This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലുങ്കുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലുങ്കുകള്‍

Culverts

റെയില്‍പ്പാതകള്‍ക്കും റോഡുകള്‍ക്കും നടപ്പാതകള്‍ക്കും കുറുകേ അടിയില്‍ക്കൂടി വെള്ളം കടത്തിവിടുന്നതിനുള്ള ചെറിയ സംരചനകള്‍. കനാല്‍വെള്ളം കടത്തിവിടുന്നതിനും കനാലുകള്‍ക്ക്‌ കുറുകേ വെള്ളം കടത്തിവിടുന്നതിനുള്ള അണ്ടര്‍ ടണല്‍ (under tunnel), സൈഫണ്‍ (syphon) മുതലായ വിശേഷ സംരചനകള്‍ക്കും ഈ പേര്‌ ഉപയോഗിക്കാറുണ്ട്‌.

താരതമ്യേന ചെലവുകുറഞ്ഞ ഈ സംരചനകള്‍ പ്രാദേശിക മാതൃകകളെ ആധാരമാക്കി പണിതുവരുന്നു. സമതലപ്രദേശങ്ങളിലും മലഞ്ചരിവുകളിലും സ്‌പഷ്ടമായ നീര്‍ച്ചാലുകള്‍ ഇല്ലെങ്കില്‍ ത്തന്നെയും പെയ്‌ത്തുവെള്ളം പാതയുടെ ഇരുവശത്തുമുള്ള ഓടകളില്‍ക്കൂടി കടത്തിവിട്ട്‌ ഇടയ്‌ക്കിടയ്‌ക്കു കലുങ്കുകള്‍ പണിത്‌ അവയില്‍ക്കൂടി പ്രവഹിപ്പിക്കാവുന്നതാണ്‌. അല്ലെങ്കില്‍ വെള്ളം കുത്തിയൊലിച്ച്‌ ഇരുവശത്തുമുള്ള വസ്‌തുക്കള്‍ക്കും കൃഷിക്കും പാതയ്‌ക്കുതന്നെയും കേടുപാടുകള്‍ ഉണ്ടാകും. നീണ്ട മഴക്കാലങ്ങളും അടുത്തടുത്ത്‌ ജനപദങ്ങളും ഉള്ള കേരളത്തില്‍ ഇത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്‌.

വിവിധതരം കലുങ്കുകളുടെ രേഖാചിത്രം

നിര്‍മാണരീതി അനുസരിച്ച്‌ കലുങ്കുകളെ മൂന്നായി തരംതിരിക്കാം: (i) താത്‌കാലിക ആവശ്യങ്ങള്‍ക്കായി സ്ഥലത്തു ലഭ്യമായ കല്ല്‌, ഉരുളന്‍ തടികള്‍, റെയില്‍വേ സ്ലീപ്പറുകള്‍, ഉരുക്കുതകിടുകള്‍ മുതലായവ ഉപയോഗിച്ചു ലളിതമായി പണിയുന്ന താത്‌കാലിക സംരചനകള്‍. വനവിഭവങ്ങള്‍ സംഭരിക്കുന്നതിനും പദ്ധതികളുടെ ആദ്യ പ്രവര്‍ത്തനങ്ങള്‍ക്കും റോഡുകള്‍, റെയില്‍പ്പാതകള്‍ എന്നിവ പണിയുന്നതിന്റെ ആരംഭകാലങ്ങളിലും പ്രകൃതിക്ഷോഭങ്ങള്‍ കൊണ്ടുണ്ടാകുന്ന ഗതാഗത തടസ്സങ്ങള്‍ നീക്കുന്നതിനും യുദ്ധകാലത്ത്‌ ഗതാഗതമാര്‍ഗങ്ങള്‍ പെട്ടെന്നു പണിയുന്നതിനും ഇത്തരം സംരചനകള്‍ നിര്‍മിക്കുക സാധാരണമാണ്‌. സന്ദര്‍ഭമനുസരിച്ച്‌, സാങ്കേതികമായ പൂര്‍ണതയെക്കാള്‍ വേഗതയ്‌ക്കും ചെലവു കുറവിനും പ്രാധാന്യം നല്‌കുന്ന ആസൂത്രണ സമീപനമാണ്‌ ഇവയ്‌ക്ക്‌ ഉചിതം. (ii) കോണ്‍ക്രീറ്റ്‌, പ്രബലിത കോണ്‍ക്രീറ്റ്‌, സ്റ്റോണ്‍ വെയര്‍, ഉരുക്ക്‌, വാര്‍പ്പിരുമ്പ്‌ മുതലായവ കൊണ്ടുള്ള കുഴലുകള്‍ ഉപയോഗിച്ച്‌ നിര്‍മാണസ്ഥലത്ത്‌ ലഘുവായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തി പണിയുന്ന കലുങ്കുകള്‍. 10 സെ.മീ. മുതല്‍ 2 മീ. വരെ വ്യാസമുള്ള കുഴലുകള്‍, ഒന്നോ രണ്ടോ, മൂന്നോ, ജലനിര്‍ഗമന മാര്‍ഗങ്ങളായി ഉപയോഗിക്കുന്നത്‌ സാധാരണമാണ്‌. കുഴലുകള്‍ സ്ഥാപിക്കുന്നതിനു വലിയ ചെലവുള്ള അടിത്തറകള്‍ ആവശ്യമില്ല എന്നത്‌ ഒരു പ്രത്യേക മേന്മയാണ്‌; പണി എളുപ്പം തീരുകയും ചെയ്യും; ഗുണനിയന്ത്രണം സാധ്യവുമാണ്‌. ഗതാഗതത്തിനു ഏറ്റവും ചുരുങ്ങിയ തടസ്സമേ ഉണ്ടാകുകയുള്ളു. അടുത്തടുത്ത്‌ പത്തു പന്ത്രണ്ട്‌ കലുങ്കുകള്‍ പണിയാനുണ്ടെങ്കില്‍ ഏറ്റവും എളുപ്പവും തൃപ്‌തികരവും ചെലവു കുറഞ്ഞതും കുഴല്‍ക്കലുങ്കുകളായിരിക്കും.

കുഴലിന്റെ മീതെ പാതയുടെ പ്രതലംവരെ 6001000 മി.മീ. എങ്കിലും മണ്ണും പ്രതലവസ്‌തുക്കളും ഉണ്ടായിരിക്കണം. വാഹനഗതാഗതത്തിന്റെ ആഘാതം കൊണ്ട്‌ കുഴലിനു കേടു കൂടാതെ ഇരിക്കുന്നതിന്‌ ഇത്‌ ആവശ്യമാണ്‌. (iii) ഇഷ്ടിക, കല്ല്‌, പ്രബലിത കോണ്‍ക്രീറ്റ്‌ മുതലായവ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന കലുങ്കുകള്‍. യഥാര്‍ഥത്തില്‍ ഇവ ചെറിയ പാലങ്ങളാണ്‌. ഒരു പ്രദേശത്ത്‌ ചെറിയ പണികള്‍ നടത്തുന്ന അവസരത്തിലോ വീതിയും ആഴവും കൂടിയ ചാലുകളിലോ മറ്റു പ്രത്യേക സാഹചര്യങ്ങളിലോ കുഴല്‍ കലുങ്കുകള്‍ പോലെയുള്ള പ്രാമാണിക മാതൃകകള്‍ അസാധ്യമോ അധികച്ചെലവുള്ളതോ ആകാം. അത്തരം പരിതഃസ്ഥിതികളില്‍ പ്രത്യേകമായി ആസൂത്രണം ചെയ്യപ്പെട്ട മാതൃകകള്‍ ഉപയോഗിക്കേണ്ടതാണ്‌. സ്ഥലത്തു ലഭ്യമായ സാമഗ്രികള്‍ക്കും വൈദഗ്‌ധ്യത്തിനും മുന്‍തൂക്കം കൊടുത്തുള്ള പണിയാണ്‌ ഉചിതം. കലുങ്കുകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ കണക്കിലെടുക്കേണ്ട പ്രധാന സാങ്കേതികപരിഗണനകള്‍ താഴെ പറയുന്നവയാണ്‌:

(i) ഒഴുക്കു വെള്ളച്ചാലിന്റെ ക്ഷമത; (ii) മേല്‍ച്ചാലിലും കീഴ്‌ച്ചാലിലും ഒഴുക്കുവെള്ളത്തിന്റെ അധികതമ നിരപ്പ്‌; (iii) ചാലിന്റെ അടിത്തറയുടെ ചരിവും, ഒലിച്ചുവരുന്ന മണ്ണിന്റെയും ചാലിന്റെയും പരിമാണവും തരികളുടെ വര്‍ഗീകരണവും; (iv) ഭൂനിരപ്പും ചരിവും അപവാഹദിശയും; (v) മേല്‍പ്പാതയുടെ തറനിരപ്പും അതിലൂടെ സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ ഭാരവിതരണവും വേഗതയും ആഘാതവും (impact); (vi) അസ്‌തിവാരത്തിന്റെ ന്യൂനതമഭാരസംവഹന പരിധി; (vii) പണിക്കാലത്ത്‌ അസ്‌തിവാരത്തിലുണ്ടാകാവുന്ന ജലാന്തര്‍വാഹം (inflow); (viii) രണ്ടു വശത്തുമുള്ള ഭൂപ്രകൃതിയും, കൃഷി, വസ്‌തുവിഭവങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവ പരിഗണിച്ച്‌ കലുങ്കിനടിയിലെ അനുവദനീയമായ ജലവേഗത; (ix) പാതയുടെ രണ്ടുവശത്തുമുള്ള ഭൂപ്രകൃതി, കൃഷി, വസ്‌തുവിഭവങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കാലാകാലങ്ങളില്‍ അനുവദനീയമായ ജലനിരപ്പിന്റെ സീമകളും ചാലിന്റെ സംരേഖണവും;

(x) പ്രാദേശികമായി ലഭ്യമായ നിര്‍മാണ സാമഗ്രികളും അവയെ പണിസ്ഥലത്ത്‌ എത്തിക്കുന്നതിനുള്ള വഴികളും ചെലവും; മണ്ണിന്റെ ക്ഷാരണ ഗുണങ്ങളും; കൂലിനിരക്കും താമസസൗകര്യങ്ങളും തുടങ്ങിയ പ്രാദേശിക വിവരങ്ങള്‍.

കലുങ്കുകള്‍ ചെറിയ സംരചനകളാണ്‌. എണ്ണവും അധികമുണ്ട്‌. അതിനാല്‍ അവയുടെ സംരക്ഷണവും കേടുപാടുകള്‍ തീര്‍ക്കലും അവഗണിക്കപ്പെടാറുണ്ട്‌. ഉചിതമായ സംരക്ഷണത്തിന്റെ കുറവുമൂലം ചരലും മണ്ണും ചപ്പും ചവറും കൊണ്ട്‌ കലുങ്കിന്റെ അടിഭാഗം മൂടിപ്പോകാനും പെട്ടെന്ന്‌ മഴ വരുമ്പോള്‍ വെള്ളം ഒലിച്ചുപോകാന്‍ കഴിയാതെ വരാനും സാധ്യതയുണ്ട്‌. കീഴ്‌ച്ചാലില്‍ മണ്ണുകരള്‍ച്ചമൂലം ക്രമേണ സംരചനയും പാതയും ഇടിഞ്ഞുപോകുന്നതു തടയുന്നതിന്‌ മേല്‍ച്ചാലില്‍ ഊറല്‍ക്കിണറും (silt-pit) കേീഴ്‌ച്ചാലില്‍ പടികളും മറമതിലുകളും (curtain walls) അെടിത്തറപാകലും ഫലപ്രദമാണ്‌. കലുങ്കിനോടനുബന്ധിച്ച മണ്‍ചിറകളില്‍ക്കൂടി വെള്ളം കവിഞ്ഞൊഴുകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിരിക്കണം.

ചെലവു കുറച്ചു പണിയുന്ന ഗ്രാമീണറോഡുകളില്‍ കലുങ്കുകള്‍ക്കു പകരം ചപ്പാത്തുകള്‍ ആദ്യം പണിയാറുണ്ട്‌. ഗതാഗത വികസനത്തിനും ധനലഭ്യതയ്‌ക്കും അനുസരിച്ചു കാലക്രമേണ ചപ്പാത്തുകള്‍ കലുങ്കുകളായി മാറ്റിപ്പണിയുന്നു.

(കെ.ആര്‍. വാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍