This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്ലടിക്കോട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്ലടിക്കോട്‌

കല്ലടിക്കോട്‌ കാട്ടുശ്ശേരി അയ്യപ്പന്‍കാവ്‌

പാലക്കാട്‌ ജില്ലയില്‍ മണ്ണാര്‍ക്കാട്‌ താലൂക്കില്‍പ്പെടുന്ന ഒരു വില്ലേജ്‌. കല്ലടിക്കോടന്‍ മലയും കല്ലടിക്കോട്ട്‌ നീലിയും കല്ലടിക്കോട്ട്‌ കുറുപ്പന്മാരും കഥകളിയിലെ കല്ലടിക്കോടന്‍ സമ്പ്രദായവും ഉത്തരകേരളത്തില്‍ മാത്രമല്ല സംസ്‌ഥാനത്തൊട്ടാകെയും വളരെ പ്രസിദ്ധമാണ്‌. മന്ത്രവാദത്തിന്റെയും ആനപിടിത്തത്തിന്റെയും കേന്ദ്രമായിരുന്നു കല്ലടിക്കോട്‌. പശ്‌ചിമഘട്ടത്തില്‍പ്പെടുന്ന കല്ലടിക്കോടന്‍ മല പല ദുര്‍ലഭൗഷധങ്ങളുടെയും സങ്കേതമാണ്‌. രണ്ടു പതിറ്റാണ്ടു കാലംകൊണ്ട്‌ കാര്‍ഷിക വികസനത്തിലൂടെ മലയോരങ്ങള്‍ സമ്പന്നവും ജനവാസയോഗ്യവുമായിത്തീര്‍ന്നിരിക്കുന്നു. മദ്രാസ്‌കോഴിക്കോട്‌ ട്രങ്ക്‌ റോഡ്‌ കല്ലടിക്കോടുവഴി കടന്നുപോകുന്നു. 10.4 ച.കി.മീ. വിസ്‌തൃതിയുള്ള ഈ വില്ലേജ്‌ കരിമ്പ പഞ്ചായത്തില്‍പ്പെടുന്നു. കല്ലടിക്കോടന്‍ മല. ഒന്നരനൂറ്റാണ്ടു മുമ്പ്‌ അന്യം നിന്നു പോയ ചേനാത്ത്‌ നായര്‍കുടുംബത്തിന്റെ പതിനയ്യായിരത്തിലധികം ഏക്കര്‍ വനം (ചേനാത്ത്‌ നായര്‍ റിസര്‍വ്‌) ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ അധീനതയിലുളള റിസര്‍വ്‌ വനമായി മാറി. സമുദ്രനിരപ്പില്‍ നിന്ന്‌ 750 മീ.ല്‍ കൂടുതല്‍ ഉയരമുള്ള ഇതിന്റെ പകുതിഭാഗം നിത്യഹരിതവനമാണ്‌. ഈ റിസര്‍വ്‌ വനത്തിനുപുറമേ പുലാപ്പറ്റ കുതിരവട്ടത്തുനായര്‍, കല്ലടിക്കോട്ട്‌ കുറുപ്പന്മാര്‍, കോങ്ങാട്ടു നായര്‍ എന്നിവരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സ്വകാര്യവനങ്ങളും കല്ലടിക്കോടന്‍ മലയില്‍ ഉള്‍പ്പെടുന്നു. 13-ാം ശ.ന്റെ ഉത്തരാര്‍ധത്തില്‍ വള്ളുവനാട്‌ കീഴ്‌പ്പെടുത്താന്‍ പൊന്നാനിയിലെ മാപ്പിളമാര്‍ സാമൂതിരിയെ സഹായിച്ചതിനു പാരിതോഷികമായി കല്ലടിക്കോടന്‍ മലയില്‍നിന്ന്‌ വനവിഭവങ്ങള്‍ കൊണ്ടുപോകാന്‍ സാമൂതിരി മാപ്പിളമാര്‍ക്ക്‌ ചില സൗജന്യങ്ങള്‍ അനുവദിച്ചുകൊടുത്തു. പില്‌ക്കാലത്ത്‌ നാടുവാഴികളായിത്തീര്‍ന്ന കുറുപ്പന്മാരാണ്‌ 1866ല്‍ ഈ സൗജന്യം നിര്‍ത്തലാക്കിയത്‌. സാമൂതിരി നിര്‍മിച്ചതെന്നു കരുതപ്പെടുന്ന ഒരു കോവിലകത്തിന്റെയും "വേട്ടെക്കാരന്‍ കാവി' (വേട്ടയ്‌ക്കൊരു മകന്‍ കാവ്‌)ന്റെയും അവശിഷ്‌ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാം. ഇവിടത്തെ കോവിലകത്തിന്റെ സംഭാവനയാണ്‌ കഥകളിയിലെ "കല്ലടിക്കോടന്‍ സമ്പ്രദായം'. നോ: കഥകളി

സംസ്ഥാന പുനഃസംഘടനയെ തുടര്‍ന്ന്‌ കേരളത്തിനു ലഭിച്ച കല്ലടിക്കോടന്‍ മലയുടെ ഒരു ഭാഗമാണ്‌ മുത്തികുളം റിസര്‍വ്‌ വനം. ഇവിടെ നിന്നുദ്‌ഭവിക്കുന്ന ശിരുവാണി പുഴയില്‍ 1931ല്‍ ബ്രിട്ടീഷുകാര്‍ ഒരു അണകെട്ടി, കോയംപുത്തൂരില്‍ ശുദ്ധജലവിതരണം നടത്തുകയുണ്ടായി. ഇതേ ഭാഗത്താണ്‌ ബൃഹത്തായ ശിരുവാണി അണക്കെട്ട്‌. രണ്ടാം ലോകയുദ്ധകാലത്ത്‌ തകര്‍ന്നുവീണ ഒരു യുദ്ധവിമാനത്തിന്റെ അവശിഷ്‌ടം ഈ വനാന്തരത്തിലുണ്ട്‌. ഒരു നൂറ്റാണ്ടുകാലം മുമ്പ്‌ പുലാപ്പറ്റ കുതിരവട്ടത്ത്‌ നായര്‍ തുപ്പനാട്‌ പുഴയില്‍ നിര്‍മിച്ച അണക്കെട്ടിനടുത്താണ്‌ കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ രണ്ടാം ഘട്ടമായ "തുപ്പനാട്‌ റിസര്‍വോയര്‍ സ്‌കീം' നിര്‍മിക്കാനുദ്ദേശിക്കുന്നത്‌.

കല്ലടിക്കോട്ട്‌ കുറുപ്പന്മാര്‍. സാമൂതിരിയുടെ പ്രഭാവം അസ്‌തമിച്ചതോടെ കല്ലടിക്കോടിന്റെ സംരക്ഷണത്തിനെത്തിയിരുന്ന കുറുപ്പന്മാര്‍ നാടുവാഴികളായി മാറിയെന്നു കരുതാം. വടകര തേനഴിയില്‍ കളങ്ങളും കളരിയുമുണ്ടായിരുന്നവരാണ്‌ കുറുപ്പന്മാരുടെ പൂര്‍വികര്‍. കല്ലടിക്കോട്ടേക്കുള്ള യാത്രയ്‌ക്കിടയില്‍ പട്ടാമ്പിക്കടുത്ത്‌ വല്ലപ്പുഴയില്‍ ഒരു കളരി സ്ഥാപിച്ച്‌ അവിടെ പരദേവതയായ ശ്രീപോര്‍ക്കലിയെ പ്രതിഷ്‌ഠിച്ചിട്ടാണ്‌ കുറുപ്പന്മാര്‍ കല്ലടിക്കോട്ടെത്തിയത്‌. കാട്ടുചേരിയുടെ നായകത്വം നേടിയ കുറുപ്പന്മാരുടെ കുടുംബത്തലവന്‌ കാട്ടുശ്ശേരി (ചേരി) മൂത്തനായര്‍ എന്നാണ്‌ സ്ഥാനപ്പേര്‌. മൂത്തനായരുടെ ആസ്ഥാനം വല്ലപ്പുഴയാണ്‌. കല്ലടിക്കോട്ടുള്ള കാട്ടുശ്ശേരി അയ്യപ്പന്‍കാവും വിഷ്‌ണു ക്ഷേത്രവും കുറുപ്പന്മാരാണ്‌ നിര്‍മിച്ചത്‌. അയ്യപ്പന്‍കാവിലെ താലപ്പൊലിക്ക്‌ മലയര്‍, തേനും കുങ്കുല്യവും (ഗുഗ്‌ഗുലു) ഹോമിക്കുന്ന ചടങ്ങ്‌ ഇന്നും തുടരുന്നു.

കല്ലടിക്കോട്ട്‌ നീലി. ഇവിടത്തെ മന്ത്രവാദികളുടെ ആരാധനാദേവതയാണ്‌ നീലി. നീലിയുടെ സാന്നിധ്യമുണ്ടെന്നു കരുതപ്പെടുന്ന "മുത്തികുളം' കല്ലടിക്കോടന്‍ മലയിലാണെന്നാണ്‌ വിശ്വാസം. മുത്തികുളവും കിരാതാര്‍ജുനയുദ്ധവുമായി ബന്ധമുള്ള ഒരു കഥയ്‌ക്ക്‌ വളരെ പ്രചാരമുണ്ട്‌. ക്ഷീണിതനായ ശിവന്‌ ദാഹജലത്തിനുവേണ്ടി വൃദ്ധയായ മലയസ്‌ത്രീയുടെ (നീലിയുടെ) രൂപത്തില്‍ ശ്രീപാര്‍വതി പ്രത്യക്ഷപ്പെട്ട്‌ നിലംകുഴിച്ച്‌ നീരുറവയുണ്ടാക്കി. നീലിമുത്തി കുഴിച്ച കുളമായതുകൊണ്ട്‌ "മുത്തിക്കുളം' എന്ന പേര്‍ സിദ്ധിച്ചുവെന്നാണ്‌ ഐതിഹ്യം. ഇവിടത്തെ പഴയ മന്ത്രവാദികള്‍ ഇരുപത്തൊന്നു പാതിരാകളില്‍ മുത്തിക്കുളത്തില്‍ ഇറങ്ങി നിന്ന്‌ ധ്യാനിച്ച്‌ നീലിയെ പ്രത്യക്ഷയാക്കി സിദ്ധിനേടിയിരുന്നുവെന്ന്‌ പറയപ്പെടുന്നു. ഭ്രാന്ത്‌, അപസ്‌മാരകം എന്നിവയുടെ ചികിത്സയ്‌ക്കും ആഭിചാര കര്‍മങ്ങള്‍ക്കും മന്ത്രവാദികളുടെ സഹായം തേടി തമിഴ്‌നാട്ടില്‍ നിന്നുപോലും അനേകം പേര്‍ കല്ലടിക്കോട്ടെത്തുക പതിവായിരുന്നു. കല്ലടിക്കോടന്‍ മലയില്‍ ശിവപാര്‍വതിമാരുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാലാണ്‌ താഴ്‌വരയിലെ ഒരു പ്രദേശത്തിന്‌ തുപ്പനാട്‌ (സുബ്രഹ്മണ്യന്റെ നാട്‌) എന്നും ഇവിടുത്തെ പുഴയ്‌ക്ക്‌ തുപ്പനാട്‌ പുഴ എന്നും പേര്‌ സിദ്ധിച്ചതെന്നാണ്‌ ഐതിഹ്യം. ഈ പുഴയരികിലാണ്‌ വള്ളുവനാട്ടിലെ പ്രസിദ്ധമായ തുപ്പനാട്‌ സുബ്രഹ്മണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. പൊന്നാനിയില്‍ നിന്നെത്തിയ മാപ്പിളമാര്‍ നിര്‍മിച്ച ഒരു മുസ്‌ലിംപള്ളിയും തുപ്പനാട്‌ പുഴയോരത്തുണ്ട്‌.

(കെ. ശ്രീകുമാരനുണ്ണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍