This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്യാണസൗഗന്ധികം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്യാണസൗഗന്ധികം

ഭീമനും പാഞ്ചാലിയും - കല്യാണസൗഗന്ധികം

മഹാഭാരത പ്രസിദ്ധമായ ഒരു കഥാസന്ദര്‍ഭം. ചമ്പു, തുള്ളല്‍, ആട്ടക്കഥ തുടങ്ങി വിവിധ സാഹിത്യരൂപങ്ങളില്‍ ഈ കഥ മലയാളഭാഷയില്‍ അവതരിക്കപ്പെട്ടിട്ടുള്ളതില്‍ ഏറെ പ്രസിദ്ധം കുഞ്ചന്‍നമ്പ്യാരുടെ കല്യാണസൗഗന്ധികം ശീതങ്കന്‍ തുള്ളലാണ്‌. മഹാഭാരതം ആരണ്യപര്‍വം തീര്‍ഥയാത്രാഘട്ടത്തിലെ ഒന്‍പത്‌ അധ്യായങ്ങളിലായി വിവരിക്കുന്ന കഥയാണ്‌ സൗഗന്ധികാപഹരണം.

പാഞ്ചാലിയുടെ അഭ്യര്‍ഥനപ്രകാരം സൗഗന്ധിക പുഷ്‌പമന്വേഷിച്ചു പുറപ്പെട്ട സാഹസികനായ ഭീമനെ അപകടത്തില്‍ നിന്നു രക്ഷിക്കുവാനായി ജ്യേഷ്‌ഠനായ ഹനുമാന്‍ ഒരു വൃദ്ധവാനരന്റെ രൂപം സ്വീകരിച്ച്‌ കദളീവനത്തില്‍ വച്ചു മാര്‍ഗതടസ്സം ചെയ്‌തു. "എനിക്കു വയ്യെഴുന്നേല്‍ക്കാന്‍ വ്യാധീപീഡിതനാണു ഞാന്‍. പോകണം തീര്‍ച്ചയാണെന്നാലെന്നെച്ചാടിക്കടക്കെടോ' (ഭാഷാഭാരതംആരണ്യപര്‍വം) എന്ന്‌ വിനയാന്വിതനായാണ്‌ ഹനുമാന്റെ തുടക്കം. മുറിച്ചു കടക്കാന്‍ മടികാണിച്ച ഭീമനോട്‌ "എന്നില്‍ കനിഞ്ഞീ വാലൊന്ന്‌ മാറ്റിവച്ചു ഗമിക്കെടോ' എന്നാണ്‌ വൃദ്ധന്റെ മറുപടി. ധിക്കാരിയായ വൃദ്ധവാനരനെ വാലില്‍ പിടിച്ച്‌ തൂക്കിയെറിയാന്‍ തോന്നിയെങ്കിലും ഭീമന്‌ വാനരപുച്ഛത്തെ പൊക്കി മാറ്റാനുള്ള ക്ഷമയുണ്ടായി. പക്ഷേ കാര്യം പറ്റിയില്ല. ആവതു ശ്രമിച്ചിട്ടും വാല്‌ തരിമ്പും ഇളകാതെ വന്നപ്പോള്‍ ബലവാനായ ഈ വാനരരൂപി ആരെന്നു ഭീമന്‍ ചോദിച്ചു. വാനരശ്രഷ്‌ഠനാകട്ടെ രാമായണകഥ സംഗ്രഹിച്ച്‌ അതിലെ വീരപാത്രമായ ഹനുമാനാണ്‌ താനെന്നും അനുജന്റെ രക്ഷയ്‌ക്കുവേണ്ടിയാണ്‌ താന്‍ മാര്‍ഗവിഘ്‌നം നടത്തിയതെന്നും വിശദമാക്കി. ഭീമന്‌ ജ്യേഷ്‌ഠന്റെ യഥാര്‍ഥരൂപം കാണണമെന്നായി. ഹനുമാന്‍ അതിനു വിസമ്മതിച്ചെങ്കിലും "കാണാതെ പോകില്ല ഞാന്‍' എന്നു വാശിപിടിച്ചപ്പോള്‍ ഹനുമാന്‍ പൂര്‍വരൂപം പ്രദര്‍ശിപ്പിച്ചു. അനന്തരം ഹനുമാന്‍ ക്ഷത്രിയധര്‍മങ്ങളും മറ്റും ഉപദേശിച്ച്‌ അനുജനെ സൗഗന്ധികവനത്തിലേക്കു യാത്രയാക്കി. കുബേരവാപിയില്‍ ചെന്നിറങ്ങിയ ഭീമസേനന്‍ കാവല്‍ക്കാരായ ക്രാധവശന്മാരുമായി ഏറ്റുമുട്ടി. വിവരമറിഞ്ഞപ്പോള്‍

"ഭീമന്‍ പറിക്കട്ടെ സരോരുഹങ്ങള്‍
കൃഷ്‌ണയ്‌ക്കു വേണ്ടീട്ടിതറിഞ്ഞിരിപ്പേന്‍'

എന്നായിരുന്നു കുബേരന്റെ മറുപടി. ഇതിനിടയില്‍ ചില ദുര്‍ന്നിമിത്തങ്ങള്‍ കണ്ട്‌ ധര്‍മജാദികള്‍ ഭീമനെ തിരക്കി പുറപ്പെട്ടു. കുബേരവാപിയിലെത്തിയ ധര്‍മപുത്രരെയും കൂട്ടുകാരായ ബ്രാഹ്മണരെയും മറ്റും കണ്ട്‌ മര്യാദക്കാരെന്നു കരുതി രാക്ഷസന്മാര്‍ അവരെ സത്‌കരിച്ചതേയുള്ളു. കുബേരനറികെത്തന്നെ എല്ലാവരും കുറേക്കാലം അവിടെ കഴിച്ചുകൂട്ടി. ഇതാണ്‌ മഹാഭാരതത്തില്‍ കല്യാണസൗഗന്ധികത്തിന്റെ കഥാസാരം. മനോധര്‍മമനുസരിച്ച്‌ നമ്പ്യാര്‍ ഈ കഥയില്‍ അല്‌പം ചില വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്‌. തുള്ളലില്‍ ഹനുമാന്‍ ഭീമനെ വല്ലാതെ കളിയാക്കുകയും നാടകീയമായി തന്റെ യഥാര്‍ഥ രൂപം കാണിക്കുകയുമാണ്‌ ചെയ്യുന്നത്‌.

	"ദുശ്ശാസനന്‍ പണ്ടു ദുര്യോധനോക്‌തമാം 
	ദുശ്ശാസനം കൊണ്ടു മണ്ടിവന്നങ്ങനെ
	അഞ്ചുപേര്‍ നിങ്ങളും നോക്കിനില്‍ക്കെത്തന്നെ
	പാഞ്ചാലിയെ ചെന്നടിച്ച്‌ തലമുടി
	ചുറ്റിപ്പിടിച്ചു വലിച്ചിഴച്ചങ്ങനെ
	മറ്റും മഹാജനം നോക്കിനില്‍ക്കും വിധൗ
	മുറ്റത്തു കൊണ്ടന്നു താഡിച്ചു താഡിച്ചു
	തെറ്റെന്നുടുത്ത പുടവ വലിച്ചഴി
	ച്ചറ്റമില്ലാതുള്ളപരാധവും ചെയ്‌തു;
	കണ്ണും മിഴിച്ചങ്ങു കണ്ടുനിന്നീടിന
	പൊണ്ണത്തടിയനാം നിന്റെ പരാക്രമം
	കാശിക്കു പോയോ കഥിക്ക വൃകോദര...'
 

തുടങ്ങിയ ഭാഗങ്ങള്‍ നമ്പ്യാരുടെ പരിഹാസോക്തിയുടെയും കാവ്യശൈലിയുടെയും ഉത്തമോദാഹരണങ്ങളാണ്‌. അവസാനഭാഗത്തില്‍ രാക്ഷസന്മാരെയെല്ലാം അടിച്ചോടിച്ച്‌ സൗഗന്ധികങ്ങള്‍ ശേഖരിച്ച്‌ ഭാര്യയ്‌ക്കു സമര്‍പ്പിച്ചു എന്നു ചുരുക്കിപ്പറഞ്ഞിരിക്കുന്നതിലും, മൂലകഥയില്‍ എതാനും വരികളില്‍ പരാമര്‍ശിക്കമാത്രം ചെയ്‌തിരിക്കുന്ന രാമായണകഥ അല്‌പം ദീര്‍ഘമായി ഉപന്യസിച്ചതിലും നമ്പ്യാര്‍ സഹൃദയരുടെ അഭിനന്ദനം അര്‍ഹിക്കുന്നു.

ശീതങ്കന്‍ തുള്ളലുകളില്‍ സാധാരണ ഉപയോഗിക്കാറുള്ള കാകളി, കളകാഞ്ചി, അജഗരഗമനം എന്നീ വൃത്തങ്ങളാണ്‌ നമ്പ്യാര്‍ കല്യാണസൗഗന്ധികത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌. 1398 വരികളുള്ള ഈ കൃതിയുടെ രചന ഒറ്റ ദിവസം കൊണ്ടാണ്‌ നമ്പ്യാര്‍ നിര്‍വഹിച്ചതെന്ന്‌ ഒരു വിശ്വാസമുണ്ട്‌. എന്നാല്‍ "കായാമ്പൂ മലര്‍ക്കുള്ളിലായാസം വളര്‍ക്കുന്ന കായാ, കാര്‍മുകില്‍ വര്‍ണാ!' എന്നു തുടങ്ങിയ ദേവതാസ്‌തുതി ഇടയ്‌ക്കു വീണ്ടും കാണുന്നതുമുതലുള്ള ഭാഗം മറ്റൊരു ദിവസം എഴുതിയതായിരിക്കാം എന്ന്‌ അഭിപ്രായപ്പെടുന്ന വരും രസവിച്ഛിത്തി വരുത്തുന്ന പ്രസ്‌തുത ദേവതാസ്‌തുതിതന്നെ പ്രക്ഷിപ്‌തമാണെന്ന്‌ അഭിപ്രായപ്പെടുന്നവരും ഉണ്ട്‌.

കല്യാണശബ്‌ദത്തിന്‌ മംഗളം, സ്വര്‍ണം, സ്വര്‍ഗം, സുന്ദരം, ആഘോഷം, ക്ഷേമം എന്ന്‌ സംസ്‌കൃതത്തിലും വിവാഹം എന്ന്‌ മലയാളത്തിലും അര്‍ഥമുണ്ട്‌. കല്യാണസൗഗന്ധികം എന്ന വാക്കിനെച്ചൊല്ലി ഒരു വാദപ്രതിവാദം തന്നെ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്‌. സാഹിത്യപഞ്ചാനനന്‍ കല്യാണ(സ്വര്‍ണ)വര്‍ണമായ സൗഗന്ധികമെന്നും, സി.ഐ. രാമന്‍ നായര്‍ കല്യാണ(മംഗള)മായ സൗഗന്ധികമെന്നും ഈ സമസ്‌തപദത്തെ വ്യാഖ്യാനിക്കുകയുണ്ടായി. സൗഗന്ധികത്തിന്‌ കല്‍ഹാരം എന്നും സ്വര്‍ണനിറമുള്ള ചെങ്ങഴിനീര്‍ പ്പൂവ്‌ എന്നുമാണ്‌ കോശങ്ങളില്‍ അര്‍ഥം നല്‌കിയിരിക്കുന്നത്‌. മറ്റു പല ഘടകങ്ങളിലും എന്നപോലെ പേരിന്റെ കാര്യത്തിലും നമ്പ്യാര്‍ കല്യാണസൗഗന്ധികം ചമ്പുവിനെ അനുകരിച്ചിട്ടുണ്ടാവാം എന്ന്‌ അനുമാനിക്കാവുന്നതാണ്‌. ചമ്പുവില്‍ കല്യാണശബ്‌ദത്തിന്റെ നാനാര്‍ഥങ്ങള്‍ സൗഗന്ധിക ശബ്‌ദത്തിനു യോജിപ്പിക്കാമെന്നതിനുപുറമേ കുബേരന്റെ പൊയ്‌കയുടെ പേരും ലക്ഷ്യമാക്കിയിട്ടുണ്ടാവാമെന്ന്‌ ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കുബേരന്റെ കല്യാണവാപിയിലെ സൗഗന്ധികമെന്ന്‌ അര്‍ഥമാക്കുന്നത്‌ സംഗതമല്ല.കാവ്യഭംഗിയുടെ കാര്യത്തില്‍ നമ്പ്യാരുടെ ഇതര കൃതികളെക്കാള്‍ മുന്നിലാണ്‌ കല്യാണസൗഗന്ധികം. മധുരമായ പദാവലിയും ചടുലമായ രചനാരീതിയും ഇന്നും ഈ കൃതി രംഗത്തവതരിപ്പിക്കാന്‍ തുള്ളല്‍ക്കാരെ പ്രരിപ്പിക്കുന്നു. നമ്പ്യാര്‍ തന്നെ ഈ കഥ ആട്ടക്കഥാരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അത്‌ അത്ര പ്രസിദ്ധമല്ല.

കോട്ടയത്തു തമ്പുരാന്റെ കല്യാണസൗഗന്ധികം ആട്ടക്കഥാസാഹിത്യത്തില്‍ വളരെ പേരുകേട്ടതാണ്‌. കാര്‍ത്തിക തിരുനാള്‍ തമ്പുരാന്റേതായും ഇതേ പേരില്‍ ഒരു ആട്ടക്കഥയുണ്ട്‌. ചാക്യാന്മാര്‍ക്ക്‌ പാഠകം പറയുന്നതിനുവേണ്ടി കൊല്ലവര്‍ഷം 10-ാം ശ.ത്തില്‍ നിര്‍മിക്കപ്പെട്ട ഒരു സംസ്‌കൃതകൃതിയും (അജ്ഞാത കര്‍ത്തൃകം), നീലകണ്‌ഠകവിയുടേതായി കരുതപ്പെടുന്ന ഒരു വ്യായോഗവും, കോടശ്ശേരി കുഞ്ഞന്‍ തമ്പാന്റെ ഒരു നാടകവും, തേലപ്പുറത്തു നാരായണന്‍ നമ്പിയുടെ ഒരു ഖണ്ഡകാവ്യവും, സൗഗന്ധികാഹരണ കഥയെ ആസ്‌പദമാക്കിയുള്ളവയാണ്‌. 16-ാം ശ.ത്തില്‍ രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന കല്യാണസൗഗന്ധികം ചമ്പുവും ഇവിടെ പരാമര്‍ശം അര്‍ഹിക്കുന്നു. ഇതിന്റെ കര്‍ത്താവാരെന്ന്‌ നിര്‍ണയിക്കപ്പെട്ടിട്ടില്ല.

വാതില്‍ തുറപ്പാട്ട്‌ (ഒരു താളിയോല ഗ്രന്ഥം), പരവൂര്‍ കേശവനാശാന്റെ അമ്മാനപ്പാട്ട്‌, ഏകവൃത്തത്തിലുള്ള കൈകൊട്ടിക്കളിപ്പാട്ട്‌ (അജ്ഞാത കര്‍ത്തൃകം), മച്ചാട്ടിളയതിന്റെ അതിമനോഹരമായ ഒരു ഗാനം എന്നീ രൂപങ്ങളിലും മലയാളസാഹിത്യത്തില്‍ സൗഗന്ധിക കഥ സുവിദിതമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍