This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്ലിയോപെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്ലിയോപെ

Calliope

1. വാക്‌ചാതുരിയുടെയും മഹാകാവ്യങ്ങളുടെയും അധിപയായി ആരാധിക്കപ്പെടുന്ന ഗ്രീക്ക്‌ ദേവത. ഒന്‍പത്‌ കലാദേവതകളില്‍ ഏറ്റവും പ്രമുഖയായി ഗണിക്കപ്പെടുന്ന കല്ലിയോപെ സിയൂസിന്റെയും നിമൊസൈനിന്റെയും പുത്രിയാണ്‌. ""മനോഹരമായ സ്വരം എന്നാണ്‌ കല്ലിയോപെ എന്ന പേരിനര്‍ഥം. മികച്ച ഗായകനെന്ന്‌ ഖ്യാതി നേടിയ ഓര്‍ഫ്യൂസ്‌ കല്ലിയോപെയുടെയും ഒയിഗ്രസ്‌ രാജാവിന്റെയും പുത്രനാണ്‌. സംഗീതജ്ഞനായ ലീനസ്‌, ട്രാജന്‍ യുദ്ധത്തിലെ ഒരു ദുരന്തകഥാപാത്രമായ ത്രസ്‌ രാജാവ്‌ റീസസ്‌ തുടങ്ങിയവരും കല്ലിയോപെയുടെ പുത്രന്മാരായിരുന്നുവെന്ന്‌ ചില കൃതികളില്‍ കാണുന്നു. അപ്പോളോ ദേവന്റെ പ്രണയിനിയായും കല്ലിയോപെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌.

2. ജ്യോതിഃശാസ്‌ത്രത്തില്‍ ഇരുപത്തിരണ്ടാം ഛിന്നഗ്രഹത്തിന്‌ നല്‍കിയിരിക്കുന്ന പേര്‌. 1852 ന. 16ന്‌ ഇംഗ്ലീഷ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞനായ ജോണ്‍ റസ്സല്‍ ഹിന്ദ്‌ ആണ്‌ ഇത്‌ കണ്ടെത്തിയത്‌.

3. പത്തൊമ്പതാം ശ.ത്തിന്റെ അന്ത്യത്തിലും ഇരുപതാം ശ.ത്തിന്റെ ആരംഭത്തിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍ക്കസുകളിലും മറ്റും ജനങ്ങളെ ആകര്‍ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന സംഗീതോപകരണം. വോര്‍സസ്റ്ററിലെ ജോഷ്വാ സി.സ്റ്റൊഡാര്‍ഡ്‌ ആണ്‌ ഇതിന്റെ ഉപജ്ഞാതാവ്‌. ആവി കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന വിസിലുകളാണ്‌ ഈ ഉപകരണത്തിന്റെ പ്രത്യേകത. ഇവയുടെ ശബ്‌ദം മൂര്‍ച്ചയേറിയതും പത്ത്‌ മൈലിലേറെ ചുറ്റളവില്‍ കേള്‍ക്കാന്‍ കഴിയുന്നതുമായിരുന്നു. ചക്രങ്ങള്‍ ഘടിപ്പിച്ച്‌, മോടിയായി അലങ്കരിച്ചാണ്‌ കല്ലിയോപെകള്‍ ഉപയോഗിച്ചിരുന്നത്‌. ഇരുപതാം ശ.ത്തിന്റെ മധ്യത്തോടുകൂടി കല്ലിയോപെകള്‍ക്ക്‌ പ്രചാരം കുറഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍