This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലിമ (കലിമതുഷ്‌ഷഹാദ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലിമ (കലിമതുഷ്‌ഷഹാദ)

ഇസ്‌ലാംമതവിശ്വാസപ്രമാണവാക്യം. "ലാ ഇലാഹ ഇല്ലല്ലാഹ്‌ മുഹമ്മദുര്‍ റസൂലുല്ലാഹ്‌' (അല്ലാഹുവല്ലാതെ വേറെ ആരാധ്യനില്ല; മുഹമ്മദ്‌ നബി അല്ലാഹുവിന്റെ ദൂതനാണ്‌) ഈ വചനങ്ങള്‍ക്കാണ്‌ കലിമതുഷ്‌ഷഹാദ എന്നു പറയുന്നത്‌. ഇസ്‌ലാംമതം സ്വീകരിച്ച ഏതൊരു വ്യക്തിയും അല്ലാഹുവിന്റെ ഏകത്വത്തെയും മുഹമ്മദ്‌ നബിയുടെ ദൗത്യത്തെയും സാക്ഷ്യപ്പെടുത്തുന്ന ഈ പ്രതിജ്ഞാവാക്യം പൂര്‍ണമനസ്സോടെ ഉച്ചരിക്കണം. ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങള്‍ ആറാണ്‌: അല്ലാഹു, മലക്കുകള്‍, ദൈവഗ്രന്ഥങ്ങള്‍, പ്രവാചകര്‍, അന്ത്യനാള്‍, "ദൈവവിധി'. ഇവയെല്ലാം അംഗീകരിക്കുന്ന ഒരു മുസ്‌ലിം, ഇസ്‌ലാമിക ശിക്ഷണങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നു. ഇസ്‌ലാമിന്റെ മൗലിക പ്രധാനങ്ങളായ കാര്യങ്ങള്‍ മുഹമ്മദ്‌ നബിയുടെ വിശ്രുതമായ തിരുവചനത്തില്‍ വിവരിച്ചിട്ടുണ്ട്‌: "ഇസ്‌ലാം, അഞ്ചു കാര്യങ്ങളില്‍ നിര്‍മിതമായിരിക്കുന്നു. അല്ലാഹുവല്ലാതെ ദൈവമില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തുക, നമസ്‌കാരം നിലനിര്‍ത്തുക, സക്കാത്ത്‌ നല്‌കുക, ഹജ്ജ്‌ ചെയ്യുക, റംസാന്‍ മാസത്തില്‍ വ്രതമനുഷ്‌ഠിക്കുക'.

പ്രത്യക്ഷത്തില്‍, കലിമതുഷ്‌ഷഹാദ അല്ലാഹുവിന്റെ ഏകത്വത്തെയും മുഹമ്മദിന്റെ ദൗത്യത്തെയും സാക്ഷ്യപ്പെടുത്തലാണെങ്കിലും വാസ്‌തവത്തില്‍ സമസ്‌ത ദൗത്യപരമ്പരയെയും എല്ലാ വിശ്വാസകര്‍മങ്ങളെയും അംഗീകരിച്ച്‌ ഉരുവിടലാണ്‌. മുഹമ്മദ്‌ നബി ദൈവദൂതനാണെന്നു സമ്മതിക്കുന്ന ഏതൊരു വ്യക്തിയും നബിയുടെ ദൗത്യത്തെ അംഗീകരിച്ചവനാണ്‌.

"നിങ്ങളുടെ ദൈവം ഒരേ ഒരു ദൈവമാണ്‌' (II163, XVI22), "തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഒന്നു മാത്രമാണ്‌' (XXXVII4) എന്നീ വാക്യങ്ങള്‍ ഖുര്‍ആനില്‍ കാണാവുന്നതാണ്‌. ആ തത്ത്വം സാക്ഷ്യപ്പെടുത്തുകയാണ്‌ കലിമതുഷ്‌ഷഹാദയിലെ ആദ്യവാക്യം. അതു കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ മുഹമ്മദ്‌ നബി ദൈവദൂതനാണെന്ന്‌ അംഗീകരിക്കലാണ്‌. ദൈവദൂതനാണെങ്കിലും നബിക്ക്‌ യാതൊരു ദിവ്യത്വവുമില്ല. "ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാണ്‌' എന്ന്‌ നബി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌. നബിയുടെ പ്രത്യേകത ഇവയാണ്‌: അദ്ദേഹം ദൈവകല്‌പന അനുസരിച്ചാണ്‌ നിര്‍ദേശങ്ങള്‍ നല്‌കിയിരിക്കുന്നത്‌. അദ്ദേഹത്തിന്‌ ദിവ്യസന്ദേശങ്ങള്‍ ലഭിച്ചു. നബിയുടെ സന്തതികള്‍ക്ക്‌ പ്രത്യേക ശ്രഷ്‌ഠതയൊന്നും ഇസ്‌ലാം കല്‌പിക്കുന്നില്ല. വിശ്രുതമായ ഒരു നബിവചനം ഈ വസ്‌തുത വ്യക്തമാക്കുന്നു. "അറബിക്ക്‌ അനറബിയെക്കാളോ, അനറബിക്ക്‌ അറബിയെക്കാളോ, വെളുത്തവന്‌ കറുത്തവനേക്കാളോ, കറുത്തവന്‌ വെളുത്തവനെക്കാളോ "തക്‌വ' (ദൈവഭക്തി) കൊണ്ടല്ലാതെ യാതൊരു ശ്രഷ്‌ഠതയുമില്ല'. ശ്രഷ്‌ഠതയുടെ മാനദണ്ഡം ദൈവഭക്തി മാത്രമാണെന്നര്‍ഥം. എല്ലാ ജനസമൂഹത്തിലേക്കും പ്രവാചകരെ നിയോഗിച്ചിട്ടുണ്ടെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ജീസസ്സിനെയും മോസസ്സിനെയും അബ്രഹാമിനെയും ദാവൂദിനെയും മറ്റും ഇസ്‌ലാം, നബിമാരായി അംഗീകരിക്കുന്നു. ആ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണ്‌ മുഹമ്മദ്‌ നബി. ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങള്‍ അംഗീകരിക്കുന്ന ഒരു വ്യക്തി കലിമതുഷ്‌ഷഹാദ സാക്ഷ്യപ്പെടുത്തുന്നതോടെ മുസ്‌ലിമായിത്തീരുന്നു. ഈ കലിമ മനസ്സില്‍ ഉറച്ചു വിശ്വസിച്ചാല്‍ പോരാ നാവുകൊണ്ട്‌ ഉച്ചരിച്ച്‌ സാക്ഷ്യപ്പെടുത്തുക കൂടി വേണം. ഹൃദയത്തിലുള്ള വിശ്വാസം നാവുകൊണ്ടുച്ചരിച്ച്‌ ഉറപ്പു വരുത്തുകയും ലോകത്തിന്റെ മുമ്പില്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നതോടെ അയാള്‍ മതത്തിന്റെ പ്രഥമസ്‌തംഭം പടുത്തുയര്‍ത്തുന്നു. ഇതോടെ അയാള്‍ ദൈവം ഒന്നേ ഉള്ളുവെന്നും മനുഷ്യവര്‍ഗം ഒന്നാണെന്നും എല്ലാ മതങ്ങളും എല്ലാ പ്രവാചകരും ഒരേ ദൈവത്തിങ്കല്‍ നിന്നാണെന്നും ഉറച്ചു വിശ്വസിക്കുകയും അത്‌ ഉറക്കെ പ്രസ്‌താവിക്കുകയുമാണ്‌ ചെയ്യുന്നത്‌.

"തയ്യിബ്‌', "തംജിദ്‌', "തൗഹീദ്‌', "റദ്ദുകുഫറ്‌' എന്നീ പേരുകളില്‍ നാലു പ്രമാണവാക്യങ്ങള്‍ കൂടി കലിമ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്‌.

(ഡോ. കെ.എം. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍