This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലാം

വാക്ക്‌, വചനം എന്നീ അര്‍ഥങ്ങളെ കുറിക്കുന്ന അറബിപദം. സാങ്കേതികമായി "കലാമുല്ലാ' അഥവാ ദൈവവചനങ്ങളാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. "കലാമുല്ലാ' എന്ന പദം ഖുര്‍ ആനില്‍ മൂന്നിടത്തു (2:75, 9:6, 47:15) കാണാവുന്നതാണ്‌. മൂന്നിടത്തും ഈ വാക്കു കൊണ്ട്‌ ദൈവവചനമായ ഖുര്‍ ആനിനെയാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്‌. ഖുര്‍ ആന്‍ ദൈവവചനമായതുകൊണ്ട്‌ ഖുര്‍ ആനും ദൈവവും തമ്മിലുള്ള ബന്ധം സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കും നീണ്ടനാളത്തെ വിവാദങ്ങള്‍ക്കും കാരണമായി. ഖുര്‍ ആന്‍ ദൈവസൃഷ്ടിയാണോ അതോ ദൈവത്തിന്റെ വിശേഷണങ്ങളില്‍പ്പെട്ടതാണോ എന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. "കലാമുല്ലാ' ദൈവത്തിന്റെ വിശേഷണങ്ങളില്‍പ്പെട്ടതാണെങ്കില്‍ അതിന്‌ ദൈവവുമായുള്ള ബന്ധം എപ്രകാരമാണ്‌? ദൈവവചനങ്ങളുടെ ദിവ്യത എന്താണ്‌? ഇവയെല്ലാം വിവാദങ്ങള്‍ക്കു കാരണമായി.

ഒരു ഇസ്‌ലാമിക സംഘടനയായ "മുഇ്‌തസിലകള്‍' ദൈവത്തിന്റെ സൃഷ്ടിയല്ലാത്ത വചനങ്ങളുടെ സാധ്യത നിഷേധിച്ചു. ദൈവത്തില്‍ "കലാമി'ന്റെ അനന്തമായ അസ്‌തിത്വം സ്ഥാപിക്കാന്‍ സാധ്യമല്ലെന്ന്‌ വാദിച്ചു. ദൈവവചനങ്ങള്‍ എന്ന പ്രയോഗം തന്നെ ദൈവനിയമങ്ങള്‍ മനുഷ്യനു നല്‌കാന്‍ വേണ്ടി ദൈവം സൃഷ്ടിച്ച വചനങ്ങളാണെന്ന്‌ വ്യക്തമാക്കുന്നു. മറ്റൊരു സംഘടനയായ "കര്‍റാമിയ' കലാമുല്ല അനന്തമല്ലെന്ന്‌ വാദിച്ചു. കലാമുല്ല അനന്തമാണെന്ന്‌ "ഹല്‍ബലി'കളും "അഷ്‌അരി'കളും വിശ്വസിച്ചു. പക്ഷേ, അഷ്‌അരികള്‍ ദൈവത്തില്‍ നിക്ഷിപ്‌തമായ "കലാമി'നെയും മനുഷ്യനില്‍ അവതരിക്കുന്ന പദങ്ങളും ശബ്‌ദവുമില്ലാത്ത കലാമിനെയും വ്യത്യസ്‌തമായി ഗണിച്ചു. സൃഷ്ടി, വിധി എന്നിവപോലെ "കലാം' ഒരു പ്രവൃത്തിയുടെ വിശേഷണമല്ലെന്നും ദൈവത്തിന്റെ അസ്‌തിത്വത്തില്‍ നിക്ഷിപ്‌തമായതും വിജ്ഞാനം പോലെ ഒരാശയത്തിന്റെ വിശേഷണമായതുമാണെന്നും തദ്വാരാ അത്‌ അനന്തമാണെന്നും ഇവര്‍ വാദിച്ചു.

ഖുര്‍ ആന്‍ "കലാമുല്ല' ആണെന്ന്‌ സമരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഓരോ വിഭാഗക്കാരും വ്യത്യസ്‌തമായ വാദഗതിയാണ്‌ സ്വീകരിച്ചത്‌. "മുഇ്‌തസില' വിഭാഗം ഖുര്‍ ആന്‍ ദൈവസൃഷ്ടിയാണെന്ന വാദത്തിന്‌ നല്‌കുന്ന തെളിവ്‌ സംഭാഷണത്തില്‍ ചലനവും ഉച്ചാരണവും ഉള്‍ക്കൊള്ളുന്നുവെന്നതാണ്‌. ഇത്‌ ദൈവത്തിന്റെ വിശേഷണമല്ല. പ്രവാചകന്‌മാര്‍ മുഖേന മനുഷ്യനിലെത്തുന്ന ദൈവനിയമങ്ങള്‍ ആ നിലയ്‌ക്ക്‌ ദൈവവചനങ്ങളാണുതാനും.

ദൈവം മനുഷ്യനോട്‌ കല്‌പിക്കുമ്പോള്‍ അത്‌ ദൈവകല്‌പനയാണെന്നും മറ്റൊരു സൃഷ്ടിയല്ലെന്നും "ഇബ്‌നുതൈമിയ' വാദിക്കുന്നു. ഖുര്‍ ആന്‍ സൃഷ്ടിയല്ലെന്ന്‌ വാദിച്ചുകൊണ്ട്‌ "ഇബ്‌നുഹന്‍ബല്‍' ഉച്ചാരണവും വായനയും സൃഷ്ടിയല്ലെന്ന്‌ പറഞ്ഞു. വചനം ദൈവത്തിന്റേതും ശബ്‌ദം പാരായണം ചെയ്യുന്നവന്റേതുമാണ്‌. എഴുതുമ്പോഴും പാരായണം ചെയ്യുമ്പോഴും യഥാര്‍ഥ ഖുര്‍ ആന്‍ ദൈവവചനമായിത്തന്നെ നിലകൊള്ളുന്നുവെന്ന്‌ "ഇബ്‌നുഹന്‍ബല്‍' വാദിച്ചു. "അഷ്‌അരി'കളും "മാതുരീദി'കളും ഈ പറഞ്ഞ രണ്ടു വാദഗതികള്‍ക്കുമിടയിലുള്ള സമീപനമാണ്‌ സ്വീകരിച്ചത്‌. അവരുടെ അഭിപ്രായത്തില്‍ ദൈവവചനമായ ഖുര്‍ ആന്‍ സൃഷ്ടിയല്ലെങ്കിലും ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുമ്പോള്‍ അത്‌ സൃഷ്ടി തന്നെയാണ്‌. മനുഷ്യാവശ്യത്തിനായി അവയ്‌ക്കു "സൃഷ്ടിരൂപം' നല്‌കിയതാണ്‌.

സുപ്രസിദ്ധ മതപണ്ഡിതനായ മുഹമ്മദ്‌ അബ്‌ദു (?1905) ഈ വാദഗതികളെ വിശദീകരിച്ചതിങ്ങനെയാണ്‌; "ഖുര്‍ ആന്‍ ദൈവവചനമാണ്‌. പക്ഷേ, എഴുതുമ്പോഴും പാരായണം ചെയ്യുമ്പോഴും വായിക്കുമ്പോഴും ഉച്ചരിക്കുമ്പോഴും അത്‌ സൃഷ്ടിയായിത്തീരുന്നു'.

(ഡോ.കെ.എം. മുഹമ്മദ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍