This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്യാണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്യാണി

1. കര്‍ണാടകസംഗീതത്തിലെ ഒരു സമ്പൂര്‍ണ മേളകര്‍ത്താരാഗം. 65-ാമത്തെ മേളമായ ഈ രാഗം പ്രതിമധ്യമരാഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. കടപയാദി സംഖ്യാനിര്‍ണയ പദ്ധതിയനുസരിച്ച്‌ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള 72 മേളകര്‍ത്താപദ്ധതിയില്‍ ഈ രാഗം മേചകല്യാണി എന്ന പേരിലറിയപ്പെടുന്നു ധ"മേച' (5, 6) കടപയാദിയനുസരിച്ച്‌ അക്കമാക്കുമ്പോള്‍ 65 എന്നു ലഭിക്കുന്നുപ. ഉത്തരാംഗമേളത്തിലെ ഈ രാഗം 11-ാമത്തെ രുദ്രചക്രത്തില്‍ 5-ാമത്തെ മേളമാണ്‌ (രുദ്ര.മാ.). 29-ാമത്തെ മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ പ്രതിമധ്യമ രാഗമാണ്‌ കല്യാണിരാഗം. അസമ്പൂര്‍ണമേള പദ്ധതിയില്‍ ഈ രാഗം "ശാന്തകല്യാണി' എന്ന പേരിലറിയപ്പെടുന്നു. ബൃഹദ്‌ധര്‍മ പുരാണത്തില്‍ "വസന്ത'രാഗം കല്യാണി എന്ന പേരിലാണ്‌ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്‌. അനേകം ജന്യരാഗങ്ങളുള്ള ഒരു പ്രധാനപ്പെട്ട "കര്‍ത്താ'രാഗമാണ്‌ കല്യാണി. ഷഡ്‌ജം, പഞ്ചമം എന്നീ സ്വരങ്ങള്‍ക്കു പുറമേ ചതുഃശ്രുതിഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, ചതുഃശ്രുതിധൈവതം, കാകലിനിഷാദം എന്നീ സ്വരങ്ങളും ഈ രാഗത്തില്‍ പ്രയോഗിക്കപ്പെടുന്നു. തീവ്രസ്വരങ്ങള്‍ മാത്രം വരുന്ന ഒരു രാഗമായതിനാല്‍ കച്ചേരികളുടെ ആരംഭത്തിലും പ്രധാന രാഗമായും ആണ്‌ ഇത്‌ ആലപിക്കപ്പെടുന്നത്‌. "സര്‍വസ്വര ഗമക വരിക രക്‌തിരാഗ'മായ കല്യാണിരാഗത്തില്‍ ജണ്ടസ്വരപ്രയോഗങ്ങളും, ദാട്ടുവരിശപ്രയോഗങ്ങളും, രാഗത്തിന്റെ ഭംഗിയും സംഗീതാത്‌മകതയും വര്‍ധിപ്പിക്കുന്നു. സമയഭേദമെന്യേ പാടാവുന്ന ഒരു രാഗമാണെങ്കിലുംസന്ധ്യാസമയമാണ്‌ ഈ രാഗത്തിനേറ്റവും ഉചിതം. വീരരസം തുളുമ്പുന്ന ഈ രാഗം ഗായകന്റെ മനോധര്‍മമനുസരിച്ച്‌ വിശദാലാപനയ്‌ക്കും സ്വരപ്രസ്‌താരത്തിനും വകനല്‌കുന്നു. കര്‍ണാടകസംഗീതത്തിലെ ആധാരമേളമായ ഷഡ്‌ജഗ്രാമത്തിന്റെ (ഖരഹരപ്രിയ)ഗാന്ധാരമൂര്‍ച്ഛനമേളമാണ്‌ കല്യാണിരാഗം. ഒരു സര്‍വ സ്വരമൂര്‍ച്ഛന കാരകമേളമായ കല്യാണിരാഗത്തിന്റെ "രി', "ഗ', "പ', "ധ', "നി' എന്നീ സ്വരങ്ങള്‍ യഥാക്രമം ആധാര ഷഡ്‌ജമാക്കി ശ്രുതിഭേദം ചെയ്‌താല്‍ ഹരികാംബോജി, നഠഭൈരവി, ശങ്കരാഭരണം, ഖരഹരപ്രിയ, തോഡി എന്നീ രാഗങ്ങള്‍ ലഭിക്കുന്നതാണ്‌. മിക്ക കര്‍ണാടക സംഗീതജ്ഞരും ഈ രാഗത്തില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്‌. സ്വരജതി, വര്‍ണം, കൃതി, കീര്‍ത്തനം, പദം, രാഗമാലിക എന്നിവയ്‌ക്കുപുറമേ ശ്ലോകം, വിരുത്തം മുതലായവയും ഈ രാഗത്തില്‍ ആലപിക്കപ്പെടാറുണ്ട്‌. സംഗീതികകളിലും, നൃത്തനാടകങ്ങളിലും പ്രധാനപ്പെട്ട ഒരു രാഗമാണ്‌ കല്യാണി.

ഹിന്ദുസ്ഥാനി സംഗീതത്തില്‍ പ്രചരിച്ചിട്ടുള്ള "യമണ്‍ കല്യാണ്‍' കല്യാണിരാഗത്തോടു സാദൃശ്യമുള്ള ഒന്നാണ്‌. ഹംഗേറിയന്‍ സംഗീതത്തിലും കല്യാണിരാഗത്തോടു സാമ്യമുള്ള ഒരിനം രാഗം പ്രചാരത്തിലുണ്ട്‌. യമുനാ കല്യാണിയില്‍ മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ചിട്ടുള്ള "ജംബൂപതേ' എന്ന പഞ്ചലിംഗ സ്ഥലകീര്‍ത്തനത്തില്‍ ഈ രാഗത്തിലെ സ്വരസഞ്ചയങ്ങള്‍ പ്രയോഗിച്ചുകാണുന്നു. "വനജാക്ഷിറോ' (ആദിതാളവര്‍ണം), "നിധിചാലസുഖമാ' (ആദി), "ഏതാവുന്നറാ', "നമ്മിവാചിനാ' (കോവൂര്‍ പഞ്ചരത്‌നം), "സുന്ദരീ നീ ദിവ്യ' (തിരുവട്ടിയൂര്‍ പഞ്ചരത്‌നം) എന്നീ ത്യാഗരാജകൃതികളും; "കമലാംബാം' (ആദി), "ഭജരേ രേചിത' (മിശ്രചാപ്പ്‌) എന്നീ ദീക്ഷിതര്‍ കൃതികളും; "ഹിമാദ്രി സുതേ' എന്ന ശ്യാമാശാസ്‌ത്രി കൃതിയും; "സാരസ സുവദന പങ്കജലോചന', "പാഹിമാം ശ്രീവാഗീശ്വരി' എന്നീ സ്വാതിതിരുനാള്‍ കൃതികളും കല്യാണിരാഗത്തില്‍ ഇന്ന്‌ പ്രചാരത്തിലുള്ളവയാണ്‌.

2. ഒരു ഭാഷാവൃത്തം; ഇരുപത്തിനാലുവൃത്തത്തിലെ അഞ്ചും പതിനാറും "വൃത്ത'ങ്ങളിലാണ്‌ പ്രയുക്തമായിട്ടുള്ളത്‌; അധികം പ്രയോഗിച്ചുകാണുന്നില്ല. കേരള കൗമുദിയില്‍ ഈ വൃത്തത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടില്ല; വൃത്തമഞ്‌ജരിയിലെ ഭാഷാവൃത്തപ്രകരണത്തില്‍ ഇരുപത്തിനാലു വൃത്തത്തിലെ "വൃത്ത'ങ്ങളെക്കുറിച്ചു പ്രസ്‌താവിക്കുമ്പോഴാണ്‌ കല്യാണീവൃത്തവും പരാമൃഷ്ടമായിട്ടുള്ളത്‌. "കല്യാണി തഗണം മൂന്നു ഗുരു രണ്ടോടു ചേരുകില്‍' എന്ന്‌ സംസ്‌കൃതത്തിലെ വര്‍ണവൃത്തമട്ടില്‍ ലക്ഷണം കല്‌പിച്ച്‌,

"കല്യാണരൂപീ വനത്തിന്നു പോവാന്‍
വില്ലും ശരം കൈപിടിച്ചോരു നേരം
മെല്ലെപ്പുറപ്പെട്ടു പിന്നാലെ സീതാ
കല്യാണിനീ ദേവി ശ്രീരാമരാമ'.
 

എന്നു ലക്ഷ്യവും നല്‌കിയിരിക്കുന്നു. എന്നാല്‍ ഇരുപത്തിനാലു വൃത്തം അഞ്ചും പതിനാറും "വൃത്ത'ങ്ങളിലെ പല വരികള്‍ക്കും പ്രസ്‌തുത ലക്ഷണം യോജിക്കുന്നില്ല; ഗുരൂകരണ ലഘൂകരണ പ്രക്രിയകൊണ്ട്‌ യോജിപ്പിക്കേണ്ടതായിട്ടാണിരിക്കുന്നത്‌. ഉദാഹരണമായി, "അംഗാര നേത്രനെടുത്തങ്ങു ചൂടും' എന്ന വരിയില്‍ മധ്യഗണം തഗണമല്ല; മധ്യാക്ഷര ഗുരൂകരണം കൊണ്ട്‌ തഗണമാക്കണം. അപ്പോള്‍ ഇത്‌ മാത്രാധിഷ്‌ഠിതമായ, പാടി ഒപ്പിക്കാവുന്ന ഗുരുലഘു നിബന്ധനത്തോടുകൂടിയ ഒരു ഭാഷാവൃത്തമാണെന്നു സിദ്ധിക്കുന്നു. വൃത്തമഞ്‌ജരിയില്‍ ദ്രുതകാകളി എന്നു പേരു നല്‌കിയിട്ടുള്ള ഊനകാകളീവിശേഷത്തോടാണ്‌ ഇതിന്‌ അടുപ്പമുള്ളത്‌. വൃത്തമഞ്‌ജരിയില്‍ കല്യാണിക്കുള്ള ലക്ഷണം സംസ്‌കൃതത്തിലെ വിധ്വങ്കമാലയുടേതുതന്നെയാണ്‌.

	"തംതം ത ഗംഗം ഹി വിധ്വങ്കമാലാ';
	കാരുണ്യ ലാവണ്യ സൗജന്യപൂര്‍ത്തിഃ

	ദൂരീകൃതാശേഷ സാംസാരികാര്‍ത്തിഃ
	പായാത്‌ ത്രിലോകീ പ്രസാരീദ്ധ കീര്‍ത്തിഃ
	കാളായ സൂനാഭ ഗോപാലമൂര്‍ത്തിഃ'
 

എന്നിങ്ങനെ വിധ്വങ്കമാലയ്‌ക്കു ലക്ഷ്യലക്ഷണ സമന്വയം ചെയ്യാം. പക്ഷേ വിധ്വങ്കമാല, ഗുരുലഘ്വക്ഷര നിയതത്വമുള്ള സംസ്‌കൃത വര്‍ണവൃത്തവും കല്യാണി ഗുരൂകരണ ലഘൂകരണങ്ങള്‍ യഥേഷ്ടം അനുവദിച്ചിട്ടുള്ള മാത്രാധിഷ്‌ഠിത ഭാഷാവൃത്തവുമാണ്‌. നോ: ഭാഷാവൃത്തങ്ങള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍