This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലോറിക്‌ സിദ്ധാന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലോറിക്‌ സിദ്ധാന്തം

Caloric Theory

താപം, കലോറിക്‌ എന്ന ഒരു ദ്രാവകമാണെന്ന സിദ്ധാന്തം. ജോസഫ്‌ ബ്ലാക്ക്‌ (1728-99) ആണ്‌ ഈ സിദ്ധാന്തം അവതരിപ്പിച്ചത്‌. ഉത്‌പാദിപ്പിക്കാനോ നശിപ്പിക്കാനോ സാധിക്കാത്ത ഈ ദ്രാവകം, സര്‍വവ്യാപിയും എല്ലാ പദാര്‍ഥങ്ങളിലൂടെയും യഥേഷ്ടം കടന്നുപോകുന്നതുമാകുന്നു എന്ന്‌ അദ്ദേഹം സിദ്ധാന്തിച്ചു. അതിന്റെ ഉയര്‍ന്ന ഇലാസ്‌തികതയോടു കൂടിയ കണങ്ങള്‍ പദാര്‍ഥത്തെ ശക്തിയായി വികര്‍ഷിക്കുന്നതിനാല്‍ വസ്‌തുക്കള്‍ ചൂടാക്കുമ്പോള്‍ വികസിക്കുന്നു. ഉയര്‍ന്ന വിതാനത്തില്‍ നിന്നു താഴ്‌ന്ന വിതാനത്തിലേക്ക്‌ ദ്രാവകം പ്രവഹിക്കുന്നതുപോലെ കലോറിക്‌ കണങ്ങളും ഉയര്‍ന്ന താപനിലയുള്ള വസ്‌തുവില്‍ നിന്നു താഴ്‌ന്ന താപനിലയുള്ള വസ്‌തുവിലേക്കു പ്രവഹിക്കുന്നു. ഏതെങ്കിലും വസ്‌തുക്കളുമായി ഇവ ചേരുമ്പോള്‍ വസ്‌തുവിന്റെ താപനില വര്‍ധിക്കുന്നു; കണങ്ങളെ നീക്കം ചെയ്യുന്ന പക്ഷം താപനില കുറയുന്നു. ചൂടു കൂടുമ്പോള്‍ വസ്‌തുക്കളുടെ ദ്രവ്യമാനം വര്‍ധിക്കാത്തതിനാല്‍ കലോറിക്‌ കണങ്ങള്‍ക്ക്‌ ഭാരം ഇല്ലെന്നും വസ്‌തുക്കള്‍ ചൂടുപിടിക്കുമ്പോള്‍ കൂടുതല്‍ കണങ്ങളെ ഉള്‍ക്കൊള്ളുന്നതുമൂലം വ്യാപ്‌തം വര്‍ധിക്കുന്നുവെന്നും അനുമാനിച്ചു. വിവിധ വസ്‌തുക്കളുടെ താപധാരിതയിലുള്ള വ്യത്യാസം വിവിധ പദാര്‍ഥങ്ങള്‍ വ്യത്യസ്‌ത തോതുകളില്‍ കലോറിക്‌ കണങ്ങളെ സ്വീകരിക്കുന്നതു മൂലമാണെന്നും സങ്കല്‌പിക്കപ്പെട്ടു. ഹിമത്തില്‍ നിന്ന്‌ ജലവും നീരാവിയും ലഭ്യമാകുന്നതിനെ ഇപ്രകാരം വിശദീകരിച്ചു; അതായത്‌ ഒരു നിശ്ചിത അനുപാതത്തില്‍ ഹിമവും കലോറിക്‌ കണങ്ങളും ചേരുമ്പോള്‍ ജലവും, ഇതില്‍ കൂടുതല്‍ കലോറിക്‌ ചേരുമ്പോള്‍ നീരാവിയും ലഭ്യമാകുന്നു. അന്ന്‌ നിലവിലുള്ള മിക്ക പരീക്ഷണഫലങ്ങള്‍ക്കും വിശദീകരണം നല്‌കുവാന്‍ കലോറിക്‌ സിദ്ധാന്തത്തിനു കഴിഞ്ഞുവെങ്കിലും 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ റംഫോഡ്‌ പ്രഭു ചില പരീക്ഷണങ്ങളിലൂടെ കലോറിക്‌ സിദ്ധാന്തം തെറ്റാണെന്നു തെളിയിച്ചു. പീരങ്കി നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു ഉപകരണം കൊണ്ട്‌ ഒരു ലോഹദണ്ഡ്‌ തുരക്കുകയാണെങ്കില്‍, ഉപയോഗിക്കപ്പെട്ട ശക്തി സ്ഥിരമായിരിക്കേ, ജന്യമാകുന്ന താപം ഉപകരണത്തിന്റെ മൂര്‍ച്ചയെ ആശ്രയിക്കുന്നില്ലെന്നും തുരക്കുന്നതുവഴി ലഭ്യമാകുന്ന ലോഹക്കഷണങ്ങളുടെ ഉത്‌പാദനനിരക്ക്‌ ഉപകരണത്തിന്റെ മൂര്‍ച്ചയെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കണ്ടെത്തി. മാത്രമല്ല മൂര്‍ച്ച കുറഞ്ഞ ഒരുപകരണം കൊണ്ട്‌ തുരക്കുമ്പോള്‍ വളരെയധികം താപം ഉണ്ടാക്കപ്പെടുന്നുവെന്നും ഈ താപനില വര്‍ധനവ, vഘര്‍ഷണത്തിനെതിരെ ചെയ്‌ത പ്രവൃത്തിയെ മാത്രം ആശ്രയിക്കുന്നുവെന്നും അദ്ദേഹം കണ്ടെത്തി. ഉത്‌പാദിപ്പിക്കപ്പെടുന്ന താപവും ചെയ്യുന്ന പ്രവൃത്തിയും തമ്മിലുള്ള കൃത്യമായ ബന്ധം പിന്നീട്‌ ജൂള്‍ പരീക്ഷണങ്ങളിലൂടെ കണ്ടെത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍