This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്ലിത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്ലിത്തി

Laurel fig

കല്ലിത്തി

മൊറേസീ സസ്യകുലത്തില്‍പ്പെട്ട ഔഷധപ്രധാന്യമുള്ള ഒരു വൃക്ഷം. ശാ.നാ.: ഫൈക്കസ്‌ മൈക്രാകാര്‍പ്പ (Ficus microcarpa). ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും ഈ വൃക്ഷം വളരുന്നുണ്ട്‌. താഴ്‌ന്ന പ്രദേശങ്ങളില്‍ ഏറ്റവും നന്നായി വളരുന്ന ഇതിനെ തണല്‍മരമായി വച്ചുപിടിപ്പിക്കാറുണ്ട്‌.

ഏകദേശം 20 മീ. ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ കല്ലിത്തി. ഇത്തിമരവുമായി ഇതിന്‌ വളരെയധികം ബന്ധമുണ്ട്‌. ഇലകള്‍ക്ക്‌ വലുപ്പം കുറവാണെന്നുമാത്രം. കേരളത്തില്‍ വൃക്ഷം അത്ര സാധാരണമല്ല. പടര്‍ന്നു പന്തലിച്ചു വളരുന്ന ഈ വൃക്ഷം ചെറുപ്രായത്തില്‍ അധിപാദപ (epiphyte)മായി വളരാറുണ്ട്‌. ചെറുശാഖകളുടെ അഗ്രങ്ങളില്‍ നീണ്ട ഞെട്ടുള്ള ഇലകള്‍ കൂട്ടമായി കാണപ്പെടുന്നു. ദീര്‍ഘ വൃത്താകൃതിയിലുള്ള ഇവ ഏകാന്തരമായാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. മാ. മുതല്‍ ഏ. വരെയാണ്‌ പൂക്കാലം. പൂക്കള്‍ ഗോളാകൃതിയിലുള്ള ചെറിയ പുഷ്‌പാധാരത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഓരോ പുഷ്‌പാധാരത്തിന്റെയും ചുവട്ടില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള മൂന്ന്‌ സഹപത്രങ്ങള്‍ വീതമുണ്ടാകുന്നു. ഒരേ പുഷ്‌പധാരത്തില്‍ത്തന്നെ ആണ്‍പൂക്കള്‍, പെണ്‍പൂക്കള്‍, ഗാള്‍പൂക്കള്‍ എന്നിങ്ങനെ മൂന്നുതരം പൂക്കള്‍ കാണാം. ആണ്‍പൂക്കളാണ്‌ ഏറ്റവുമധികം. ഒരു ആണ്‍പൂവില്‍ മൂന്നു പരിദളങ്ങളും ഒരു കേസരവുമുണ്ട്‌. പരാഗം കേസരതന്തുവിനോളം വലുപ്പമുള്ളതാണ്‌. ഗാള്‍പൂവില്‍ മൂന്ന്‌ പരിദളങ്ങളും ഒരു നേരിയ അണ്ഡാശയവുമുണ്ട്‌. പെണ്‍പൂവിലെ പരിദളങ്ങള്‍ തീരെച്ചെറുതാണ്‌. അണ്ഡാശയത്തിന്‌ നീളം കുറഞ്ഞ ഒരു വര്‍ത്തികയുണ്ട്‌.

കല്ലിത്തിയുടെ തൊലി കരള്‍സംബന്ധമായ രോഗങ്ങള്‍ക്കും; വേരിന്‍കഷായം ഗുഹ്യരോഗങ്ങള്‍, വ്രണങ്ങള്‍, വയറുകടി, കുഷ്‌ഠം എന്നിവയ്‌ക്കും ഔഷധമായി ഉപയോഗിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍