This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‌കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‌കം

വെള്ളം ചേര്‍ത്തോ ചേര്‍ക്കാതെയോ അരച്ചു ചമ്മന്തിപ്രായമാക്കിയ ദ്രവ്യങ്ങള്‍ക്കുള്ള വൈദ്യശാസ്‌ത്രസംജ്ഞ. എണ്ണയും നെയ്യും മറ്റും കാച്ചിയരിക്കുമ്പോള്‍ അടിയില്‍ ഊറിക്കാണുന്ന കിട്ടവും (കീടന്‍, കീടം) കല്‌കം എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിനെ കല്‌കന്‍ എന്നും പറയാറുണ്ട്‌. "കക്കം' എന്ന പേരും ഗ്രാമപ്രദേശങ്ങളില്‍ പ്രചാരത്തിലുണ്ട്‌.

അഞ്ചുതരം കഷായകല്‌പനകളില്‍ ഒരിനമാണ്‌ കല്‌കം; രസം, ശൃതം, ശീതം, ഫാണ്ടം എന്നിവയാണ്‌ മറ്റുള്ളവ. അഷ്ടാംഗഹൃദയത്തിലെ കല്‌പസ്ഥാനത്തില്‍ (ഭേഷജകല്‌പംഅധ്യായം VI ശ്ലോകം 9) ഇതിനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്‌.

"രസഃ കല്‌കഃ ശൃതശ്‌ശീതഃ
ഫാണ്ടശ്‌ചേതി പ്രകല്‌പനാ
പഞ്ചധൈവ കഷായാണാം
പൂര്‍വാ പൂര്‍വം ബലാധികഃ'
 

വെള്ളം ചേര്‍ത്തരച്ചുണ്ടാക്കുന്ന കല്‌പനയാണ്‌ കല്‌കം എന്ന്‌ ഇതിന്റെ ഉത്തരഭാഗത്ത്‌ പറഞ്ഞിരിക്കുന്നു. എണ്ണ, നെയ്യ്‌ മുതലായ സ്‌നേഹദ്രവ്യങ്ങള്‍ പാകം ചെയ്‌ത്‌ ഔഷധങ്ങളുണ്ടാക്കുമ്പോള്‍, കല്‌കത്തിനും മരുന്നുകള്‍ ഇത്ര ചേര്‍ക്കണം എന്ന്‌ എടുത്തു പറയാറുണ്ട്‌. അങ്ങനെ സൂചിപ്പിച്ചിട്ടില്ലെങ്കില്‍ കല്‌കത്തിനെക്കാള്‍ നാലിരട്ടി സ്‌നേഹദ്രവ്യം അതിനെക്കാള്‍ നാലിരട്ടി ദ്രവദ്രവ്യവും (വെള്ളമോ കഷായമോ സ്വരസമോ മറ്റോ) ചേര്‍ക്കാമെന്ന ഒരു സാമാന്യ വിധിയുണ്ട്‌. പച്ച വെള്ളത്തില്‍ ചേര്‍ത്തു കാച്ചുമ്പോള്‍ കല്‌കം സ്‌നേഹത്തിന്റെ നാലിലൊരു ഭാഗമായും വെന്ത കഷായത്തില്‍ ചേര്‍ത്തു കാച്ചുമ്പോള്‍ സ്‌നേഹദ്രവ്യത്തിന്റെ ആറിലൊരു ഭാഗമായും സ്വരസത്തില്‍ (മരുന്നുകള്‍ ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍) ചേര്‍ത്താണ്‌ കാച്ചുന്നതെങ്കില്‍ സ്‌നേഹത്തിന്റെ എട്ടിലൊരു ഭാഗമായും കല്‌കത്തെ ചേര്‍ക്കണമെന്നാണ്‌ ശൗനകാചാര്യമതം. സ്‌നേഹദ്രവ്യങ്ങള്‍ക്ക്‌ മന്ദം, പിക്കണം, ഖരപിക്കണം എന്നു മൂന്നു പ്രകാരത്തിലാണ്‌ പാകം (മൂപ്പ്‌). കല്‌കത്തിന്റെ പാകം നോക്കിയാണ്‌ ഇവ നിര്‍ണയിക്കുന്നത്‌. പിക്കണത്തിനു "മെഴുപാകം' എന്നും ഖരപിക്കണത്തിന്‌ "അരക്കിലമര്‍ന്ന പാകം' എന്നും പേരുണ്ട്‌. മന്ദപാകം നസ്യത്തിനുള്ള സ്‌നേഹദ്രവ്യങ്ങള്‍ക്കും ഖരപിക്കണപാകം തലയ്‌ക്കു തേക്കാനുള്ളവയ്‌ക്കും പിക്കണപാകം അകത്തേക്കു സേവിക്കാനും വസ്‌തിക്കും ഉള്ള ദ്രവ്യങ്ങള്‍ക്കും വിധിച്ചിരിക്കുന്നു. ഔഷധവസ്‌തുക്കള്‍ അരച്ചതു തേച്ചുകുളിക്കുന്നതിന്‌ കല്‌കസ്‌നാനം എന്നാണു പറയുന്നത്‌.

പാപം, വഞ്ചന, അഹംഭാവം, അഴുക്ക്‌, മലം (കല്‌ക്ഷേപേഃ ഉപേക്ഷിക്കപ്പെട്ടത്‌), ചെവിക്കായം, അറബിക്കുന്തിരിക്കം എന്നീ അര്‍ഥങ്ങളും കല്‌കം എന്ന പദത്തിനുണ്ട്‌.

(ഡോ. പി.ആര്‍. വാരിയര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B5%8D%E2%80%8C%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍