This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലാശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലാശം

കഥകളിയില്‍ ഒരു പദത്തിന്റെ ഓരോ ചരണവും പാടി അവസാനിക്കുമ്പോള്‍ താളമേളങ്ങള്‍ക്കനുസൃതമായി കരചരണവിന്യാസങ്ങള്‍ യോജിപ്പിച്ചെടുക്കുന്ന ചുവടുവയ്‌പിനുള്ള സാങ്കേതിക നാമം. "കഥകളിയിലെ നൃത്തഘടകം' എന്നും കലാശത്തെ വിശേഷിപ്പിക്കാറുണ്ട്‌. "അവസാനിപ്പിക്കല്‍' എന്ന അര്‍ഥത്തിലാണ്‌ "കലാശംചവിട്ടുക' എന്നു പറയാറുള്ളത്‌. ആടുന്ന പദത്തിന്റെ ഓരോ ഭാഗം അവസാനിക്കുമ്പോഴും സന്ദര്‍ഭാനുസൃതമായ കലാശങ്ങള്‍ ചവിട്ടണം. ദാസിയാട്ടത്തിലെയും കുച്ചിപ്പുഡിയിലെയും "മുത്തായിപ്പ്‌', "തീര്‍മാനം' എന്നിവയോടു കലാശത്തിനു സാദൃശ്യമുണ്ട്‌. കളരിപ്പയറ്റില്‍ ഓരോ പയറ്റുമുറ കാണിച്ച്‌ അവസാനിപ്പിക്കുന്ന ചവിട്ടിനും "കലാശം ചവിട്ടല്‍' എന്ന പേരുണ്ട്‌.

"ഓരോ ഖണ്ഡവും ആടി അവസാനിക്കുമ്പോള്‍ നടന്‍ കൈകള്‍ കമഴ്‌ത്തി മുട്ടുകള്‍ മടക്കി നെഞ്ചിനു സമം വിരലുകള്‍ പൊന്തിച്ചു കൈയും മെയ്യും കണ്ണും യോജിപ്പിച്ച്‌ അനവധി എണ്ണങ്ങളെ കാലുകൊണ്ടു തറയില്‍ താണു ചവിട്ടി ഒടുവില്‍ വിളക്കിനടുത്തുചെന്ന്‌ വലതുകാല്‍ കൊണ്ടു താളത്തില്‍ മേളമൊപ്പിച്ച്‌ ചവിട്ടി നിര്‍ത്തുന്നു. ഇതത്ര കലാശം' (കഥകളി ജി. കൃഷ്‌ണപിള്ള).

കഥകളിയില്‍ പ്രധാനമായിട്ടുള്ള കലാശങ്ങള്‍ വട്ടമിട്ടുകലാശം, ചെമ്പടതാളകലാശം, ഇരട്ടിക്കലാശം, എടുത്തുകലാശം, ഇടക്കലാശം, ധിത്താകലാശം, അടക്കക്കലാശം, അഷ്ടകലാശം, വലിയകലാശം, ലക്ഷ്‌മീതാളകലാശം എന്നിവയാണ്‌. വട്ടമിട്ടുകലാശം (വട്ടംവയ്‌പുകലാശം). വിളംബിതകാലത്തിലുള്ള പദങ്ങള്‍ക്കാണ്‌ വട്ടമിട്ടുകലാശം ചവിട്ടാറുള്ളത്‌. പദത്തിന്റെ ഓരോ ഖണ്ഡം പാടി അവസാനിപ്പിക്കുമ്പോഴും നടന്‍ കൈകള്‍ കമഴ്‌ത്തി മുട്ടുകള്‍ മടക്കി നെഞ്ചിനുനേരെ പിടിച്ച്‌ കൈയും കണ്ണും മെയ്യും കൂടി യോജിപ്പിച്ച്‌ തറയില്‍ താഴ്‌ന്നുനിന്ന്‌ ചവിട്ടിയശേഷം വിളക്കിന്നടുത്തു ചെന്ന്‌ വലതുകാല്‍ കൊണ്ട്‌ താളമേളത്തോടുകൂടി ചവിട്ടി നിര്‍ത്തുന്നതാണ്‌ വട്ടമിട്ടുകലാശം. ഇത്‌ നാലു കാലത്തിലും ആടാറുണ്ട്‌. ചെമ്പട, ചമ്പ, അടന്ത തുടങ്ങിയ താളങ്ങളിലാണു വട്ടമിട്ടുകലാശം ചവിട്ടുന്നത്‌.

1.	ധിത്തത്തത്ത ധിത്തത്തത്ത ധിത്തത്തത്ത ധിത്തത്തത്ത
	ധിത്തത്തത്ത ധിത്തത്തത്ത തീകിടതോംതോം
					(ഇരുത്തി മുറുക്കണം) 
	ധിത്തത്തത്ത ധിത്തത്തത്ത ധിത്തത്തത്ത ധിത്തത്തത്ത
				(കുത്തുകാല്‍ മുറുക്കണം)
2.	ഹിത്തഹിത്ത ഹിത്തിതിത്ത ........... 2 പ്രാവശ്യം
	ഹിത്തിത്തിത്ത ഹിത്തിത്തിത്ത ............... 4 പ്രാവശ്യം
	തിത്തതത്ത തിത്തതാ കിട തകി തൈത
	ഹിത്തൈ ധിതൈത ധികി തത്തൈ .............
					12 അക്ഷരകാലം
 

ചെമ്പടതാളകലാശങ്ങള്‍. വട്ടമിട്ടുകലാശം കഴിഞ്ഞ്‌ എടുക്കുന്ന ചെമ്പടതാളകലാശങ്ങള്‍ പന്ത്രണ്ടെണ്ണമുണ്ട്‌. ഇവയില്‍ ആദ്യത്തെ നാലോ അഞ്ചോ എണ്ണം മാത്രമേ നടന്മാര്‍ സാധാരണയായി ചവിട്ടാറുള്ളു. ചെമ്പടകലാശങ്ങള്‍ അവതരിപ്പിക്കുന്നതിനു മുമ്പ്‌ നാലു കാലത്തില്‍ വട്ടം ചവിട്ടി നാലാം കാലത്തില്‍ ഇരുത്തി മുറുക്കണം (വലതുകാല്‍ പൊക്കി വിളക്കിന്റെ വലതുവശത്തു താണിരുന്നെഴുന്നേല്‍ക്കണം). തുടര്‍ന്ന്‌ കുത്തുകാല്‍ മുറുക്കുക (ഇരുത്തിമുറുക്കി നാലാം കാലത്തില്‍ ചുവടുകള്‍ ചവിട്ടുമ്പോള്‍ പാദങ്ങള്‍ തറയില്‍ കിഴുക്കാംതൂക്കായി ചവിട്ടണം). വെച്ചുമുറുക്കുക (1 1/2 താളവട്ടം കുത്തുകാല്‍ മുറുക്കി ഇടതുവശത്തേക്ക്‌ രണ്ടു കാല്‍ കൊണ്ട്‌ "തീകിടതോം തോം' എന്നു ചവിട്ടണം).

	ചില ചെമ്പടതാള കലാശങ്ങള്‍ 
1.	ധിത്താ, ഇത്തത്തിന്തത്താ, ക്‌ടതികിതെയ്‌, ഇതെയ്‌
	ഇത്തെയ്‌, തിതെയ്‌ത, തികിതത്തൈയ്‌
2.	ധിത്തത്തത്തധിത്താ തികിതത്തെയ്‌
	തെയ്‌തിത്താ തികിതത്തെയ്‌2
	തതികികത്തെയ്‌2, തിത്ത2
	തികിതത്തെയ്‌ തെയ്‌ തികിതത്തെയ്‌
 

ഇരട്ടിക്കലാശം. പതിഞ്ഞപദത്തിന്റെ അവസാനത്തില്‍ ചവിട്ടുന്ന ഈ കലാശം രണ്ടു കാലത്തിലാണ്‌ ആടാറുള്ളത്‌. പല്ലവിയുടെ അവസാനത്തിലും പദത്തിന്റെ അന്ത്യത്തിലുമാണ്‌ ഇരട്ടിക്കലാശം ചവിട്ടുന്നത്‌. തിത്തെയ്‌ തിതെയ്‌ എന്നാരംഭിക്കുന്ന ഈ കലാശം തെയ്‌തിത്തെയ്‌, തിത്തെയ്‌, തികിതത്തെയ്‌ എന്നിങ്ങനെ തുടര്‍ന്നുപോകുന്നു. മിനുക്കുവേഷക്കാരാണ്‌ ഇരട്ടിക്കലാശം എടുക്കാറുള്ളത്‌. ആദ്യവസാന വന്‍കിട വേഷക്കാരും ചില സന്ദര്‍ഭങ്ങളില്‍ ഇരട്ടിക്കലാശം എടുക്കാറുണ്ട്‌.

കിടതകിതാഹതെയ്യതധൃകുതക തദിം ഗിണതോം
തിത്തഹിത്ത ധിന്തതാ കിടതകി തൈ തഹിതെയ്യ
ധിത്തൈ ധികിതതൈ.............. 8 അക്ഷരം.
 

ഇടക്കലാശം. കുട്ടിത്തരം, ആദ്യവസാനം എന്നീ വേഷക്കാര്‍ ചവിട്ടാറുള്ള ഇടക്കലാശം ഓരോ ഖണ്ഡം എടുത്തു കഴിയുമ്പോള്‍ അടുത്ത താളവട്ടം ആരംഭിക്കുന്നതിനു മുമ്പായി എടുക്കുന്നതാണ്‌. ധീധിത്തത്ത ത്തിത്താ, തികിതത്തെയ്‌ എന്നിങ്ങനെയാണ്‌ ഇടക്കലാശത്തിന്റെ താളഗതി.

താഹതെയ്യത ധൃകുതക തദിംഗിണ ധിത്തൈ
ധിത്തൈധിത്തി.......................... 4 അക്ഷരകാലം
 

എടുത്തുകലാശം. കലാശങ്ങളില്‍ പ്രധാനപ്പെട്ടതും പ്രാഭവത്തോടു കൂടി എടുക്കുന്നതും ആയ ഈ കലാശം തിരശ്ശീലയ്‌ക്കകത്തു നിന്നുകൊണ്ടും അല്ലാതെയും എടുക്കാറുണ്ട്‌. വന്‍തരവേഷം, കുട്ടിത്തരം, താടിവേഷം തുടങ്ങിയ വേഷക്കാരെല്ലാം എടുത്തുകലാശം ആടാറുണ്ട്‌. കഥകളിയില്‍ നടന്മാര്‍ ഒറ്റയ്‌ക്ക്‌ ആടുമ്പോള്‍ പദമാടി പിറകോട്ടു മാറുമ്പോഴും എതിരാളിയെ പോരിനു വിളിക്കുമ്പോഴുമാണ്‌ എടുത്തുകലാശം എടുക്കുന്നത്‌. തിരനോട്ടത്തിന്‌ മുമ്പ്‌ തിരശ്ശീലയ്‌ക്കകത്തു നിന്നു കൊണ്ടും, പദമാടി രംഗത്തുനിന്നു മറയുമ്പോഴും എടുത്തുകലാശം ചവിട്ടാറുണ്ട്‌. എടുത്തു കലാശം എടുക്കുമ്പോള്‍ നടന്‍ മാറിനു നേരെയായി ഇടതു കൈയില്‍ ശിഖരമുദ്രയും വലതു കൈയില്‍ ഹംസപക്ഷമുദ്രയും പിടിച്ചിരിക്കണം. ചിലപ്പോള്‍ വലതു കൈയില്‍ ഏതെങ്കിലും ആയുധങ്ങളും പിടിച്ചിരിക്കും. തുടര്‍ന്ന്‌ വലതുവശത്തുനിന്നും മുമ്പിലേക്കു വെട്ടിത്തിരിഞ്ഞ്‌ കാല്‍മുട്ട്‌ പുറകില്‍വച്ച്‌ താഴ്‌ന്നു നിന്ന്‌ മെയ്‌ നിവര്‍ത്തിനിന്ന്‌ തെയ്‌ത്താതിത്താന്തോം തെയ്‌ ഇത്തൈയ്‌ ഇതൈയ്‌ എന്ന്‌ വായ്‌ത്താരി ചൊല്ലി ഇടതുകാല്‍ പരത്തി ചവിട്ടി വലതുകാല്‍ കൂട്ടിച്ചേര്‍ത്ത്‌ തൊട്ട്‌ പൊക്കിയെടുത്ത്‌ മുമ്പോട്ടു ചവിട്ടുകയും ചെയ്യണം. ഇതിനുശേഷം ഇടതുകാലിലേക്ക്‌ ചാഞ്ഞുനിന്നുകൊണ്ട്‌ ഇടതുകൈ മാറില്‍ ചുഴിച്ചുചുറ്റി വലതു കൈ നീട്ടി തെയ്‌താതിത്താതോം എന്നു ചവിട്ടണം. ഇത്തരത്തില്‍ നാലു പ്രാവശ്യം വീതം ഈ ചുവടുകള്‍ നാലു കാലത്തില്‍ ചവിട്ടണം. ഇതിന്റെ അവസാനത്തില്‍ കുത്തുകാല്‍ മുറുക്കി"തിത്തത്തത്തിന്തതാ' എന്ന്‌ ചവിട്ടി അവസാനിപ്പിക്കേണ്ടതാണ്‌.

തൈതാധിത്താതോം(2) തൈ ഇതൈ ഇത്തൈ തിതൈ തതികിത തൈതാധിത്താതോം.......തെയ്‌ത ഹിത്തൈ ധിതൈ തധികിതതെയ്‌ത്താ ഹിതൈ ധിതെയ്‌ത തെയ്‌തഹിത്തൈ ധിതെയ്‌ത ധികിതത്തൈ ധികിതത്തൈ ധികിതതൈ ധികിതധികിതധികിതതിത്തത്തത്ത ധിന്തതാ കിടതകിതെയ്‌ത ഹിതൈ ധിതൈ ധികിത തൈ 24 അക്ഷരംധിത്താകലാശം. ചെമ്പട താളകലാശത്തിനു ശേഷം എടുക്കുന്നതാണ്‌ ധിത്താകലാശം. ഇരട്ടിവട്ടം ചവിട്ടിയശേഷം "ധിത്താ ഇത്തധിം തത്താകിടതകി തൈ ഇതൈ ഇത്തൈ ധിതൈത തികിത ത്തൈ' എന്നു ചവിട്ടിയാണ്‌ ധിത്താ കലാശം എടുക്കുന്നത്‌. പതിഞ്ഞ പദങ്ങള്‍ക്ക്‌ നാലു പ്രാവശ്യം വീതം മൂന്നു കാലത്തിലും ധിത്താകലാശം എടുക്കാറുണ്ട്‌.

ലക്ഷ്‌മീതാളം. പുരുഷന്മാര്‍ എടുക്കുന്നതാണ്‌ ലക്ഷ്‌മീതാളകലാശം. തീം തതത്തക, തത്തത്ത, തിം തീം തത്തക തത്തത്ത തീം തതത്തക, തിംതീം തത്തക, തിക്കു തക്കു തിക്കു തക്കു തികിതക തെയ്‌ എന്നാണ്‌ ഈ കലാശത്തിന്റെ ചൊല്‍ക്കെട്ട്‌. അടക്കക്കലാശം. മധ്യ (ലയ) കാലത്തില്‍ പാടുന്ന പദങ്ങള്‍ക്കാണ്‌ അടക്കക്കലാശം എടുക്കുന്നത്‌. വട്ടം വയ്‌പു കലാശം ചവിട്ടിക്കഴിഞ്ഞ്‌ അടുത്ത ഖണ്ഡം പാടുന്നതിനു മുമ്പ്‌ എടുക്കുന്ന കലാശത്തിന്‌ 24 അക്ഷരകാലമുണ്ട്‌. കുട്ടിത്തരവേഷക്കാരും ചില രണ്ടാംതരവേഷക്കാരുമാണ്‌ അടക്കക്കലാശം എടുക്കുന്നത്‌.

തധീം തത്ത ത്തധീം തോംതോം
ധിത്താ ഇത്തധിം തത്താ കിടതകിതൈ.
ഇതൈ ഇത്തൈ തിതൈത തികിത
ധിത്തത്തത്തധിം തതാ....................
തൈ ഇതൈ ഇത്തൈ തിതൈ തതികിത
തിത്താ ഇത്ത ധിം തതാ കിടതകിതൈ
ഇതൈ ഇത്തൈ തിതൈത തികി തത്തൈഭ
24 അക്ഷരം
 

അഷ്ടകലാശം. തുടര്‍ച്ചയായി എട്ടു കലാശങ്ങള്‍ ചേര്‍ന്നെടുക്കുന്നതിനാലാണ്‌ അഷ്ടകലാശം എന്ന്‌ ഈ കലാശത്തിനു പേര്‌ ലഭിച്ചിട്ടുള്ളത്‌. കല്ലടിക്കോട്ടു സമ്പ്രദായത്തിന്റെ ആവിഷ്‌കര്‍ത്താവായ ചാത്തുണ്ണിപ്പണിക്കരാണ്‌ അഷ്ടകലാശത്തിന്റെ ഉപജ്ഞാതാവ്‌ എന്ന്‌ കരുതപ്പെടുന്നു. നോ: അഷ്ടകലാശം

1.	തതകിട തികിത, തക്കിട കിടതികിത, കിടതകി.
തക്കു, തിക്കു തക്കിട്ടേം തക്കിട കിട തകിതാം.
2.	തക്കിടകിടതകി, തക്കിട കിട തകിതാം. 
3.	തക്കിട കിടതകിതാം, തത്ത, തക്കിടകിടതകിതാം.
4.	തക്കിട കിടതകി തിത്തത്തത്ത, തിത്തത്തത്ത തക്കിടകിട തകി
താം.
5.	തക്കിട കിടതകി തിത്തത്തത്ത, തിത്തത്തത്ത തിത്തത്തത്ത തക്കിട കിടതകിതാം.
6.	തക്കിട കിട തകിധിത്തിത്തെയം തത്തധി ത്തിത്തി തെയ്യം തത്ത തക്കിട കിട തകിതാം.
7.	തക്കിട കിടതകി ധിത്തിതെയ്യം തത്ത ധിത്തിത്തിതെയ്യം തത്ത ധിത്തത്തത്ത തക്കിട  കിട തകിതാം.
8.	തക്കിട കിടതകി തക്കിട കിടതകി നാങ്കിട കിടതകി നോങ്കിട കിടതകി തക്കുതിക്കു തക്കിട്ടെം തക്കിടകിട തകിതാം.
 

വലിയകലാശം. അഷ്ടകലാശത്തിന്റെ അവസാനത്തില്‍ "താം' എന്ന ചൊല്ലോടുകൂടി ചെമ്പതാളത്തില്‍ മറ്റെല്ലാ താളങ്ങളും (പഞ്ചാരി, ചെമ്പട, മുറിയടന്ത, അടന്ത) അന്തര്‍ഭവിപ്പിച്ച്‌ കലാശമാക്കി എടുക്കുന്നതാണ്‌ വലിയകലാശം. പേരുപോലെ തന്നെ കഥകളിയിലെ ഏറ്റവും വലിയ കലാശവും ഇതുതന്നെ. താളനിയന്ത്രണവും കഠിനാഭ്യാസവും അവശ്യം വേണ്ടതാണ്‌ വലിയകലാശം. അഷ്ടകലാശം ആടിക്കഴിഞ്ഞ്‌ "താം' എന്നു ചേര്‍ത്ത്‌ ചമ്പതാളത്തിന്റെ ആവര്‍ത്തനത്തിന്റെ അവസാനം വരെ രണ്ടു കാലും പിന്നോട്ടു മാറ്റി മാറ്റി വച്ച്‌ ചവിട്ടണം. തുടര്‍ന്ന്‌ തെയ്‌താം എന്ന്‌ പഞ്ചാരി താളത്തിലും "തത്തിന്തകക്കേന്തോം' എന്ന്‌ 4 പ്രാവശ്യം ചുവടുവച്ച്‌ "തിത്താതികിത' എന്ന്‌ നാലു പ്രാവശ്യം ചവിട്ടി മുമ്പോട്ട്‌ ചവിട്ടി എടുക്കണം.

വലിയ കലാശത്തിലെ ചുവടുകള്‍ മുഴുവനും ഓരോ കാലിലും മൂന്നു പ്രാവശ്യം വീതം എടുത്തശേഷം "തത്തിന്തത്താക്‌ടതികി, തീത്തിത്തെയ്യം തത്ത' എന്ന്‌ ചവിട്ടി അവസാനിപ്പിക്കേണ്ടതാണ്‌. കഥകളിയില്‍ കലാശങ്ങളുടെ ഗതിക്കനുസരിച്ച്‌ മെയ്യും കൈയും കണ്ണും ചലിപ്പിക്കണമെന്ന്‌ നിയമമുണ്ട്‌. കഥകളിയിലെ മറ്റു ഘടകങ്ങളെപ്പോലെ കലാശത്തിന്റെ പ്രയോഗത്തിലും ചുവടുവയ്‌പിലും ദേശഭേദം, സമ്പ്രദായഭേദം എന്നിവയനുസരിച്ച്‌ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്‌. വെട്ടത്തുനാട്ടുരാജാവും, കല്ലടിക്കോടനും, കപ്ലിങ്ങാടനുമാണ്‌ ഈ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. കലാശം ചവിട്ടുമ്പോള്‍ കൈമുദ്രകള്‍ വെട്ടത്തുസമ്പ്രദായമനുസരിച്ച്‌ കണ്ണിനു നേരെ അല്‌പമുയര്‍ത്തിയും കപ്ലിങ്ങാടനില്‍ മാറിനു നേരെയും കല്ലടിക്കോടനില്‍ താടിക്കു നേരെയുമാണ്‌ പിടിക്കേണ്ടത്‌.

കലാശം ചവിട്ടുമ്പോള്‍ കൈമുദ്ര പിടിക്കുന്ന രീതി (ഓരോ സമ്പ്രദായത്തിലുള്ളതും) യെക്കുറിച്ചു മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍ ഇപ്രകാരമാണു വിവരിക്കുന്നത്‌.

"നല്‌ക്കലാശമെടുക്കെക്കൈകള്‍ കണ്ണിന്നുമീതെ
പൊക്കിയിട്ടെട്ടെന്നുമേതെന്നും വെളിവാക്കാതെ
നീട്ടിയും കുറുക്കിയും കണ്‍ചേരാതംഗുലികള്‍
പെട്ടെന്നു മറിപ്പതാം വെട്ടത്തെ സമ്പ്രദായം
ഹസ്‌തങ്ങള്‍ കലാശത്തിലേതെന്നുമെട്ടെന്നുമാം
മുദ്രയോടൊട്ടു താഴ്‌ത്തി ഗാത്രങ്ങളോടൊപ്പം
വെട്ടിച്ചിരുപാടും നോക്കുന്നതു കല്ലടിക്കോ
ടൊട്ടേറെ കൂടുമതിലോമനേ! കാല്‍പ്രയോഗം
കൈകള്‍ മാറിനൊപ്പിച്ചെട്ടെന്നുമേതെന്നുമാക്കി
സ്‌തോകമായി മുട്ടുകള്‍ മടക്കിയുയര്‍ത്തി ബ്‌ഭംഗ്യാ
ദൃഷ്ടി മെയ്‌ ചേര്‍ത്തു താളമൊത്തു മാറിമറിച്ചു
വിട്ടുപിടിക്കുന്നതു കപ്ലിങ്ങാടന്റെ മട്ടാം'.
			               (കഥകളിപ്രകാശിക)
 

കഠിനാഭ്യാസവും മെയ്‌വഴക്കവും ശാരീരികശക്തിയുള്ള കലാകാരന്മാര്‍ക്കു മാത്രമേ അനായാസമായി കലാശം ചവിട്ടാന്‍ സാധിക്കുകയുള്ളു.

"ചുട്ടിയും കുത്തി ദശഗ്രീവവേഷവും,
കെട്ടിപ്പുറപ്പെട്ടു പൊട്ടിച്ചിരിക്കയും,
കൊട്ടിക്കലാശം ചവിട്ടിച്ചരിക്കയും, 
ചട്ടിച്ച മുഞ്ഞി വിയര്‍ത്തങ്ങൊലിക്കയും.......'
			               (കൃഷ്‌ണലീല, 51)
 

എന്നിങ്ങനെ കുഞ്ചന്‍നമ്പ്യാരുടെ ആക്ഷേപഹാസ്യം കലാശത്തെയും സ്‌പര്‍ശിച്ചിട്ടുണ്ട്‌. നോ: കഥകളി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍