This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലിത്തൊകൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലിത്തൊകൈ

തമിഴിലെ പ്രസിദ്ധമായ എട്ടു പദ്യസമാഹാരങ്ങളില്‍ (എട്ടുത്തൊകൈ) ഒന്ന്‌. സംഘകാലത്തിനുശേഷം ആയിരിക്കണം ഇതിന്റെ രചന എന്നു വിശ്വസിക്കപ്പെടുന്നു. കളിപ്പാവല്‍ തുടങ്ങിയ ചെയ്‌തികളുടെ (രചനകള്‍) "തൊകുതി' (കൂട്ടം, തുക)യായതിനാല്‍ കലിത്തൊകൈ എന്ന പേരു ലഭിച്ചു. രീതിവൈവിധ്യം, ഭാവസൗകുമാര്യം എന്നീ വിശേഷ ലക്ഷണങ്ങളോടുകൂടിയ കലിവൃത്തത്തില്‍ എഴുതപ്പെട്ടിട്ടുള്ള 150 കവിതകളുടെ സമാഹാരമാണ്‌ ഇത്‌. ഇതിലെ ആദ്യത്തെ കവിത ശിവസ്‌തുതിയാണ്‌. ബാക്കി 149 എണ്ണവും സ്‌നേഹഗീതങ്ങളാണ്‌. പാലൈ, കുറിഞ്ചി, മരുതം, മുല്ലൈ, നൈതല്‍ എന്നീ അഞ്ചു ഭാഗങ്ങളായി കാവ്യം തിരിച്ചിട്ടുണ്ട്‌. ഇതില്‍ ഓരോ ഭാഗവും എഴുതിയത്‌ ഓരോ കവിയാണ്‌. അവസാനത്തെ ഭാഗമായ "നൈതല്‍ കലി' രചിച്ച നല്ലന്തുവനാര്‍ ആണ്‌ കലിത്തൊകൈ സമാഹരിച്ചതും ശിവസ്‌തുതി രചിച്ചതും.

ഈ കവിതകളുടെ പശ്ചാത്തലം സംഘം കൃതികളുടേതുതന്നെയാണ്‌. കുറിഞ്ചിക്കലിയില്‍ പലേടത്തും ജാജ്ജ്വല്യമാനമായ വേങ്ങപ്പൂക്കളുടെ പശ്ചാത്തലത്തില്‍ കൊമ്പനാനയും കടുവയും തമ്മില്‍ ഏറ്റുമുട്ടുന്ന രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്‌. കൊമ്പനാന സ്വര്‍ണവരകളുള്ള വേങ്ങവൃക്ഷത്തെ കടുവയാണെന്നു തെറ്റിദ്ധരിച്ച്‌ ആക്രമിക്കുന്നതും, കടുവ വൃക്ഷത്തിന്റെ കറുത്ത പ്രകാണ്ഡത്തെ ആനയാണെന്നു വിചാരിച്ച്‌ ആക്രമിക്കുന്നതും മറ്റും വര്‍ണിച്ചിരിക്കുന്നു. സംഘകാലകൃതികളുടെ പ്രത്യേകതയായ വാക്യചിത്രണശൈലി കലിത്തൊകൈയില്‍ പ്രകടമായുണ്ട്‌. രചനയ്‌ക്കാവശ്യമായ വസ്‌തുതകള്‍ പുരാണകഥകളില്‍ നിന്നു സ്വീകരിക്കുന്ന രീതിയും അവയില്‍ സദാചാരത്തിന്റെ പാഠങ്ങളും മറ്റും ഉള്‍ക്കൊള്ളിക്കുക എന്നതും പതിവാണ്‌. സംഘം കവിതകളിലെ ശാലീനവും ശുദ്ധവുമായ പ്രമ പ്രതിപാദനത്തിനു പകരം ഇവിടെ തികച്ചും യഥാതഥവും ശുഷ്‌കവുമായ ഒരു സമീപനമാണുള്ളത്‌. പിതൃസംരക്ഷണയില്‍ കഴിയുന്ന കന്യകയും മാമലയിലെ വീരപുരുഷനും തമ്മിലുള്ള പ്രമമായിരിക്കുകയില്ല എല്ലായ്‌പ്പോഴും ഇവയിലെ പ്രമേയം. തൊഴിലാളി വര്‍ഗങ്ങളില്‍പ്പെട്ട ആണും പെണ്ണും തമ്മിലുള്ള പ്രമമായിരിക്കും ഇതില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്‌. നിയന്ത്രണവും അതിസ്‌നിഗ്‌ധതയും കടിഞ്ഞാണിടുന്ന സംഭാഷണങ്ങള്‍ കലിത്തൊകൈയിലുണ്ട്‌. അതേസമയം അവയെല്ലാം പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതവും ഹാസ്യപ്രശ്‌നോത്തരങ്ങളും കൊണ്ട്‌ സജീവങ്ങളുമാണ്‌.

ആഖ്യാനാത്‌മകതയിലും കലിത്തൊകൈക്ക്‌ പ്രാധാന്യമുണ്ട്‌. ആധുനിക ചെറുകഥയുടെ പ്രഥമാങ്കുരങ്ങള്‍ ഇവിടെ കാണാം. ഹൃദയഹാരിയായ രചനാസൗന്ദര്യം കൊണ്ടും ശബ്‌ദമാധുരി കൊണ്ടും അനുപമങ്ങളായിത്തീര്‍ന്നിട്ടുള്ള പല ഭാവഗീതങ്ങളും ഇതിലുണ്ട്‌. 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നാച്ചിനാര്‍ക്കിനിയര്‍ കലിത്തൊകൈക്ക്‌ അതിവിശിഷ്ടമായ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്‌.

(പ്രാഫ. സി. യേശുദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍