This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലോമല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലോമല്‍

Calomel

ഒരു രാസസംയുക്തം. മെര്‍ക്കുറിയുടെ +1 ഓക്‌സീകരണാവസ്ഥയിലുള്ള ക്ലോറൈഡാണ്‌ ഇത്‌. രാ.നാ. മെര്‍ക്കുറസ്‌ ക്ലോറൈഡ്‌. പ്രകൃതിയില്‍ ദുര്‍ലഭമായി ചതുഷ്‌കോണീയ (tetragonal) പരലുകളായി കാണപ്പെടുന്നു. ഫോര്‍മുല: Hg2 Cl2 16-ാം ശ. മുതല്‍ തന്നെ ഒരു ഔഷധമെന്ന നിലയില്‍ കലോമല്‍ ഉപയോഗിച്ചിരുന്നു. അക്കാലത്ത്‌ ഏറ്റവും പ്രചാരമുള്ള വിരേചകൗഷധങ്ങളില്‍ ഒന്നായിരുന്നു കലോമല്‍. കാലക്രമേണ ഇതിന്റെ വിഷാലുത്വം മനസ്സിലാവുകയും കൂടുതല്‍ സുരക്ഷിതമായ മറ്റു വിരേചകൗഷധങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്‌തതോടെ ഔഷധം എന്ന നിലയിലുള്ള കലോമലിന്റെ ഉപയോഗം കുറഞ്ഞു. വീര്യംകുറഞ്ഞ ചില ലേപനങ്ങള്‍ തയ്യാറാക്കാന്‍ മാത്രമേ കലോമല്‍ ഇപ്പോള്‍ ഉപയോഗിക്കാറുള്ളു. കരളിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാന്‍ കലോമല്‍ പര്യാപ്‌തമാണെന്ന്‌ കരുതപ്പെട്ടിരുന്നു. കുമിള്‍നാശിനി എന്ന നിലയിലുള്ള കലോമലിന്റെ ഉപയോഗവും ഇപ്പോള്‍ മന്ദീഭവിച്ചിരിക്കുന്നു.

പ്രധാനമായി കലോമല്‍ ഇലക്‌ട്രാഡ്‌ നിര്‍മിക്കാനാണുപയോഗിക്കുന്നത്‌. രണ്ടു രീതിയില്‍ കലോമല്‍ നിര്‍മിക്കാം: ശുഷ്‌കരീതി, ആര്‍ദ്രരീതി. രണ്ടു രീതികളിലും ഒരേ തത്ത്വം തന്നെയാണ്‌ ഏറെക്കുറെ ഉപയോഗിക്കുന്നത്‌. അതായത്‌ മെര്‍ക്കുറി (II) ക്ലോറൈഡിന്റെ നിരോക്‌സീകരണം.

ശുഷ്‌കരീതിയില്‍ മെര്‍ക്കുറിക്‌ ക്ലോറൈഡും മെര്‍ക്കുറിയും ചേര്‍ന്ന മിശ്രിതമോ, മെര്‍ക്കുറിക്‌ സള്‍ഫേറ്റ്‌, മെര്‍ക്കുറി, സോഡിയം ക്ലോറൈഡ്‌ എന്നിവയുടെ നല്ലതുപോലെ അരച്ചുചേര്‍ത്ത മിശ്രിതമോ ചൂടാക്കുന്നു. മെര്‍ക്കുറി (II) യുടെ നിരോക്‌സീകരണത്താലുണ്ടാകുന്ന കലോമല്‍ ഉത്‌പതിക്കുന്നു.

Hg Cl2 + Hg → Hg2 Cl2
Hg SO4 + Hg + 2 NaCI → Na2 SO4 + Hg2Cl2

ബാഷ്‌പം തണുപ്പിക്കുമ്പോള്‍ കലോമല്‍ വെളുത്ത പരലുകളായി ഖരീഭവിക്കുന്നു.

ആര്‍ദ്രരീതിയിലാകട്ടെ മെര്‍ക്കുറിക്‌ ക്ലോറൈഡ്‌ ലായനിയില്‍ സള്‍ഫര്‍ ഡൈഓക്‌സൈഡ്‌ കടത്തി നിരോക്‌സീകരിച്ചാണ്‌ കലോമല്‍ നിര്‍മിക്കുന്നത്‌. മെര്‍ക്കുറസ്‌ നൈട്രറ്റ്‌ ലായനിയില്‍ ഹൈഡ്രാക്ലോറിക്‌ അമ്ലം ചേര്‍ത്ത്‌ കലോമല്‍ അവക്ഷേപിച്ചെടുക്കാനാകും. ഈ അവക്ഷേപം അരിച്ചെടുത്ത്‌ കഴുകുമ്പോള്‍ കലോമലിന്റെ വെളുത്ത ചൂര്‍ണം ലഭ്യമാകുന്നു.

അമോണിയയുമായി ചേര്‍ത്താല്‍ കലോമല്‍ ഭംഗിയുള്ള കറുത്ത ഒരു പദാര്‍ഥം നല്‌കുന്നു. NH2, HgCI, Hg എന്നിവയുടെ മിശ്രിതമാണ്‌ ഈ കറുത്ത പദാര്‍ഥം. കലോമല്‍ തിരിച്ചറിയുന്നതിന്‌ ഈ പരീക്ഷണം ഉപയോഗിക്കാം. കലോമലിന്‌ ജലത്തില്‍ അല്‌പലേയത്വമേയുള്ളു; 1800ഇല്‍ ലിറ്ററിന്‌ 2.1 മി.ഗ്രാം മാത്രം. ക്ലോറൈഡ്‌ ലായനികളില്‍ ലേയത്വം കൂടുതലാണ്‌. കാര്‍ബണിക യൗഗികങ്ങളില്‍ ലയിക്കുകയില്ല. ഘനത്വം 7.16 ഗ്രാം/മി.ലി. 383°Cല്‍ ഉത്‌പതിക്കുന്നു. അല്‌പമൊന്നു ചൂടാക്കിയാല്‍ ഇളം മഞ്ഞനിറം ഉണ്ടാകുന്നു. നല്ലവണ്ണം അരച്ചാലും ഇതേനിറം കിട്ടും. പ്രകാശമേറ്റാല്‍ നിറം അല്‌പം ഇരുളും. നോ: കലോമല്‍ ഇലക്‌ട്രാഡ്‌

(ഡോ. കെ.പി. ധര്‍മരാജയ്യര്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B5%8B%E0%B4%AE%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍