This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്ലിമാക്കസ്‌ (ബി.സി. 310 - 240)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

Callimachus

1. ഗ്രീക്ക്‌ കവിയും പണ്ഡിതനും. അലക്‌സാന്‍ഡ്രിയന്‍ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‌ഭനെന്ന ഖ്യാതിക്കുടമയാണ്‌ കല്ലിമാക്കസ്‌. ഉത്തര ആഫ്രിക്കയില്‍, ഗ്രീക്ക്‌ കോളനിയായിരുന്ന സൈറീനിലെ ഒരു പ്രമുഖ കുടുംബത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഏഥന്‍സില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അലക്‌സാന്‍ഡ്രിയയിലേക്ക്‌ പോയ ഇദ്ദേഹം അവിടത്തെ പ്രശസ്‌ത ഗ്രന്ഥശാലയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. ഇദ്ദേഹം ഈ ഗ്രന്ഥശാലയുടെ അധിപനായി സേവനമനുഷ്‌ഠിച്ചു എന്നും അഭിപ്രായമുണ്ട്‌. ഗ്രന്ഥകര്‍ത്താക്കളെയും അവരുടെ കൃതികളെയും സൂചിപ്പിക്കുന്ന ബൃഹത്‌ രേഖയായ പിനാക്കെസ്‌ (Pinakes)എന്ന പട്ടിക ഇദ്ദേഹം തയ്യാറാക്കിയത്‌ ഈ ഗ്രന്ഥശാലയില്‍ പ്രവര്‍ത്തിച്ച കാലത്താണ്‌.

കല്ലിമാക്കസിന്റെ കവിതകളില്‍ ആറ്‌ കീര്‍ത്തനങ്ങളും 64 എപിഗ്രാമുകളും മാത്രമാണ്‌ ഇന്ന്‌ പൂര്‍ണരൂപത്തില്‍ അവശേഷിക്കുന്നത്‌. സിയൂസ്‌, അപ്പോളോ, ആര്‍ട്ടെമിസ്‌ തുടങ്ങിയവരെക്കുറിച്ചുള്ള ഐതിഹ്യങ്ങളാണ്‌ കീര്‍ത്തനങ്ങളുടെ പ്രതിപാദ്യം. ഇവയുടെ ദൈര്‍ഘ്യം 100 മുതല്‍ 300 വരെ വരികളാണ്‌. ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയായി ഗണിക്കപ്പെടുന്ന ഐത്തിയയുടെ ഏതാനും ഭാഗങ്ങള്‍ മാത്രമാണ്‌ പാപ്പിറസ്‌ ചുരുളുകളില്‍ നിന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്‌. തന്റെ ആദ്യകാല ശിഷ്യനായിരുന്ന റോഡ്‌സിലെ അപ്പോളോണിയസ്സുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട്‌ കല്ലിമാക്കസ്‌ രചിച്ച കൃതിയാണ്‌ ഐബിസ്‌. ദീര്‍ഘകവിതയുടെ കാലം കഴിഞ്ഞു എന്നു വാദിച്ച കല്ലിമാക്കസ്‌ അലക്‌സാന്‍ഡ്രിയന്‍ കവിതയുടെ പ്രത്യേകതകളായ ഹ്രസ്വത, നര്‍മം, ശില്‌പഭംഗി എന്നിവയെ വളരെയധികം പ്രശംസിച്ചു. ലോക്‌ ഒഫ്‌ ബെറെനീസ്‌, അയാംബി, ഹെക്കെയ്‌ന്‍ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മറ്റ്‌ പ്രധാന കവിതകള്‍.

2. ബി.സി. അഞ്ചാം ശ.ത്തില്‍ ജീവിച്ചിരുന്ന എഥീനിയന്‍ ശില്‌പി. അക്രാപൊലിസിലെ ഇറിക്‌ത്തിയത്തിലുണ്ടായിരുന്ന സുവര്‍ണ വിളക്കിന്റെ ശില്‌പിയായാണ്‌ ഇദ്ദേഹം ഖ്യാതി നേടിയത്‌. ഒരിക്കല്‍ എണ്ണയൊഴിച്ച്‌ കത്തിച്ചാല്‍ ഒരു വര്‍ഷത്തോളം ഈ വിളക്ക്‌ കത്തി നില്‍ക്കുമായിരുന്നു എന്നും, പനയുടെ ആകൃതിയിലാണ്‌ ഇതിന്റെ പുകക്കുഴല്‍ സംവിധാനം ചെയ്‌തിരുന്നത്‌ എന്നും പൗസാനിയസ്‌ രേഖപ്പെടുത്തിയിരിക്കുന്നു.

ഈ വിളക്കിന്റെ രൂപരേഖ അടിസ്ഥാനമാക്കിയാണ്‌ കൊറിന്ത്യന്‍ തലസ്ഥാനം രൂപകല്‌പന ചെയ്യപ്പെട്ടത്‌. മാര്‍ബിള്‍ ശിലയില്‍ ഉപയോഗിക്കാവുന്ന ഒരു പ്രത്യേകതരം ഡ്രില്ലും ഇദ്ദേഹം നിര്‍മിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍