This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്യാണകൃഷ്‌ണ ഭാഗവതര്‍, എം.എ. (1913 - 79)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്യാണകൃഷ്‌ണ ഭാഗവതര്‍, എം.എ. (1913 - 79)

ദക്ഷിണേന്ത്യയിലെ കര്‍ണാടകസംഗീതജ്ഞനും വീണാവാദകനും. 1913 ഒ. 10നു പാലക്കാട്ട്‌ മഞ്ഞപ്രയില്‍ സംഗീതജ്ഞരുടെ ഒരു കുടുംബത്തില്‍ ജനിച്ചു. ഏഴാം ക്ലാസ്സുവരെയുള്ള പഠനത്തിനുശേഷം പിതാവില്‍ നിന്ന്‌ വീണയും വായ്‌പ്പാട്ടും അഭ്യസിച്ചു. 1935 മുതല്‍ 40 വരെ തിരുവനന്തപുരത്തുള്ള ശ്രീ സ്വാതിതിരുനാള്‍ മ്യൂസിക്‌ അക്കാദമിയില്‍ പ്രാഫസറായിരുന്നു. തുടര്‍ന്ന്‌ മദ്രാസിലെ "സെന്‍ട്രല്‍ കോളജ്‌ ഒഫ്‌ കര്‍ണാട്ടിക്‌ മ്യൂസിക്കി'ല്‍ വൈണികാധ്യാപകനായി.

1957ല്‍ മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ഇദ്ദേഹം അനേകം കച്ചേരികള്‍ നടത്തുകയുണ്ടായി. കര്‍ണാടകസംഗീതത്തിനുള്ള കേരളസംഗീത നാടക അക്കാദമിയുടെ അവാര്‍ഡ്‌ (1962) ലഭിച്ച ആദ്യത്തെ സംഗീതജ്ഞനാണ്‌ ഇദ്ദേഹം. 1964ല്‍ കാഠ്‌മണ്ടു (നേപ്പാള്‍)വില്‍ വച്ചു നടത്തപ്പെട്ട കലാസാംസ്‌കാരിക സമ്മേളനത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. 1966ല്‍ ശ്രീലങ്കയിലെ മ്യൂസിക്‌ അക്കാദമിയില്‍ പ്രിന്‍സിപ്പലായി നിയമിതനായി. 1969 മുതല്‍ 71 വരെ ഇദ്ദേഹം യു.എസ്സിലെ വെസ്‌ലിയന്‍ സര്‍വകലാശാലയില്‍ സംഗീതത്തിന്റെ വിസിറ്റിങ്‌ പ്രാഫസറായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന്‌ കര്‍ണാട്ടിക്‌ കോളജില്‍ സേവനം പുനരാരംഭിക്കുകയും 1972ല്‍ സര്‍വീസില്‍ നിന്നു വിരമിക്കുകയും ചെയ്‌തു.

സ്വാതിതിരുനാള്‍ കൃതികള്‍ പ്രചരിപ്പിക്കുന്നതിനായി തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളും സി.പി. രാമസ്വാമി അയ്യര്‍, മുത്തയ്യാഭാഗവതര്‍ എന്നിവരും ചേര്‍ന്ന്‌ ആസൂത്രണം ചെയ്‌ത പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ കല്യാണകൃഷ്‌ണഭാഗവതര്‍ ഏറെ പരിശ്രമിച്ചിട്ടുണ്ട്‌. വീണ വായനയിലും സംഗീതാലാപനത്തിലും തുല്യപ്രാവീണ്യം നേടിയിട്ടുള്ള ചില കലാകാരന്മാരില്‍ ഒരാളാണ്‌ ഇദ്ദേഹം. ഹ്രസ്വരാഗാലാപനത്തിലൂടെ രാഗഭാവം പൂര്‍ണമായി സ്‌ഫുരിപ്പിക്കുന്നതിലുള്ള കഴിവ്‌ ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്‌. ഉച്ചാരണശുദ്ധിയും ഭാവഗാംഭീര്യവും സുഗമവും ആകര്‍ഷകവുമായ സ്വരപ്രസ്‌താരവും ഇണക്കിച്ചേര്‍ത്തു തന്റേതായ ഒരു ശൈലി തന്നെ ഇദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്‌. 1979 ജൂല. 14നു ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍