഉത്തമന്‍, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, ശ്രാദ്ധദേവന്‍, സാവര്‍ണി, ദക്ഷസാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദേവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിവരാണ്‌ 14 മനുക്കള്‍. ഓരോ മന്വന്തരത്തിലും 71 ചതുര്‍ യുഗങ്ങളാണുള്ളത്‌. കൃത, ത്രതാ, ദ്വാപര, കലി എന്നീ നാലു യുഗങ്ങള്‍ ചേര്‍ന്നത്‌ ഒരു മഹായുഗമെന്നും 1,000 മഹായുഗങ്ങള്‍ ചേര്‍ന്നത്‌ ഒരു കല്‌പമെന്നും പറയപ്പെടുന്നു. കല്‌പകാലം ബ്രഹ്മാവിന്റെ ഒരു ദിവസമാണ്‌. മേടം രാശിയില്‍ എല്ലാ ഗ്രഹങ്ങളും ഒന്നിച്ചു നില്‌ക്കുമ്പോള്‍ കല്‌പം ആരംഭിക്കുന്നു; വീണ്ടും ആ രാശിയില്‍ ഗ്രഹങ്ങള്‍ ഒന്നിക്കുമ്പോള്‍ കല്‌പം അവസാനിക്കുന്നു. ഇപ്പോഴത്തെ കല്‌പം ശ്വേതവരാഹനാമകമാണ്‌. ഓരോ മനുവിന്റെയും കാലത്തില്‍ ഇന്ദ്രന്‍, സപ്‌തര്‍ഷികള്‍ ഇവരെല്ലാം മാറിമാറി വരുന്നു. മനുക്കളെക്കുറിച്ചുള്ള പ്രതിപാദനങ്ങളിലും വൈഭിന്യം കാണുന്നുണ്ട്‌. ഒന്നാമത്തെ മനുവായ സ്വായംഭുവന്‍ ബ്രഹ്മാവിന്റെ മാനസപുത്രനാണ്‌. ശതരൂപയാണ്‌ പത്‌നി. പ്രിയവ്രതോത്താനപാദന്‌മാര്‍ പുത്രന്‌മാരും ആകൂതി, ദേവഹൂതി, പ്രസൂതി എന്നിവര്‍ പുത്രിമാരും. വസിഷ്‌ഠാദികള്‍ സപ്‌തര്‍ഷികളും അദിതിപുത്രന്‍ ഇന്ദ്രനും ആയി ഗണിക്കപ്പെടുന്നു.

രണ്ടാമത്തെ മനു സ്വാരോചിഷന്‍ അഗ്‌നിപുത്രനാണ്‌; ദ്യുമാന്‍, സുഷേണന്‍, രോചിഷ്‌മാന്‍ മുതലായവര്‍ ഇദ്ദേഹത്തിന്റെ പുത്രന്മാരും. ആ മന്വന്തരത്തില്‍ രോചനന്‍ ഇന്ദ്രനും തുഷിതാദികള്‍ ദേവന്മാരും ഊര്‍ജസ്‌തംഭാദികള്‍ സപ്‌തര്‍ഷികളും ആകുന്നു.

മൂന്നാമത്തെ മനുവാണ്‌ പ്രിയവ്രതസുതനായ ഉത്തമന്‍. പവനസൃഞ്‌ജയയജ്ഞഹോത്രാദികള്‍ ഉത്തമപുത്രന്മാരാണ്‌. ആമന്വന്തരത്തിലെ സ്‌പതര്‍ഷികള്‍ വസിഷ്‌ഠപുത്രന്മാരായ പ്രമദാദികളത്ര. സത്യവേദശ്രുതാദികള്‍ ദേവന്മാരും സത്യജിത്‌ ഇന്ദ്രനും ആകുന്നു.

ഉത്തമന്റെ ഭ്രാതാവായ താമസനാണ്‌ നാലാമത്തെ മനു. പൃഥുഖ്യാതി പ്രഭൃതികളായ പത്തു പുത്രന്മാര്‍ ഇദ്ദേഹത്തിനുണ്ട്‌. ജ്യോതിര്‍ധാമാദികള്‍ സപ്‌തര്‍ഷികളായും വിധൃതിപുത്രന്മാരായ വൈധൃതേയന്മാര്‍ ദേവന്മാരായും ത്രിശിഖന്‍ ഇന്ദ്രനായും വാഴുന്ന കാലമാണ്‌ ചതുര്‍ഥമന്വന്തരം.

അഞ്ചാമത്തെ മനുവായ രൈവതന്‍ താമസന്റെ സഹോദരനാണ്‌. ബലിവിന്ധ്യാദികള്‍ ഇദ്ദേഹത്തിന്റെ മക്കളും. ആ മന്വന്തരത്തില്‍ വിഭു ഇന്ദ്രനും ഭൂതരയാദികള്‍ ദേവന്‌മാരും ഹിരണ്യരോമാദികള്‍ സപ്‌തര്‍ഷികളുമാകുന്നു. പൂരു പൂരുഷാദികളുടെ പിതാവായ ചാക്ഷുഷന്റെ കാലത്തില്‍ മന്ത്രദ്രുമന്‍ ഇന്ദ്രനും ആപ്യാദിഗണങ്ങള്‍ ദേവന്മാരും ഹവിഷ്‌മദ്വീരകാദികള്‍ സ്‌പതര്‍ഷികളുമാണ്‌.

ഇക്‌ഷ്വാകു നഭഗാദികളുടെ പിതാവായ ശ്രാദ്ധദേവന്‍ (വൈവസ്വതന്‍) ഏഴാമത്തെ മനുവാണ്‌. ആ മന്വന്തരത്തില്‍ പുരന്ദരന്‍ ഇന്ദ്രനും ആദിത്യവസുരുദ്രമരുദ്‌ഗണാദികള്‍ ദേവന്മാരും കശ്യപാത്രിവസിഷ്‌ഠാദികള്‍ സപ്‌തര്‍ഷികളുമായി ഗണിക്കപ്പെടുന്നു.

നിര്‍മോക വിരജസ്‌കാദികളുടെ പിതാവായ സാവര്‍ണി മനുവിന്റെ കാലത്തില്‍ ബലി ഇന്ദ്രനും അമൃതപ്രഭരായ സുതപസ്സുകള്‍ ദേവന്മാരും ഗാലവദ്രാണപുത്ര ബാദരായണാദികള്‍ സപ്‌തര്‍ഷികളുമാണ്‌. നവമമനുവായ ദക്ഷസാവര്‍ണി, ഭൂതകേതു പ്രഭൃതികളുടെ പിതാവാണ്‌. മരീചിഗഭാദികളായ ദേവന്മാരും ദ്യുതിമത്‌പ്രമുഖരായ സപ്‌തര്‍ഷികളും അദ്‌ഭുതനെന്ന ഇന്ദ്രനും ആ മന്വന്തരത്തില്‍ വാഴുന്നതാണ്‌. ഉപശ്ലോകസുതനായ ബ്രഹ്മസാവര്‍ണിയാണ്‌ ഭുതിഷേണാദികളുടെ പിതാവ്‌. സത്യജയാദികള്‍ സപ്‌തര്‍ഷികളായും സുവാസന വിരുദ്ധാദികള്‍ ദേവന്മാരായും ശംഭു ഇന്ദ്രനായും ആരാധിക്കപ്പെടുന്ന മന്വന്തരമാണിത്‌.

സത്യധര്‍മാദികളുടെ പിതാവായ ധര്‍മസാവര്‍ണി ഏകാദശമനുവത്ര. കാമഗമന്മാരായ ദേവന്മാരും വൈധൃതനായ ഇന്ദ്രനും അരുണാദികളായ സപ്‌തര്‍ഷിമാരും ആ മന്വന്തരത്തില്‍ ആധിപത്യം പുലര്‍ത്തും. ദ്വാദശമനുവായ രുദ്രസാവര്‍ണി ദേവശ്രഷ്‌ഠാദികളുടെ പിതാവാണ്‌. അക്കാലത്ത്‌ ഹരിതാദികള്‍ ദേവന്മാരും ഋതധാമാവ്‌ ഇന്ദ്രനും ആഗ്‌നീധ്രകാദികള്‍ സപ്‌തര്‍ഷികളും ആയിരിക്കും. ചിത്രസേനാദികളുടെ പിതാവായ ദേവസാവര്‍ണിയുടെ കാലത്തില്‍ സുകര്‍മ സുത്രാമാദികള്‍ ദേവന്മാരും ബൃഹസ്‌പതി ഇന്ദ്രനും നിര്‍മോക തത്ത്വദര്‍ശാദികള്‍ സപ്‌തര്‍ഷികളും ആയിരിക്കും. ഉരു ഗംഭീര ബുധ്യാദികളുടെ പിതാവായ ഇന്ദ്രസാവര്‍ണിയായിരിക്കും പതിനാലാമത്തെ മനു. ആ മന്വന്തരത്തില്‍ ചാക്ഷുഷന്മാര്‍ ദേവന്മാരായും ശുചി ഇന്ദ്രനായും അഗ്‌നിബാഹ്വാദികള്‍ സപ്‌തര്‍ഷികളായും സ്ഥാനം വഹിക്കുന്നതാണ്‌. ചതുര്‍ദശമന്വന്തരമായ കല്‌പത്തിന്റെ അവസാനത്തില്‍ പ്രളയമാണ്‌. "യഃ കല്‌പഃ സകല്‌പ പൂര്‍വഃ' എന്ന ശ്രുതിവചനം പ്രളയത്തിനുശേഷം വീണ്ടും സൃഷ്ടി പ്രക്രിയയുടെ സമാരംഭത്തെ സൂചിപ്പിക്കുന്നു.

3. ആറു വേദാംഗങ്ങളില്‍ ഒന്നാണ്‌ കല്‌പം. വേദവിഹതങ്ങളായ കര്‍മങ്ങളുടെ ആനുപൂര്‍വിയനുസരിച്ചുള്ള കല്‌പനയാണ്‌ കല്‌പം. ശ്രൗതഗൃഹ്യ ധര്‍മസൂത്രങ്ങളാണ്‌ കല്‌പമെന്ന വേദാംഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്‌. നോ: കല്‌പസൂത്രങ്ങള്‍; മന്വന്തരങ്ങള്‍

(പ്രാഫ. ആര്‍. വാസുദേവന്‍പോറ്റി; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B5%8D%E2%80%8C%E0%B4%AA%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍