This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലാവിദ്യാഭ്യാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലാവിദ്യാഭ്യാസം

Art Education

കലയെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും സൗന്ദര്യാവബോധത്തിന്റെയും പ്രായോഗികാനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ നല്‌കപ്പെടുന്ന വിദ്യാഭ്യാസം. "കലാവിദ്യാഭ്യാസം' എന്ന സാങ്കേതിക പദംകൊണ്ട്‌ അര്‍ഥമാക്കുന്നത്‌ വിവിധ കലാരൂപങ്ങളെയും കലാവിഭാഗങ്ങളെയും കുറിച്ചുള്ള കേവലപഠനം മാത്രമല്ല പ്രത്യുത, കലാധ്യാപനവും ഇതു സംബന്ധിച്ച ഗവേഷണങ്ങളും കലാചരിത്രവും കൂടിയാണ്‌. വ്യക്തികളില്‍, പ്രത്യേകിച്ച്‌ വിദ്യാര്‍ഥികളില്‍, കുടികൊള്ളുന്ന കലാപരമായ സര്‍ഗപ്രതിഭയെ കണ്ടെത്തി വികസിപ്പിക്കുക, കലയെ സംബന്ധിച്ച വിമര്‍ശനാത്മക അവബോധം അവരില്‍ ജനിപ്പിക്കുക, കലയും അതിന്റെ ചരിത്രവും സംബന്ധിച്ച അറിവ്‌ ശാസ്‌ത്രീയമായി പകര്‍ന്നു നല്‍കുക തുടങ്ങിയ കാര്യങ്ങളാണ്‌ പ്രധാനമായും കലാവിദ്യാഭ്യാസം കൊണ്ട്‌ ലക്ഷ്യമിടുന്നത്‌. ഇതുകൂടാതെ, പുതിയ തൊഴില്‍ മേഖലകളുടെ വളര്‍ച്ചക്കും വ്യക്തിയുടെ വികാസത്തിനും സാമൂഹികാവബോധം സൃഷ്‌ടിക്കുന്നതിനും കലാവിദ്യാഭ്യാസത്തിലൂടെ സാധ്യമാകുന്നു.

ചരിത്രം. ഇന്നത്തെയത്ര വിപുലമല്ലെങ്കിലും ആദ്യകാലങ്ങളില്‍ത്തന്നെ കലയും പൊതുവിദ്യാഭ്യാസത്തിന്റെ മാര്‍ഗമായിരുന്നു. ലോകത്ത്‌ ആദ്യമായി ഒരു കലാപഠനകേന്ദ്രം ആരംഭിച്ചത്‌ ബി.സി. 400ല്‍ ഹ്രീസില്‍ പ്ലാറ്റോ ആയിരുന്നുവെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. എന്നാല്‍, കലാവിദ്യാഭ്യാസത്തിന്‌ വ്യാപകമായ പ്രചാരം ലഭിച്ചതും അതിനെ ശാസ്‌ത്രീയ പഠനത്തിന്‌ വിധേയമാക്കിയതുമെല്ലാം കേവലം 200 വര്‍ഷം മുന്‍പ്‌ മാത്രമാണ്‌.

18-ാം ശ.ത്തിന്റെ അന്ത്യപാദങ്ങളില്‍ യൂറോപ്പിലാണ്‌ ഈ വിദ്യാഭ്യാസരീതിക്ക്‌ തുടക്കമാകുന്നത്‌. യൂറോപ്പില്‍ത്തന്നെ, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, ജര്‍മനി എന്നീ രാജ്യങ്ങളായിരുന്നു കലാപഠനത്തിന്‌ ഏറെ പ്രാധാന്യം നല്‍കിയിരുന്നത്‌. വിദ്യാര്‍ഥികളുടെ ഭാവനാശക്തിയെ ഉദ്ദീപിപ്പിക്കുന്ന ദൃശ്യാനുഭവങ്ങള്‍ (Visual Experience) പ്രദാനം ചെയ്യുന്നതിനുവേണ്ടി, ചിത്രരചന (Drawing) പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെയാണ്‌ കലാവിദ്യാഭ്യാസത്തിന്‌ തുടക്കമാകുന്നത്‌. തുടര്‍ന്ന്‌ പലതരത്തിലുള്ള ജ്യാമിതീയ രീതികളും (Geometrical Methods) പൊതുവിദ്യാഭ്യാസത്തില്‍ അവലംബിച്ചതോടെ ഭാഗികമെങ്കിലും കലയും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി. 1837ലാണ്‌ കലാവിദ്യാഭ്യാസത്തിനായി ഒരു കേന്ദ്രം ഇംഗ്ലണ്ടില്‍ സ്ഥാപിതമായത്‌. അത്‌ വലിയ വിജയം കണ്ടില്ലെങ്കിലും 1850കളില്‍ ഇംഗ്ലണ്ടില്‍ പ്രമറി ക്ലാസ്സുകളില്‍ ഡ്രായിങ്‌ കോഴ്‌സുകള്‍ പാഠ്യവിഷയമായതോടെ ഈയവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാകുകയും കലാവിദ്യാഭ്യാസത്തിന്‌ ചെറിയതോതില്‍ പ്രാധാന്യം കൈവരിക്കുകയും ചെയ്‌തു. 1870ഓടെ അമേരിക്കയിലും കലാവിദ്യാഭ്യസ കേന്ദ്രങ്ങള്‍ സ്ഥാപിതമായിത്തുടങ്ങി. ഇംഗ്ലണ്ടില്‍ പ്രിന്‍സ്‌ ആല്‍ബര്‍ട്ടും, അമേരിക്കയില്‍ ജോണ്‍ ഡിവേക്കുമായിരുന്ന ഇതിനായി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖര്‍.

ഇംഗ്ലണ്ടില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ഫ്രഡറിക്ക്‌ ഫ്രായ്‌ബലിന്റെ ആശയങ്ങള്‍ പ്രയോഗിക്കപ്പെട്ടതോടെയാണ്‌ കലാവിദ്യാഭ്യാസ ചരിത്രത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത്‌. വിദ്യാര്‍ഥികളില്‍ കുടികൊള്ളുന്ന സര്‍ഗവാസനകളെ സ്വപ്രവര്‍ത്തനങ്ങളിലൂടെ (Self Activities) തന്നെ വികസിപ്പിക്കണമെന്നും അതിനുതകുന്ന തരത്തിലുള്ള പാഠ്യപദ്ധതി പൊതുവിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിന്റെയടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട പാഠ്യപദ്ധതികളാണ്‌ വിദ്യാലയങ്ങളില്‍ കലാപഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സൗകര്യമേര്‍പ്പെടുത്താന്‍ കാരണമായിത്തീര്‍ന്നതും പില്‌ക്കാലത്ത്‌ കലാപഠനത്തിനായി പ്രത്യേകം സ്ഥാപനങ്ങള്‍ എന്ന ആശയത്തിന്‌ വഴിവച്ചതും. 19-ാം ശ.ത്തിന്റെ അന്ത്യപാദത്തില്‍ കലാവിദ്യാഭ്യാസത്തിന്‌ ചില പുത്തന്‍ പ്രവണതകള്‍കൂടി കൈവന്നു. കലയെ അതിന്റെ കേവലാര്‍ഥത്തില്‍ സമീപിക്കുന്നതിനുപകരം അതില്‍ വിവിധ ആവിഷ്‌കാരങ്ങളുടെയും (Expressionism) പ്രത്യയശാസ്‌ത്രങ്ങളുടെയുംകൂടി സാധ്യതകള്‍ കണ്ടെത്തേണ്ടതുണ്ടെന്ന വാദം അക്കാലങ്ങളില്‍ സജീവമായിരുന്നു. ഫ്രാന്‍സിസെക്ക്‌, ലൂയീസ്‌ പ്രാങ്‌ തുടങ്ങിയ വിദ്യാഭ്യാസ ചിന്തകരായിരുന്നു ഇത്തരം വാദങ്ങളുടെ പ്രണേതാക്കള്‍. കല സമൂഹികവും സാംസ്‌കാരികവുമായ നവീകരണോപാധിയായിക്കൂടി അവതരിപ്പിക്കപ്പെടേണ്ടതാണ്‌ എന്നായിരുന്നു ഈ വാദങ്ങളുടെ അന്തസ്സത്ത.

പൊതുവിദ്യാഭ്യാസരംഗത്ത്‌ പ്രമറിതലങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന കലാവിദ്യാഭ്യാസം 20-ാം ശ.ത്തോടെ സെക്കണ്ടറി തലത്തിലേക്കും കടന്നുവന്നു. ഇതോടെ, കലാവിദ്യാഭ്യാസം വിഷയാധിഷ്‌ഠിത വിദ്യാഭ്യാസമേഖലകളില്‍ ഒന്നായി മാറി. ചിത്രകല, ശില്‌പനിര്‍മാണം, സംഗീതം, നാടകപഠനങ്ങള്‍ മറ്റു കലാവിഭാഗങ്ങള്‍ തുടങ്ങിയവയ്‌ക്കായി പ്രത്യേകം വകുപ്പുകളും സ്ഥാപനങ്ങളും ആരംഭിച്ചു. ഇത്തരം സ്ഥാപനങ്ങളിലേക്ക്‌ വര്‍ധിച്ച തോതില്‍ വിദ്യാര്‍ഥികള്‍ എത്തിയതോടെ കലാവിദ്യാഭ്യാസത്തിന്‌ കൂടുതല്‍ പ്രാധാന്യം കൈവന്നു. രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പിന്‌ പുറത്തേക്കും ഈ പ്രവണത വ്യാപിച്ചു.

കലാവിദ്യാഭ്യാസത്തിന്റെ ചരിത്ര പ്രതിപാദ്യത്തില്‍ സോവിയറ്റ്‌ യൂണിയന്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നുണ്ട്‌. കലാവിദ്യാഭ്യാസത്തിന്‌ രാഷ്‌ട്രീയ പരിപ്രക്ഷ്യവും പ്രത്യയശാസ്‌ത്ര അടിത്തറയും കൈവരുന്നത്‌ സേവിയറ്റ്‌ യൂണിയന്‍ കലാവിദ്യാഭ്യാസത്തെ ഗൗരവമായി സമീപിക്കുന്നതോടെയാണ്‌. ലെനിന്റെ ആശയങ്ങളെ അവലംബിച്ചായിരുന്നു. അവിടെ കലാവിദ്യാഭ്യാസത്തിന്‌ രൂപരേഖ തയ്യാറാക്കിയത്‌. കല സാമൂഹ്യാവബോധം സൃഷ്‌ടിക്കുന്നതിനുള്ള ഒരു മാധ്യമമാണെന്നും അതുകൊണ്ടുതന്നെ വര്‍ഗസമരത്തില്‍ അതിന്‌ ചെറുതല്ലാത്ത സ്ഥാനമാണുള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

കലാവിദ്യാഭ്യാസം വികസ്വര രാജ്യങ്ങളിലും മൂന്നാം ലോക രാജ്യങ്ങളിലും. 1950കളോടെ തന്നെ അമേരിക്കയിലും യൂറോപ്പിലും സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലുമെല്ലാം കലാവിദ്യാഭ്യാസത്തിന്‌ വമ്പിച്ച പ്രാധാന്യം കൈവരികയും അത്‌, പ്രത്യേക പഠനവിഭാഗമായിത്തന്നെ പരിഗണിക്കപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ ഏറെ വൈകിമാത്രമാണ്‌ മൂന്നാം ലോകരാഷ്‌ട്രങ്ങളില്‍ കലാവിദ്യാഭ്യാസത്തിന്‌ കൃത്യമായ രൂപരേഖ തയ്യാറാകുന്നത്‌. ഇത്തരം രാഷ്‌ട്രങ്ങളിലധികവും യൂറോപ്യന്‍ കോളനികളായിരുന്നതിനാല്‍, യൂറോപ്യന്‍ കലാവിദ്യാഭ്യാസരീതി തന്നെയാണ്‌ ഇന്ത്യയടക്കമുള്ള രാഷ്‌ട്രങ്ങള്‍ പിന്തുടരുന്നത്‌. സാമൂഹികവും, രാഷ്‌ട്രീയവും, സാമ്പത്തികവും, മതപരവും, ഭാഷാപരവുമായ പ്രതിസന്ധികള്‍ കലാപഠനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ തടസ്സമായി നില്‍ക്കുന്നു. എന്നിരുന്നാലും, പ്രാദേശികവും പരമ്പരാഗതവുമായ കലകളെ പരിപോഷിപ്പിക്കുകയും അതില്‍, കൂടുതല്‍ പഠനങ്ങള്‍ സാധ്യമാക്കുകയും വഴി ഇത്തരം രാഷ്‌ട്രങ്ങള്‍ക്ക്‌ കലാപഠനത്തില്‍ വലിയ സാധ്യതകളാണുള്ളത്‌.

സമീപനങ്ങള്‍. ആദ്യകാലം മുതല്‍ തന്നെ, കലാവിദ്യാഭ്യാസത്തെ സംബന്ധിച്ച്‌ ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്‌. കലാവിദ്യാഭ്യാസത്തിന്റെ കരിക്കുലം എപ്രകാരമായിരിക്കണം എന്നതിനെ മുന്‍നിര്‍ത്തിയായിരുന്നു പ്രധാനമായും ഇത്തരം ഗവേഷണങ്ങള്‍ നടന്നത്‌. ഇതില്‍ത്തന്നെ, ചിത്രകലയുടെയും ജ്യാമിതിയുടെയുമെല്ലാം സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ മുന്‍നിര്‍ത്തിയും പ്രത്യേകം പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. എന്നാല്‍ ഇവയെല്ലാം തന്നെ പൊതുവിദ്യാഭ്യാസത്തില്‍ കലയെ പ്രയോജനപ്പെടുത്തുക എന്ന കേവല ലക്ഷ്യത്തില്‍ ഒതുങ്ങുന്നതായിരുന്നു. പിന്നീട്‌ കലാപഠനം സെക്കണ്ടറി തലത്തിലേക്ക്‌ കൂടി വ്യാപിക്കുകയും പൊതുവിദ്യാഭ്യാസത്തില്‍ നിന്നും മാറി അതിനെ വിഷയാധിഷ്‌ഠിതമായി സമീപിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമായതോടെ ഇതുസംബന്ധിച്ച ഗവേഷണങ്ങളുടെ സമീപനത്തിലും കാര്യമായ മാറ്റങ്ങള്‍ വന്നു. ഇതിനെത്തുടര്‍ന്നാണ്‌ കലാപഠനത്തിനായി പൊതു കരിക്കുലം എന്ന ആശയം രൂപമെടുക്കുന്നതും അത്‌ യൂറോപ്പില്‍ നടപ്പാക്കുന്നതും. ഇതുകൂടാതെ, കലയോട്‌ തന്നെയുള്ള സമീപനങ്ങളിലെ വ്യത്യാസങ്ങള്‍ക്കനുസൃതമായി സോവിയറ്റ്‌ യൂണിയന്‍ പോലുള്ള രാജ്യങ്ങള്‍ സ്വീകരിച്ച പ്രത്യേക നയങ്ങളെ മുന്‍നിര്‍ത്തിയും കലാവിദ്യാഭ്യാസത്തില്‍ ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്‌.

കലാവിദ്യാഭ്യാസത്തെ അതിന്റെ സാമൂഹിക തലത്തിലും മനഃശാസ്‌ത്രപരിപ്രക്ഷ്യത്തിലും പഠനങ്ങള്‍ക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌. ഇത്‌, വിദ്യാര്‍ഥികളില്‍ കുടികൊള്ളുന്ന കലാവാസനകളെ എപ്രകാരമാണ്‌ വളര്‍ത്തുന്നതെന്നും കലാപഠനങ്ങള്‍ സാമൂഹികവത്‌കരണത്തിലും വ്യക്തിത്വ വികാസത്തിലും ചെലുത്തുന്ന സ്വാധീനങ്ങള്‍ എത്രത്തോളമാണെന്നും ഇത്തരം പഠനങ്ങളിലൂടെ കണ്ടെത്താനായിട്ടുണ്ട്‌. കലാവിദ്യാഭ്യാസത്തിലൂടെ ഔപചാരിക വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയും കലയുടെ തന്നെ വളര്‍ച്ചയും പഠനവിധേയമാക്കുന്ന ഒരു സമാന്തര ഗവേഷണംകൂടി ഇതിലൂടെ നടക്കുന്നുണ്ട്‌.

ആധുനിക വിദ്യാഭ്യാസ ചിന്തകന്മാര്‍ കലാവിദ്യാഭ്യാസത്തെ പ്രധാനമായും മൂന്ന്‌ രീതിയിലാണ്‌ സമീപിച്ചിരിക്കുന്നത്‌. ഒന്ന്‌, അനുഭവജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന പ്രായോഗിക വിദ്യാഭ്യാസം. കലാപഠനത്തിന്റെ മുഖ്യകേന്ദ്രമായ "സ്റ്റുഡിയോ'കളെയും മറ്റും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഈ പഠനരീതി "സ്റ്റുഡിയോ വിദ്യാഭ്യാസം' എന്നാണറിയപ്പെടുന്നത്‌. രണ്ട്‌, കൃത്യമായ കരിക്കുലത്തില്‍ ഒതുങ്ങിനിന്നുകൊണ്ട്‌ നടത്തപ്പെടുന്ന അക്കാദമിക വിദ്യാഭ്യാസം. മൂന്ന്‌, കലയുടെ രാഷ്‌ട്രീയവും സാമ്പത്തികവും ചരിത്രപരവുമായ കാര്യങ്ങളും മറ്റും പ്രതിപാദിക്കുന്ന വിമര്‍ശനാത്മക വിദ്യാഭ്യാസം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍