This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്യാണകഘൃതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്യാണകഘൃതം

ആയുര്‍വേദവിധി പ്രകാരം തയ്യാറാക്കുന്ന ഒരു തരം നെയ്. കല്യാണഘൃതം എന്ന പേരിലും അറിയപ്പെടുന്നു. വാഗ്‌ഭടന്റെ അഷ്ടാംഗസംഗ്രഹം, അഷ്ടാംഗഹൃദയം എന്നീ ഗ്രന്ഥങ്ങളിലും മറ്റും ഈ ഘൃതം ഒരു വിശിഷ്ടയോഗമായി വിവരിക്കുന്നുണ്ട്‌. അഷ്ടാംഗഹൃദയത്തില്‍ (ഉത്തരസ്ഥാനംഉന്മാദ പ്രതിഷേധം) ഇതിന്റെ യോഗം, ഫലശ്രുതി എന്നിവ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌.

	"വരാവിശാലാവഡൈ്‌റലാദേവദാര്‍വ്വേല വാലുകൈഃ
	ദ്വിശാരിബാ ദ്വിരജനീ ദ്വി സ്ഥിരാഫലിനീ നതൈഃ
	ബൃഹതീ കുഷ്‌ഠമഞ്‌ജിഷ്‌ഠാ നാഗകേസര ഡാഡിമൈഃ
	വേല്ലതാലീസപത്രലാ മാലതീമുകുളോല്‌പലൈഃ
	സദന്തീ പദ്‌മക ഹിമൈഃ കര്‍ഷാംശൈസ്സര്‍പ്പിഷഃ പചേത്‌
	പ്രസ്ഥം ഭൂത ഗ്രഹോന്മാദാകാസാപസ്‌മാര പാപ്‌മസു
	പാണ്ഡു കണ്ഡൂവിഷേശോഫേമേഹേമോഹേ ജ്വരേഗരേ
	അരേതസ്യല്‌പ രജസി ദൈവോപഹതചേതസി
	അമേധസി സ്‌ഖലദ്വാപി സ്‌മൃതികാമേല്‌പ പാവകേ
	ബല്യം മംഗള്യമായുഷ്യം കാന്തിസൗഭാഗ്യ പുഷ്ടിദം
	കല്യാണകമിദം സര്‍പ്പിഃ ശ്രഷ്‌ഠം പുംസവനേഷുച'.
			     (അധ്യായം VI ശ്ലോകം 27-31)
 

(കടുക്ക, നെല്ലിക്ക, താന്നിക്ക, കാട്ടുവെള്ളരിവേര്‌, ചിറ്റേലം, ദേവതാരം, ഏലാവാലുകം, നന്നാരിക്കിഴങ്ങ്‌, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, പാര്‍വള്ളിക്കിഴങ്ങ്‌, ഓരില വേര്‌, മുവ്വിലവേര്‌, ഞാഴല്‍പ്പൂവ്‌, തകരം, ചെറുവഴുതനവേര്‌, കൊട്ടം, മഞ്ചട്ടി, നാഗപ്പൂവ്‌, ഉറുമ്മാമ്പഴത്തോട്‌, വിഴാലരി, താലീസപത്രം, ഏലത്തരി, പിച്ചകമൊട്ട്‌, ചെങ്ങഴിനീര്‍ക്കിഴങ്ങ്‌, നാഗദന്തിവേര്‌ ശുദ്ധി ചെയ്‌തത്‌, പതിമുഖം, ചന്ദനം എന്നീ ഇരുപത്തിയെട്ടു മരുന്നുകള്‍ എടുത്ത്‌ വെള്ളത്തില്‍ അരച്ചുകലക്കി നെയ്യു ചേര്‍ത്തു വിധിപ്രകാരം കാച്ചിയരിക്കുക). 22.5 ലിറ്റര്‍ ഘൃതം ഉണ്ടാക്കുന്നതിന്‌ മേല്‌പറഞ്ഞ മരുന്നുകളോരോന്നും 175 ഗ്രാം വീതമെടുത്ത്‌ 90 ലിറ്റര്‍ വെള്ളത്തില്‍ അരച്ചു കലക്കണം.

ഭൂതഗ്രഹം, ഉന്മാദം, അപസ്‌മാരം, രക്തക്ഷയം, ത്വഗ്രാഗങ്ങള്‍, വിഷം, ശോഷം, പ്രമേഹം, ബോധക്ഷയം, പഴകിയജ്വരം, കൂട്ടുവിഷം, ശുക്ലക്ഷയം, ആര്‍ത്തവക്ഷയം, ബുദ്ധിക്ഷയം, ബുദ്ധിക്കു ഗ്രഹണസാമര്‍ഥ്യം കുറയല്‍, വാക്കിന്‌ പതറല്‍, ഓര്‍മക്കുറവ്‌, അഗ്‌നിമാന്ദ്യം എന്നീ രോഗങ്ങള്‍ക്ക്‌ കല്യാണകഘൃതം ഔഷധമായി ഉപയോഗിക്കുന്നു. ആരോഗ്യത്തിനും ആയുസ്സിനും ബലത്തിനും നന്ന്‌; മംഗളകരവുമാണ്‌. കല്യാണകഘൃതം പുംസവനങ്ങളില്‍ ശ്രഷ്‌ഠവുമാണ്‌.

ഫലശ്രുതിയില്‍ അവസാനമായിപ്പറഞ്ഞ ഗുണം കൂടിയുള്ളതുകൊണ്ട്‌ ഗര്‍ഭിണികളും ഇത്‌ നിത്യം ശീലിക്കുന്നത്‌ അഭികാമ്യമാണെന്നാണ്‌ ആയുര്‍വേദമതം.

(ഡോ. പി.ആര്‍. വാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍