This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലാമിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലാമിന്‍

സിങ്ക്‌ ഓക്‌സൈഡ്‌ മിശ്രിതം. സിങ്ക്‌ ഓക്‌ഡൈഡും 0.5 ശ.മാ. അയണ്‍ (II) ഓക്‌സൈഡും കലര്‍ന്ന കലാമിന്‍, ഔഷധങ്ങളിലും സൗന്ദര്യവര്‍ധക വസ്‌തുക്കളിലും വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇളം ചുവപ്പുനിറത്തിലുള്ള മിനുസമേറിയ ധൂളിയായാണ്‌ കലാമിന്‍ കാണപ്പെടുന്നത്‌. കലാമിന്‍ ലോഷന്റെ പ്രധാന ഘടകമായ കലാമിന്‍, വെയിലേറ്റുള്ള പൊള്ളല്‍ (sun burn), ചിക്കന്‍പോക്‌സ്‌, ചൊറിഞ്ഞു ചുവക്കല്‍, ഷഡ്‌പദ ദംശനങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന തൊലിപ്പുറത്തെ ചൊറിച്ചിലകറ്റാന്‍ (anti-itching agent) ഉപയോഗിച്ചുവരുന്നു. ത്വക്കിന്‌ ആശ്വാസമേകുന്ന സൂതിങ്‌ ലോഷനുകളായും വ്രണങ്ങളില്‍ ഉപയോഗിക്കാവുന്ന ഡസ്റ്റിങ്‌ പൗഡറായും കലാമിന്‍ ഉപയോഗിക്കാറുണ്ട്‌. തൊലിപ്പുറത്തെ അണുബാധയ്‌ക്കെതിരെ ലഘു അണുനാശകമായും വ്രണങ്ങളിലും വിണ്ടുകീറലുകളിലും തൊലി ചുരുങ്ങിയടുക്കുന്നതിനുള്ള ആസ്‌ട്രിജന്റായും കലാമിന്‍ ഉപയോഗിക്കുന്നു. ഒട്ടനവധി സൗന്ദര്യവര്‍ധക വസ്‌തുക്കളുടെ ചേരുവകളിലൊന്നാണ്‌ കലാമിന്‍. ലേപനങ്ങളായും ലോഷനുകളായും ഇവ പ്രചാരത്തിലുണ്ട്‌. വളരെ പ്രസിദ്ധമായ കലാമിന്‍ ലേപനമാണ്‌ ലാക്‌റ്റോകലാമിന്‍. ഒരു ശ.മാ. ഫിനോള്‍ അടങ്ങിയ ഫിനോളിക കലാമിന്‍ ലോഷനും നിലവിലുണ്ട്‌. ധാതു വിജ്ഞാനീയത്തില്‍, കലാമിന്‍ എന്നുതന്നെ അറിയപ്പെടുന്ന പ്രധാനപ്പെട്ട രണ്ട്‌ സിങ്ക്‌ ധാതുക്കളുണ്ട്‌. സിങ്ക്‌ കാര്‍ബണേറ്റ്‌ അഥവാ സ്‌മിത്‌സോണൈറ്റ്‌ (ZnCO3), സിങ്ക്‌ സിലിക്കേറ്റ്‌ അഥവാ ഹെമിമോര്‍ഫൈറ്റ്‌ (Zn4Si2O7(OH)2. H2O) എന്നിവയാണവ. സ്‌മിത്‌സോണൈറ്റ്‌, സിങ്ക്‌ ഓക്‌സൈഡുമായി നിരവധി സാദൃശ്യങ്ങള്‍ പുലര്‍ത്തുന്നു. ലഘു ആസ്‌ട്രിജന്റായും ഷാംപൂവിലും മറ്റും എല്ലാ ചേരുവകളെയും ഏകീകൃതമാക്കുന്ന നിഷ്‌ക്രിയ ചേരുവയായും സ്‌മിത്‌സോണൈറ്റ്‌ ഉപയോഗിക്കുന്നു. റബ്ബര്‍, പ്ലാസ്റ്റിക്‌ തുടങ്ങിയവയില്‍ ഫയര്‍ പ്രൂഫിങ്‌ ഫില്ലറായും, വര്‍ണകമായും, സൗന്ദര്യവര്‍ധക വസ്‌തുക്കളിലെ ഘടകമായും ഉപയോഗിക്കുന്നു. കൂടാതെ പോഴ്‌സലേയ്‌ന്‍, കളിമണ്‍ പാത്രങ്ങള്‍ തുടങ്ങിയവയുടെ ഉത്‌പാദനത്തിലും സ്‌മിത്‌സോണൈറ്റിന്‌ പങ്കുണ്ട്‌. ക്രിസ്റ്റലീയ ഘടനയുള്ള ഹെമിമോര്‍ഫൈറ്റ്‌, മാങ്‌ഗനീസില്‍ ഡോപ്പ്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹരിത ഫോസ്‌ഫര്‍, ഡിസ്‌പ്ലേ ട്യൂബുകള്‍, പ്ലാസ്‌മാഡിസ്‌പ്ലേ, ഫ്‌ളൂറസെന്റ്‌ വിളക്കുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നു. പെയിന്റുകളില്‍ ദ്രവീകരണ നിരോധകങ്ങളായും ഇവ ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍