This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്യാണിയമ്മ, ബി. (1884-1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്യാണിയമ്മ, ബി. (1884-1959)

ബി. കല്യാണിയമ്മ

മലയാള സാഹിത്യകാരി; സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ പത്‌നി. വഞ്ചിയൂര്‍ കുതിരവട്ടത്ത്‌ കുഴിവിളാകത്തു വീട്ടില്‍ ഭഗവതി അമ്മയുടെയും സുബ്ബരായന്‍ പോറ്റിയുടെയും മകളായി 1884 (കൊ.വ. 1059 കുംഭം 11)ല്‍ജനിച്ചു. ബി.എ.; എല്‍.ടി. എന്നീ ബിരുദങ്ങള്‍ നേടി. 1904ല്‍ രാമകൃഷ്‌ണപിള്ളയുമായുള്ള വിവാഹം നടന്നു. രാമകൃഷ്‌ണപിള്ളയുടെ നാടുകടത്തലിനോടനുബന്ധിച്ച്‌ വളരെയേറെ കഷ്ടപ്പാടുകള്‍ ഇവര്‍ക്ക്‌ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌.

മദ്രാസ്‌, പാലക്കാട്‌, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ ഭര്‍ത്താവുമൊന്നിച്ചു താമസിച്ചിരുന്നു. കണ്ണൂരില്‍ അധ്യാപികയായും മംഗലാപുരത്ത്‌ ട്രയിനിങ്‌ സ്‌കൂള്‍ സൂപ്രണ്ടായും ജോലിനോക്കിയിട്ടുണ്ട്‌.

1919ല്‍ കൊച്ചി രാജാവ്‌ സമ്മാനിച്ച "സാഹിത്യസഖി' ബിരുദം ഇവര്‍ സ്വീകരിച്ചില്ല. കോട്ടയ്‌ക്കല്‍ ചേര്‍ന്ന സാഹിത്യപരിഷത്‌ സമ്മേളനത്തിന്റെ അധ്യക്ഷ കല്യാണിയമ്മയായിരുന്നു. ഹിന്ദിഭാഷയിലും സാഹിത്യത്തിലും ഉന്നതബിരുദങ്ങള്‍ നേടി ഗുരുവായൂരപ്പന്‍ കോളജില്‍ പ്രാഫസറായിരുന്ന കെ. ഗോമതിയമ്മ ഇവരുടെ പുത്രിയാണ്‌.

സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുമൊന്നിച്ച്‌ അനുഭവിക്കേണ്ടിവന്ന ദുഃഖങ്ങളും ദുരിതങ്ങളുമാണ്‌ വ്യാഴവട്ടസ്‌മരണകളില്‍ അതീവ ഹൃദ്യമായി ഇവര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്‌. ഓര്‍മയില്‍ നിന്ന്‌, മഹതികള്‍, താമരശ്ശേരി, കര്‍മഫലം, വീട്ടിലും പുറത്തും, ആരോഗ്യശാസ്‌ത്രം, ആരോഗ്യശാസ്‌ത്രവും ഗൃഹഭരണവും എന്നീ ഗ്രന്ഥങ്ങളും ഇവരുടേതായുണ്ട്‌. 1959 ഒ. 9ന്‌ കല്യാണിയമ്മ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍