This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലാമണ്ഡലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലാമണ്ഡലം

കേരളത്തിലെ ഒരു കലാസാംസ്‌കാരികകേന്ദ്രം. ഷൊര്‍ണൂരില്‍ നിന്ന്‌ ഒരു കി.മീ. തെക്ക്‌ "ചെറുതുരുത്തി' എന്ന സ്ഥലത്ത്‌ വള്ളത്തോള്‍ നഗറിലാണ്‌ ഈ സ്ഥാപനം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്‌. കേരളകലാമണ്ഡലം ഇന്ന്‌ അന്താരാഷ്‌ട്രപ്രസിദ്ധിയുള്ള ഒരു കലാപഠനകേന്ദ്രമായി മാറിയിട്ടുണ്ട്‌. അക്കാദമി ഒഫ്‌ ആര്‍ട്‌സ്‌ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ കേന്ദ്രത്തിന്റെ സ്ഥാപകന്‍ മഹാകവി വള്ളത്തോളാണ്‌.

കലാമണ്‌ഡലം പ്രധാന കെട്ടിടം

ലളിതകലകളെയും നാടന്‍ കലകളെയും വികസിപ്പിച്ചെടുക്കുക; കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, ചാക്യാര്‍കൂത്ത്‌, തുള്ളല്‍ തുടങ്ങിയ കേരളീയ ദൃശ്യകലകള്‍ക്ക്‌ കളിയോഗങ്ങള്‍ ആരംഭിക്കുക; അവയ്‌ക്ക്‌ പ്രത്യേക കളരികള്‍ സ്ഥാപിക്കുക; സാഹിത്യം, ചിത്രമെഴുത്ത്‌, സംഗീതം എന്നീ സുകുമാരകലകളില്‍ പരിപൂര്‍ണശിക്ഷണം നല്‌കുക എന്നിവയാണ്‌ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനോദ്ദേശ്യങ്ങള്‍.

ഭാരതത്തില്‍ ബ്രിട്ടിഷ്‌ ഭരണത്തോടുകൂടി ഭാരതീയ കലകള്‍ ക്ഷയിച്ചു തുടങ്ങുകയും, പാശ്ചാത്യവിദ്യാഭ്യാസം, പാശ്ചാത്യകലകള്‍ എന്നിവയുടെ പ്രചാരണത്തിന്‌ പ്രാധാന്യം ലഭിച്ചു തുടങ്ങുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ ഭാരതീയകലകളുടെ നവോത്ഥാനത്തിനുവേണ്ടി മഹാകവി വള്ളത്തോളിന്റെ മേല്‍നോട്ടത്തില്‍ ഒരു കലാസ്ഥാപനം സ്ഥാപിക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ ആരംഭിച്ചത്‌. വള്ളത്തോളിന്‌ പ്രരണയായത്‌, കുന്നംകുളത്തുള്ള മണക്കുളം സ്വരൂപത്തിലെ മൂപ്പില്‍ സ്ഥാനി കുഞ്ഞുണ്ണിവലിയ തമ്പുരാന്‍ (കക്കാട്ടു കാരണവപ്പാട്‌) ആയിരുന്നു. ഇതിന്റെ ഫലമായി 1927ല്‍ കേരളകലാമണ്ഡലം ഒരു സൊസൈറ്റിയുടെ രൂപത്തില്‍ കോഴിക്കോട്ട്‌ രൂപവത്‌കരിക്കപ്പെട്ടു. 18 സ്ഥാപകമെമ്പര്‍മാര്‍ ഉള്‍ക്കൊണ്ട ഒരു സമിതിയായിരുന്നു ഈ സൊസൈറ്റിയുടെ നിര്‍വാഹകസമിതി. നിലമ്പൂര്‍ മഹാരാജാവ്‌ (രക്ഷാധികാരി), മഹാകവി വള്ളത്തോള്‍ (അധ്യക്ഷന്‍), മണക്കുളം മുകുന്ദരാജാവ്‌ (സെക്രട്ടറി) എന്നിവരായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന ശില്‌പികള്‍. ആരംഭകാലത്ത്‌ ഈ സ്ഥാപനത്തിന്‌ വളരെയേറെ സാമ്പത്തികക്ലേശം അനുഭവിക്കേണ്ടിവന്നു. 1930 മുതല്‍ ഇവിടെ യുവനടന്മാര്‍ക്ക്‌ പരിശീലനം നല്‌കിത്തുടങ്ങി. 1942ല്‍ കൊച്ചി മഹാരാജാവിന്റെ ആജ്ഞപ്രകാരം ഈ സ്ഥാപനത്തിന്റെ നിര്‍വഹണച്ചുമതല കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലായി. ഇതിന്റെ ഡയറക്ടറായി വള്ളത്തോള്‍ തന്നെ നിയമിക്കപ്പെട്ടു. 1958 വരെ അദ്ദേഹം ഈ പദം അലങ്കരിച്ചു.

കലാമണ്ഡലത്തിലെ നൃത്താഭ്യസനം

1934ല്‍ ഇവിടത്തെ നൃത്തസംഘം വിദേശപര്യടനങ്ങള്‍ നടത്തി. ബര്‍മയിലേക്കായിരുന്നു ഇവരുടെ ആദ്യത്തെ യാത്ര. 1951ല്‍ ഇവര്‍ മഹാകവിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ പര്യടനം നടത്തി പരിപാടികള്‍ അവതരിപ്പിച്ചതോടെ കലാമണ്ഡലത്തിന്റെ യശസ്സ്‌ പ്രചരിച്ചു തുടങ്ങി. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം കലാമണ്ഡലത്തിന്‌ ഗവണ്‍മെന്റില്‍ നിന്ന്‌ സഹായം ലഭിച്ചു തുടങ്ങി.

1955ല്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റു ഈ കേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത അവസരത്തില്‍ ഒരു ലക്ഷം രൂപ ഈ സ്ഥാപനത്തിനുവേണ്ടി സംഭാവന ചെയ്‌തു. ആ തുക കൊണ്ട്‌ വെട്ടിക്കാട്ടിരി എന്ന സ്ഥലത്ത്‌ 33 ഏക്കര്‍ സ്ഥലം വാങ്ങി കെട്ടിടങ്ങള്‍ നിര്‍മിക്കുകയും അതിന്‌ വള്ളത്തോള്‍ നഗര്‍ എന്നു പേര്‌ നല്‌കുകയും 1973ല്‍ കലാമണ്ഡലം അങ്ങോട്ടു മാറ്റുകയും ചെയ്‌തു. കളരികള്‍ എന്ന പേരുള്ള ക്ലാസുമുറികള്‍ക്കു പുറമേ, ചമയമുറി (കോപ്പറ), ചിത്രശാല, ഹോംതിയെറ്റര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റലുകള്‍, അഡ്‌മിനിസ്‌ട്രറ്റീവ്‌ ബ്ലോക്ക്‌, സ്റ്റാഫ്‌ ക്വാര്‍ട്ടറുകള്‍, മ്യൂസിയം, ഗ്രന്ഥശാല, റിക്കോര്‍ഡിങ്‌ സ്റ്റുഡിയോ എന്നിവയെല്ലാം ഇവിടെയുണ്ടാക്കിയിട്ടുണ്ട്‌.

അതിമനോഹരമായ ഒരു കൂത്തമ്പലം കലാമണ്ഡലത്തില്‍ പണികഴിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഈ നാട്യഗൃഹം പ്രാചീന നാട്യശാലയുടെ മാതൃകയില്‍, നാട്യശാസ്‌ത്രം, വിഷുധര്‍മോത്തരപുരാണം, ശില്‌പരത്‌നം, തന്ത്രസമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങളെ ആധാരമാക്കിയാണ്‌ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌. 17.5 ലക്ഷത്തോളം രൂപ ചെലവഴിച്ച്‌ പണികഴിപ്പിച്ചിട്ടുള്ള ഈ കൂത്തമ്പലത്തിന്റെ ചുവരുകളെല്ലാം നൃത്തത്തിലെ 108 കരണങ്ങളുടെ ചിത്രങ്ങളും പേരുകളും നിര്‍വചനങ്ങളും കൊണ്ട്‌ അലംകൃതമാണ്‌. കൂടാതെ നിരവധി ദാരുശില്‌പങ്ങളും ഇവിടെ കൊത്തിവച്ചിട്ടുണ്ട്‌. കൂത്തമ്പലത്തിനു നാലു പുറവുമായിട്ടൊരു ചുറ്റമ്പലവും, ഒരു മുഖപ്പുരയും, കൊടിമരവും നിര്‍മിച്ചിട്ടുണ്ട്‌. 1975 ന. 1നു ഈ കൂത്തമ്പലത്തിന്റെ ഉദ്‌ഘാടനം അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ നിര്‍വഹിച്ചു. 1980ല്‍ കലാമണ്ഡലത്തിന്റെ കനകജൂബിലി ആഘോഷങ്ങള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സര്‍ക്കാരിന്റെയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്റെയും ശുപാര്‍ശപ്രകാരം കലാമണ്ഡലത്തിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷമായ 2006ല്‍ കേന്ദ്രസര്‍ക്കാരിന്റെ മാനവ വിഭവവികസന മന്ത്രാലയം ഈ സ്ഥാപനത്തിന്‌ കല്‍പ്പിത സര്‍വകലാശാലാ പദവി നല്‍കി. കേരള കലാമണ്ഡലം കല്‍പ്പിത സാംസ്‌കാരിക സര്‍വകലാശാല(Keralakalamandalam - Deemed University of Performing Arts and Culture) എന്നാണ്‌ ഔദ്യോഗികമായി കലാമണ്ഡലം ഇപ്പോള്‍ അറിയപ്പെടുന്നത്‌. കഥകളി, മോഹിനിയാട്ടം, ചാക്യാര്‍കൂത്ത്‌, ഭരതനാട്യം, കൂടിയാട്ടം, ഓട്ടന്‍തുള്ളല്‍, കഥകളി സംഗീതം, പഞ്ചവാദ്യം, മൃദംഗം എന്നിവയിലാണ്‌ പ്രധാനമായും ശിക്ഷണം നല്‌കിവരുന്നത്‌.

വടക്കന്‍ തെക്കന്‍ വകഭേദത്തോടെയുള്ള കഥകളി ധവേഷം, മേളം (ചെണ്ട, മദ്ദളം, ഇടയ്‌ക്ക), സംഗീതം, ചുട്ടി ചമയങ്ങള്‍പ, കൂടിയാട്ടം (ചാക്യാര്‍കൂത്ത്‌, നങ്ങ്യാര്‍കൂത്ത്‌, പാഠകം), തുള്ളല്‍ (ഓട്ടന്‍, ശീതങ്കന്‍, പറയന്‍), നൃത്തം (മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപുഡി), മേളകല (തായമ്പക, പഞ്ചവാദ്യം), കര്‍ണാടകസംഗീതം (വായ്‌പ്പാട്ടും ഉപകരണസംഗീതവും), അനുബന്ധ വിഷയങ്ങള്‍ (മലയാളം, സംസ്‌കൃതം, പ്രാകൃതം, ഇംഗ്ലീഷ്‌) നാട്യസിദ്ധാന്തം, സൗന്ദര്യജ്ഞാനം, രംഗപാഠരചന (choreography), കലാപരമാധ്യമപഠനം (Art Journalism) തുടങ്ങിയ വിഷയങ്ങളിലാണ്‌ കലാമണ്ഡലത്തില്‍ പരിശീലനം നല്‍കുന്നത്‌. വിവിധ വിഷയങ്ങളില്‍ ഡിപ്ലോമ, പോസ്റ്റ്‌ ഡിപ്ലോമ എന്നിവയ്‌ക്കു പുറമേ, ബി.പി.എ. (Bachelor of Performing Arts) ബെിരുദവും കലാമണ്ഡലംകല്‍പ്പിത സര്‍വകലാശാല നല്‍കുന്നുണ്ട്‌.

എല്ലാ വിഭാഗങ്ങളിലുമായി 500ഓളം വിദ്യാര്‍ഥികള്‍ ഇവിടെശിക്ഷണം നേടിവരുന്നു. (2007) കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിവരുന്ന ചെലവിന്റെ സിംഹഭാഗവും സംസ്ഥാനസര്‍ക്കാരില്‍നിന്ന്‌ പ്രതിവര്‍ഷം നല്‍കുന്ന ധനസഹായത്തില്‍ നിന്നാണ്‌ നിറവേറ്റുന്നത്‌. കേന്ദ്രസര്‍ക്കാരിന്റെ മാനവവിഭവ വികസന മന്ത്രാലയത്തിലെ സാംസ്‌കാരിക വകുപ്പ്‌, കേന്ദ്രസംഗീത നാടക അക്കാദമി, സൗത്ത്‌ സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും കലാമണ്ഡലത്തിന്‌ ധനസഹായം ലഭിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍