This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലിങ്കത്തുപ്പരണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലിങ്കത്തുപ്പരണി

തമിഴ്‌സാഹിത്യത്തിലെ പരണി പ്രബന്ധങ്ങളില്‍ ഒന്ന്‌. യുദ്ധരംഗത്ത്‌ നൂറിലധികം ഗജങ്ങളെ നിഹനിക്കുന്ന വീരജേതാക്കളുടെ വിജയാപദാനങ്ങളെ താഴിശൈവൃത്തത്തില്‍ വര്‍ണിക്കുന്ന സമരകാവ്യങ്ങളാണ്‌ പരണികള്‍. കുലോത്തുംഗചോളന്‍ ക(1070-1122)ന്റെ ആസ്ഥാനകവിയും "പരണിക്കോര്‍ ജയം കൊണ്ടാര്‍', "കവിചക്രവര്‍ത്തി' എന്നീ ബഹുമതി ബിരുദങ്ങളുള്ളവനും ആയ ജയങ്കൊണ്ടാന്‍ ആണ്‌ കലിങ്കത്തുപ്പരണിയുടെ കര്‍ത്താവ്‌.

കുലോത്തുംഗന്റെ കലിംഗവിജയത്തെ വാഴ്‌ത്തിപ്പാടുന്നതാണ്‌ പ്രസ്‌തുത കാവ്യം. സാന്ദര്‍ഭികമായി അദ്ദേഹത്തിന്റെ സൈന്യാധിപനായിരുന്ന കരുണാകരത്തൊണ്ടൈമാനും പ്രശംസിക്കപ്പെടുന്നുണ്ട്‌. 13 അധ്യായങ്ങളായി തിരിച്ചിട്ടുള്ള ഈ ഗ്രന്ഥം ആരംഭിക്കുന്നത്‌, ദീര്‍ഘമായ ഒരു സ്‌തുതിയോടെയാണ്‌. തുടര്‍ന്നുള്ള "വാതില്‍ തുറക്കല്‍', "കാടുപാടിയത്‌' തുടങ്ങിയ അധ്യായങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള സംഗതികള്‍ ഇങ്ങനെ സംഗ്രഹിക്കാം: തലസ്ഥാനത്തിലെ അനുരാഗപരവശരായ പ്രമദകള്‍ പ്രഭാതത്തില്‍ കവാടങ്ങള്‍ തുറന്ന്‌ പാട്ടുപാടി വിജയമാഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്നു; കാളീക്ഷേത്രത്തില്‍ കാളിയും നരമാംസം ലഭിക്കാതെ എല്ലും തോലും മാത്രമായിത്തീര്‍ന്ന ഭൂതപ്രതപിശാചുക്കളും പ്രത്യക്ഷപ്പെടുന്നു; സന്ദര്‍ശകനായി വന്ന ഒരു പിശാച്‌ അതിന്റെ അഭ്യാസങ്ങള്‍ അവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കയും യുദ്ധരംഗത്തിന്റെ പ്രതീതി ജനിപ്പിച്ച്‌ അവരെ രക്തരതികൊണ്ട്‌ ഉന്മത്തരാക്കുകയും ചെയ്യുന്നു; ചോളരാജാവിന്റെ പിതൃ, പിതാമഹാദികളുടെ ശക്തിമഹത്ത്വങ്ങളെ വര്‍ണിച്ചശേഷം പിശാച്‌ ചോളരാജന്റെ മഹത്ത്വങ്ങളെയും വാഴ്‌ത്തിപ്പാടുന്നു; ഉടന്‍തന്നെ മറ്റൊരു പിശാച്‌ കലിംഗയുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തയുമായി ഓടിക്കിതച്ച്‌ രംഗത്ത്‌ പ്രത്യക്ഷപ്പെടുന്നു; പിശാചുക്കള്‍ വായില്‍ വെള്ളവുമൊലിപ്പിച്ചുകൊണ്ട്‌ തിക്കിത്തിരക്കി യുദ്ധരംഗത്തേക്കു പോകുന്നു; ശത്രു രാജ്യത്തെ സ്‌ത്രീകള്‍ വളരെയേറെ കഷ്ടപ്പെടുന്നു. ഭൂതപ്രതാദികള്‍ കാളീസന്നിധിയില്‍ കുലോത്തുംഗനെ പ്രകീര്‍ത്തിച്ചു പാടിയാടുന്നു.

പരണിക്ക്‌ ഒരു ജയന്‍ കൊണ്ടാന്‍ ("പരണിക്കോര്‍ ജയം കൊണ്ടാന്‍') എന്നാണ്‌ ചൊല്ല്‌. കലയില്‍ വളരെ അപൂര്‍വമായി മാത്രം പരീക്ഷിക്കപ്പെട്ടിട്ടുള്ള വിചിത്ര കല്‌പന, ഭയജനകത്വം, വൈലക്ഷണ്യം മുതലായ കാര്യങ്ങളാണ്‌ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. ഈദൃശ വിഷയങ്ങള്‍ ഒരു പക്ഷേ, ഇതിലെക്കാള്‍ കൂടുതല്‍ വ്യക്തമായി തമിഴ്‌ സാഹിത്യത്തില്‍ മറ്റെങ്ങും പ്രതിപാദിക്കപ്പെട്ടിട്ടില്ല. അവിടവിടെയായി ഹാസത്തിന്റെ സ്‌ഫുരണങ്ങളുമുണ്ട്‌. ദ്വയാര്‍ഥപ്രയോഗത്തിലും കവി വിരുതനാണ്‌. സ്‌ത്രീകള്‍ അവരുടെ നിബിഡ കുടിലകേശത്തില്‍ ചുവന്ന പൂക്കള്‍ മാത്രമല്ല യുവാക്കന്മാരുടെ ജീവന്‍ കൂടി അണിയുന്നു എന്നു തുടങ്ങിയ പ്രയോഗങ്ങള്‍ കലിങ്കത്തുപ്പരണിയില്‍ നിരവധിയുണ്ട്‌. സൗകര്യത്തിനുവേണ്ടി പലപ്പോഴും താഴിശൈ വൃത്തത്തിന്റെ ക്രമീകരണത്തില്‍ ഗ്രന്ഥകാരന്‍ "ചന്ത'ങ്ങളുടെ വൈവിധ്യം പ്രയോഗിച്ചിട്ടുണ്ട്‌.

"എട്ടും എട്ടും എട്ടുമെന എടുത്തതോര്‍
ഇകലൊലി കടലൊലി ഇക്കതവേ' 

തുടങ്ങിയ പ്രയോഗങ്ങള്‍ ഇദ്ദേഹത്തിന്റെ രചനാശൈലിയുടെ ഉത്തമ നിദര്‍ശനങ്ങളായി തമിഴ്‌ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. തമിഴ്‌ "വരലാറു' കൃതികളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ കലിങ്കത്തുപ്പരണി.

(പ്രാഫ. സി. യേശുദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍