This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലീലവദിംന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലീലവദിംന

സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട പഞ്ചതന്ത്രത്തിന്റെ അറബി വിവര്‍ത്തനം. കലീലവദിംനയിലൂടെയാണ്‌ പഞ്ചതന്ത്രം ലോകത്ത്‌ പ്രചരിച്ചത്‌. അതിലെ പ്രധാന കഥാപാത്രങ്ങളായ കുറുക്കന്മാരാണ്‌ കലീലയും ദിംനയും (കരടകനും ദമനകനും). സംസ്‌കൃതത്തില്‍ നിന്ന്‌ ആദ്യം പഹ്‌ലവിയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം പിന്നീട്‌ പഹ്‌ലവിയില്‍ നിന്ന്‌ ഇബ്‌നുല്‍ മുകഫ്‌ഫഅ്‌ അറബിയിലേക്കു പരിഭാഷപ്പെടുത്തി.

ഈ ഗ്രന്ഥത്തിലെ കഥാപാത്രങ്ങളെല്ലാം മൃഗങ്ങളാണ്‌. രാജകുമാരനെ തന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയാണ്‌ ഇത്‌ രചിക്കപ്പെട്ടത്‌. സാസാനിയന്‍ രാജാവായ ഖുസ്‌റോ അനൂഷിര്‍വാന്റെ നിര്‍ദേശാനുസരണം അദ്ദേഹത്തിന്റെ ഭിഷഗ്വരന്‍ ബര്‍സവൈഹി ഇന്ത്യയിലേക്കു വരികയും പഞ്ചതന്ത്രവും മറ്റേതാനും കഥകളും പഹ്‌ലവിയിലേക്ക്‌ വിവര്‍ത്തനം ചെയ്യുകയും ചെയ്‌തു.

അബ്‌ദുല്ലാഹിബ്‌നു അല്‍ മുകഫ്‌ഫഅ്‌ ഒരു ആമുഖത്തോടെ ബര്‍സവൈഹിയുടെ പഹ്‌ലവി വിവര്‍ത്തനം അറബിയിലേക്ക്‌ തര്‍ജുമ ചെയ്‌തു. ബര്‍സവൈഹിയുടെ വിവര്‍ത്തനവും അതിന്റെ സംസ്‌കൃതത്തിലുള്ള മൂലഗ്രന്ഥവും നഷ്ടപ്പെട്ടപ്പോള്‍ ആ വിടവു നികത്തിയത്‌ ഇബ്‌നു അല്‍ മുകഫ്‌ഫ്‌അ്‌ന്റെ അറബി വിവര്‍ത്തനമായിരുന്നു. ഇബ്‌നുല്‍ മുകഫ്‌ഫഅ്‌ തന്റെ മുഖവുരയില്‍ പഞ്ചതന്ത്രത്തിന്റെ പ്രാധാന്യം വിവരിക്കുന്നത്‌ ഇപ്രകാരമാണ്‌: "അതില്‍ വിവേകവും വിനോദവും അടങ്ങിയിരിക്കുന്നു. വിവേകം ബുദ്ധിശാലികള്‍ക്കും വിനോദം ബുദ്ധിഹീനര്‍ക്കുമാണ്‌. വിദ്യാര്‍ഥികള്‍ ആരംഭത്തില്‍ അതിന്റെ പ്രാധാന്യം ഗ്രഹിക്കുന്നില്ലെങ്കിലും തനിക്കിഷ്ടപ്പെട്ട പ്രധാനപ്പെട്ട ഒരു ഗ്രന്ഥം സ്വന്തമാക്കിയ ഒരു പ്രതീതി അത്‌ അവരില്‍ ഉണ്ടാക്കുന്നു. അവര്‍ വളരുമ്പോള്‍ അധ്വാനം കൂടാതെ ആസ്വദിക്കാന്‍ പറ്റിയ ഒരു നിധിയാണതെന്ന്‌ മനസ്സിലാക്കുന്നു'. ഇതില്‍ നാലുതരത്തിലുള്ള ഗുണങ്ങളാണുള്ളതെന്ന്‌ ഇബ്‌നുല്‍ മുകഫ്‌ഫഅ്‌ മുഖവുരയില്‍ സൂചിപ്പിക്കുന്നുണ്ട്‌. വിനോദവും നേരംപോക്കും ആഗ്രഹിക്കുന്ന യുവഹൃദയത്തെ ആകര്‍ഷിക്കുവാനും മൃഗങ്ങളുടെ യുക്തിയില്‍ അവര്‍ക്ക്‌ താത്‌പര്യം ജനിപ്പിക്കുവാനും വേണ്ടിയാണ്‌ അത്‌ മൃഗങ്ങളുടെ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. രാജാക്കന്മാരെ ഈ വിനോദത്തിലേക്ക്‌ ആകര്‍ഷിക്കുവാനാണ്‌ മൃഗഭാവനകള്‍ വര്‍ണോജ്ജ്വലമായി ചിത്രീകരിച്ചിരിക്കുന്നത്‌. ഇക്കാരണങ്ങളാല്‍ എല്ലാത്തരത്തിലുള്ള വായനക്കാരും അത്‌ ഇഷ്ടപ്പെടുകയും അതിന്റെ പകര്‍പ്പുകള്‍ വര്‍ധിക്കുകയും അത്‌ കാലത്തെ അതിജീവിക്കുകയും ചെയ്യുന്നു. തത്ത്വചിന്തകന്മാര്‍ക്കാണ്‌ അത്‌ ശരിക്കും പ്രയോജനപ്പെടുക. സാഹിത്യശൈലിയിലുള്ള ഈ വിവര്‍ത്തനത്തിന്‌ നല്ല പ്രചാരം ലഭിക്കുകയും യൂറോപ്യന്‍ ഭാഷകളിലേക്ക്‌ ഇത്‌ തര്‍ജുമ ചെയ്യപ്പെടുകയുമുണ്ടായി.

"ബഹ്‌നൂദ്‌ബ്‌നു സഹ്‌വാന്‍' (അലിബ്‌നുഷാ അല്‍ഫാരിസി) ഈ വിവര്‍ത്തനത്തിന്‌ മറ്റൊരാമുഖം എഴുതിയിട്ടുണ്ട്‌. അതില്‍ പഞ്ചതന്ത്രത്തിന്റെ ചരിത്രവും ബര്‍സവൈഹിയുടെ ഇന്ത്യയിലേക്കുള്ള ദൗത്യവും രാജാവിന്റെ ഖജനാവില്‍ നിന്ന്‌ രാത്രിയില്‍ രഹസ്യമായി പഞ്ചതന്ത്രത്തിന്റെ പകര്‍പ്പ്‌ തയ്യാറാക്കിയ വിധവും വിവരിച്ചിട്ടുണ്ട്‌. അബാനുല്ലാഹികി, ഇബ്‌നു ഹബ്ബാരിയ്യ, അബ്‌ദുല്‍മുഅ്‌മിനുബ്‌നു അല്‍ഹുസൈന്‍ എന്നിവര്‍ ഈ വിവര്‍ത്തനത്തിന്‌ കവിതാവിഷ്‌കരണം നല്‌കി. സാസാനിയന്‍ രാജാവ്‌ നസ്‌ര്‌ബ്‌നു അഹ്‌മദിന്റെ നിര്‍ദേശാനുസരണം റൂദാകി എന്ന കവി ഇത്‌ കവിതാരൂപത്തില്‍ പാഴ്‌സി ഭാഷയിലേക്കു വിവര്‍ത്തനം ചെയ്‌തു. അലിബ്‌നുസാലിഹ്‌ ഹുമയൂനാമ എന്ന പേരില്‍ തുര്‍ക്കി ഭാഷയിലേക്ക്‌ ഗദ്യകവിതയില്‍ വിവര്‍ത്തനം ചെയ്‌തു. ഈ വിവര്‍ത്തനം പലതവണ ബുലാകില്‍ നിന്നും ഇസ്‌താംബൂളില്‍ നിന്നും പ്രസിദ്ധീകരിക്കുകയുണ്ടായി. മാത്രമല്ല ജര്‍മന്‍, ഫ്രഞ്ച്‌, ഡച്ച്‌, ഹംഗേറിയന്‍, സ്വീഡിഷ്‌, മലായ്‌ തുടങ്ങിയ ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്‌തു. മംഗോള്‍, എത്യോപിക്‌, ഹീബ്രു, ഗ്രീക്ക്‌ എന്നീ ഭാഷകളിലേക്കും കലീലവദിംന തര്‍ജുമ ചെയ്യപ്പെട്ടിട്ടുണ്ട്‌. പഞ്ചതന്ത്രകഥകള്‍ അനുകരിച്ച്‌ കഥകള്‍ എഴുതിയവരാണ്‌ ഇബ്‌നുല്‍ ഹബ്ബാരിയ (കിതാബു സ്വാലിഹ്‌ വല്‍ബാഗിം) മുഹമ്മദിബ്‌നു അബ്‌ദുല്ലാഹിബ്‌നു സഫര്‍ എന്നിവര്‍.

(ഡോ. കെ.എം. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍