This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലിയുഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലിയുഗം

ഹൈന്ദവപുരാണപ്രകാരമുള്ള ചാക്രിക കാലസങ്കല്‌പത്തിലെ ഒരു ഘട്ടം. ആദ്യത്തെ കൃതയുഗത്തെ സത്യധര്‍മയുഗമെന്നു സങ്കല്‌പിക്കുന്നു. തുടര്‍ന്ന്‌ അനുക്രമമായി സത്യധര്‍മത്തിലുണ്ടാകുന്ന അപചയത്തിന്റെ തോതനുസരിച്ച്‌ കാലത്തെ ത്രതായുഗം, ദ്വാപരയുഗം, കലിയുഗം എന്നും വിഭജിക്കുന്നു. കലിയുഗാന്ത്യത്തില്‍ ലോകം നശിക്കുമെന്നും വീണ്ടും കൃതയുഗം തൊട്ട്‌ കാലത്തിന്റെ ചാക്രികഭ്രമണം പുനരാരംഭിക്കുമെന്നുമാണ്‌ വിശ്വാസം. ഈ കാലസങ്കല്‌പത്തില്‍ സമയം കേവലമായ സമയഖണ്ഡ(duration)ത്തെ സൂചിപ്പിക്കുന്നതിനുപകരം ധാര്‍മികതയുടെ അപചയത്തിന്റെ തോതിനെ സൂചിപ്പിക്കുന്നു. യഹൂദക്രസ്‌തവ വിശ്വാസത്തിലെ കാലത്തിന്റെ രേഖീയതയില്‍ നിന്നും ഭിന്നമായ കാഴ്‌ചപ്പാടാണിത്‌.

പ്രപഞ്ച സൃഷ്ടിസ്ഥിതിസംഹാര പ്രക്രിയകളുടെ ഭ്രമണപരമ്പരയില്‍ അനവധി ബ്രഹ്മാക്കള്‍ മാറിമാറി ജനിക്കുമെന്നും ഓരോ ബ്രഹ്മാവിന്റെയും ആയുസ്സ്‌ 15 മന്വന്തരങ്ങളാണെന്നും ഓരോ മന്വന്തരത്തിലും ചതുര്‍യുഗങ്ങള്‍ ആവിര്‍ഭവിച്ചു കൊണ്ടിരിക്കുമെന്നും ഭാഗവത മാഹാത്മ്യം (അധ്യായം 1) വിവരിക്കുന്നുണ്ട്‌. കലിയുഗത്തിന്റെ ദൈര്‍ഘ്യം 4,32,000 വര്‍ഷമാണെന്നാണ്‌ കരുതപ്പെടുന്നത്‌. (360 മനുഷ്യവര്‍ഷം ഒരു ദേവവര്‍ഷം, 1200 ദേവവര്‍ഷം ഒരു കലിയുഗം). കൊല്ലവര്‍ഷ സംഖ്യയോട്‌ തരളാംഗം (പരല്‍പേരു പ്രകാരമുള്ള അക്ഷരസംഖ്യ) 3926 കൂട്ടിയാല്‍ കലിവര്‍ഷം കിട്ടും. കലിവര്‍ഷാരംഭം മുതലുള്ള ദിനസംഖ്യയെയും തീയതിയെയും കലിദിനം സൂചിപ്പിക്കുന്നു. കടപയാദി സിദ്ധാന്തപ്രകാരവും പരല്‍പ്പേരുപ്രകാരവും കലിദിനം സൂചിപ്പിക്കാറുണ്ട്‌. (നോ: കടപയാദി) ആധുനിക കാലഗണനയായ ക്രിസ്‌തുവര്‍ഷത്തിന്റെ ആരംഭം കലിവര്‍ഷം 3102ലാണ്‌. ഇന്ന്‌ നടപ്പിലിരിക്കുന്ന കലിയുഗാവസാനത്തോടുകൂടി ഏഴാം മന്വന്തരം അവസാനിച്ച്‌ എട്ടാമത്തേതു തുടങ്ങുമെന്നാണ്‌ പുരാണ സങ്കല്‌പം. കലിയുഗത്തില്‍ വരുന്ന ധര്‍മഭ്രംശത്തെപ്പറ്റി മാര്‍ക്കണ്ഡേയമുനി മഹാഭാരതത്തില്‍ (വനപര്‍വം, അധ്യായം 188) സവിസ്‌തരം ഉപന്യസിക്കുന്നുണ്ട്‌.

"നിര്‍വീര്യ പൃഥ്വീ നിരൗഷധ രസാ
നീചാ മഹത്ത്വം ഗതാ, പുത്ര പിതൃദ്വേഷിത
ഭാര്യഭര്‍ത്തൃബദ്ധവൈര വിദ്വേഷ വിരഹ
രാജാവനര്‍ഥം പരായണാ വിപ്രാ വികര്‍മസ്ഥിതാ
ഇര്‍ഥം ഭൂപതേ കലിയുഗേ ധര്‍മംവനേ ഗച്ചുസി'
 

കലിയുഗത്തില്‍ നീതിയും ന്യായവും സത്യവും ധര്‍മവും നശിച്ച്‌ മനുഷ്യന്‍ സകല ദുരിതങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനായി നാശഗര്‍ത്തത്തില്‍ നിപതിക്കും എന്നാണ്‌ ഇതില്‍ വിവരിക്കുന്നത്‌. കലിയുഗാന്ത്യത്തില്‍ സാര്‍വത്രികമായ അഗ്നിവര്‍ഷം പ്രളയം എന്നിവയുണ്ടാകും. അപ്പോള്‍ ധര്‍മസംസ്ഥാപനാര്‍ഥം വിഷ്‌ണു കല്‍ക്കിയായി അവതരിക്കുകയും തുടര്‍ന്ന്‌ ചതുര്‍യുഗങ്ങളുടെ ചാക്രികഭ്രമണം പുനരാരംഭിക്കുകയും ചെയ്യും എന്നാണ്‌ വിശ്വാസം. പ്രശസ്‌ത നരവംശ ശാസ്‌ത്രജ്ഞയായ മിര്‍സിയ എലിയാഡ്‌ ഈ കാലസങ്കല്‌പത്തെ "സനാതനമായ മടങ്ങിവരവിന്റെ പുരാവൃത്തം' (Myth of the Eternal Return) എന്ന്‌ വിശേഷിപ്പിക്കുന്നു. കാലത്തെ വര്‍ണാശ്രമധര്‍മവുമായി ബന്ധിപ്പിക്കുന്ന ഒരു സങ്കല്‌പമായാണ്‌ ആധുനിക ചരിത്രകാരന്മാര്‍ ഈ കാലസങ്കല്‌പത്തെ കാണുന്നത്‌. ആദ്യത്തെ യുഗമായ കൃതയുഗത്തിലാണ്‌ വര്‍ണാശ്രമധര്‍മം ശരിയായി പരിപാലിക്കപ്പെടുന്നത്‌. തുടര്‍ന്നുള്ള യുഗങ്ങളില്‍ ക്രമാനുഗതമായി വര്‍ണാശ്രമധര്‍മത്തിനുണ്ടാകുന്ന അപചയത്തെയാണ്‌ സംസ്‌കൃതബ്രാഹ്മണ ജ്ഞാനവ്യവസ്ഥ ധര്‍മച്യുതിയായി ചിത്രീകരിക്കുന്നത്‌ എന്ന്‌ അവര്‍ സിദ്ധാന്തിക്കുന്നുണ്ട്‌.

പരമ്പരാഗതമായ ജാതിലിംഗ ശ്രണിയിലുണ്ടാകുന്ന വിള്ളലുകളെക്കുറിച്ചുള്ള ആശങ്കയില്‍ നിന്നും അവ പുനഃസ്ഥാപിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചുള്ള പുരുഷബ്രാഹ്മണ ചിന്തയാണ്‌ ഈ ചതുര്‍യുഗ സിദ്ധാന്തത്തില്‍ പ്രതിഫലിക്കുന്നത്‌. അതിനാലാണ്‌ ധര്‍മാപചയത്തെയും തിന്മകളെയും നേരിടാനും അതിജീവിക്കാനും പാകത്തില്‍ അനുഷ്‌ഠാനങ്ങളിലും ജാതിലിംഗ നിയമങ്ങളിലും കൂടുതല്‍ നിയന്ത്രണവും അച്ചടക്കവും ആവശ്യപ്പെടുന്നത്‌. ഇസ്‌ലാമികാധിപത്യം ഒരു യാഥാര്‍ഥ്യമായ 12ഉം 13ഉം ശതകങ്ങള്‍ക്കുശേഷം ജാതിനിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകുന്നത്‌ ഇതിനു തെളിവാണ്‌. മഹാഭാരതത്തിലെ മാര്‍ക്കണ്ഡേയ സമസ്യയിലാണ്‌ കലിയുഗത്തെക്കുറിച്ചുള്ള ക്ലാസ്സിക്കല്‍ സിദ്ധാന്തം ആവിഷ്‌കരിക്കുന്നതെങ്കിലും മധ്യകാലത്തിന്റെ അവസാനഘട്ടത്തിലാണ്‌ "കല്‍ക്കി പുരാണം' രചിക്കപ്പെടുന്നത്‌ എന്നതും ഈ വാദത്തിന്‌ ഉപോദ്‌ബലകമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B4%BF%E0%B4%AF%E0%B5%81%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍