This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലാനിലയം നാടകവേദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലാനിലയം നാടകവേദി

കലാനിലയം കൃഷ്‌ണന്‍നായര്‍

കേരളത്തിലെ ഒരു സ്ഥിരം നാടകവേദി. ഏഷ്യയിലെ പ്രധാനപ്പെട്ട നാടകവേദികളില്‍ ഒന്നായി കലാനിലയം നാടകവേദി വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്‌.

1940കളില്‍ രൂപംകൊണ്ട കലാനിലയം പല വികാസ ദശകള്‍ക്കും വിധേയമായിട്ടുണ്ട്‌. തനിനിറം എന്ന മലയാള ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന കലാനിലയം കൃഷ്‌ണന്‍ നായരാണ്‌ ഇതിന്റെ സ്ഥാപകന്‍. തമിഴ്‌ നാടകങ്ങളുടെ പിടിയില്‍ നിന്ന്‌ മലയാള നാടകങ്ങളെ മോചിപ്പിക്കുന്നതില്‍ കലാനിലയം വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഒരു പ്രാഫഷണല്‍ നാടകവേദിയായി വളര്‍ന്നു വന്ന കലാനിലയം 1960ഓടു കൂടി സ്ഥിരം നാടകവേദിയായി പ്രവര്‍ത്തിച്ചു തുടങ്ങി. 1970ല്‍ "ഡ്രാമാസ്‌കോപ്പ്‌' പരീക്ഷിക്കുകയും അതില്‍ വിജയിക്കുകയും ചെയ്‌തു. അതിവിശാലമായ സ്റ്റേജും അനുയോജ്യമായ സെറ്റിങ്ങുകളും സജ്ജീകരണങ്ങളും വൈദ്യുതോപകരണങ്ങളും കൊണ്ട്‌ പല നവീനതകളും ആകര്‍ഷകത്വങ്ങളും നാടകരംഗത്തിനു സംഭാവന ചെയ്യുവാന്‍ സാധിച്ച കലാനിലയംവേദിക്കു സമുന്നതമായ സ്ഥാനം ലഭിച്ചിട്ടുണ്ട്‌. 1979ല്‍ കൃഷ്‌ണന്‍നായര്‍ നാടകവും സിനിമയും കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള "വിസ്‌റ്റാവിഷന്‍' എന്ന ഒരു നവീനാശയം പരീക്ഷിച്ചു നോക്കുകയും തുടര്‍ന്ന്‌ അത്തരത്തില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു വരികയും ചെയ്‌തു. സുഗമമായ രംഗ സജ്ജീകരണത്തിനും പെട്ടെന്ന്‌ രംഗങ്ങള്‍ മാറ്റുന്നതിനുള്ള സൗകര്യത്തിനും വേണ്ടി ഒരു "റിവോള്‍വിങ്‌ സ്റ്റേജ്‌' നിര്‍മിക്കുന്നതിന്‌ കൃഷ്‌ണന്‍ നായര്‍ പരിശ്രമിച്ചു. ഇതു പൂര്‍ത്തിയാകുന്നതിനുമുമ്പ്‌ കൃഷ്‌ണന്‍ നായര്‍ നിര്യാതനായി (1980).

"രക്തരക്ഷസ്‌' എന്ന നാടകത്തിലെ ഒരു രംഗം

നിരവധി കലാകാരന്മാര്‍ക്ക്‌ സ്ഥിരം തൊഴിലും വേതനവും നല്‌കുന്നതിലും പുതിയ കാലകാരന്മാരെ കണ്ടുപിടിച്ച്‌ രംഗത്തവതരിപ്പിക്കുന്നതിലും തികഞ്ഞ ചിട്ടയോടെ നാടകം അവതരിപ്പിക്കുന്നതിലും കലാനിലയം വളരെയേറെ വിജയിച്ചിട്ടുണ്ട്‌. അവതരണ മേന്മ, സംവിധാനചാതുരി, സന്ദര്‍ഭോചിതമായ രംഗാവതരണ ഭംഗി, അതിവേഗത്തില്‍ മാറ്റാവുന്ന രംഗസജ്ജീകരണങ്ങള്‍ എന്നിവ കലാനിലയം നാടകവേദിയുടെയും നാടകങ്ങളുടെയും സവിശേഷതകളാണ്‌.

കലാനിലയം അവതരിപ്പിച്ചിട്ടുള്ള നാടകങ്ങളില്‍ പ്രസിദ്ധങ്ങളായവയാണ്‌ കായംകുളം കൊച്ചുണ്ണി, കടമറ്റത്തു കത്തനാര്‍, രക്തരക്ഷസ്സ്‌, ശ്രീ ഗുരുവായൂരപ്പന്‍, ശ്രീ അയ്യപ്പന്‍, രാജശില്‌പി, നാരദന്‍ കേരളത്തില്‍ തുടങ്ങിയവ.

കേരളീയ രംഗവേദിയുടെ ചരിത്രത്തില്‍ കലാനിലയം സ്ഥിരം നാടകവേദി പുതിയൊരു വഴിത്തിരിവിനെ കുറിക്കുന്നു. കൃഷ്‌ണന്‍നായരുടെ മരണത്തോടെ കലാനിലയത്തിന്റെ പ്രവര്‍ത്തനം താത്‌കാലികമായി നിലച്ചു. നീണ്ട കാലത്തെ ഇടവേളക്കുശേഷം രണ്ടായിരാമാണ്ടില്‍ വീണ്ടും സജീവമാവുകയും പ്രശസ്‌ത നാടകമായ "രക്തരക്ഷസ്സ്‌' ഉള്‍പ്പെടെയുള്ള നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍