This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലശം

മന്ത്രപൂതജലകുംഭം. ക്ഷേത്രാഭിവൃദ്ധിക്കും ശുദ്ധിക്കും ദേവസാന്നിധ്യസമ്പാദനത്തിനും ചെയ്യുന്ന കര്‍മം. ക്ഷേത്രത്തിലെ പ്രതിഷ്‌ഠാമൂര്‍ത്തിക്ക്‌ ശക്തി കുറയുന്നുവെന്ന്‌ കരുതുമ്പോള്‍ ദേവസാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും ദേവാലയത്തിനും അവിടത്തെ ബിംബങ്ങള്‍ക്കും വന്നുചേരാവുന്ന അശുദ്ധി നീക്കുന്നതിനും കലശം കഴിക്കാറുണ്ട്‌. കലശ(കുടം)ങ്ങളില്‍ ശുദ്ധജലം നിറച്ച്‌ അവയ്‌ക്കരികിലിരുന്നു കര്‍മികള്‍ പല ആവൃത്തി മന്ത്രങ്ങള്‍ ജപിക്കുന്നു. കലശങ്ങളിലെ വെള്ളം മന്ത്രശക്തികൊണ്ട്‌ പൂതമായതായിക്കരുതി ക്ഷേത്രബിംബങ്ങളില്‍ അഭിഷേകം ചെയ്യുന്നു. ഈ കര്‍മങ്ങള്‍ക്കു മൊത്തത്തിലുള്ള പേര്‌ "കലശം' എന്നാണ്‌.

ഉദ്ദേശ്യമനുസരിച്ച്‌ കലശം പല തരത്തിലുണ്ട്‌. ജീര്‍ണിച്ചുപോയ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനു മുമ്പ്‌ അവിടത്തെ പ്രതിഷ്‌ഠാമൂര്‍ത്തിയുടെ അനുവാദവും അനുഗ്രഹവും നേടുന്നതിനുള്ള കലശത്തിനെ "അനുജ്ഞാകലശം' എന്നു പറയുന്നു. പ്രതിഷ്‌ഠയിലെ അഷ്ടബന്ധത്തിനു കേടു വരുമ്പോള്‍ പുതിയ അഷ്ടബന്ധം ഇടുന്നതിന്‌ "അഷ്ടബന്ധകലശ'മെന്നാണു പേര്‌. ദ്രവ്യങ്ങള്‍ കുടങ്ങളില്‍ സംഭരിച്ചു പൂജിക്കുന്ന കര്‍മത്തിനെ "ദ്രവ്യകലശ'മെന്നു പറയാറുണ്ട്‌. കലശങ്ങളുടെ വ്യത്യാസമനുസരിച്ചു ബ്രഹ്മകലശം, തത്ത്വകലശം, ജീവകലശം, കുംഭേശകലശം, നിദ്രാകലശം, അസ്‌ത്രകലശം, വാസ്‌തുകലശം എന്ന്‌ പല തരത്തിലുണ്ട്‌. പൂജയ്‌ക്കുപയോഗിക്കുന്ന കുംഭങ്ങളുടെ സംഖ്യയെ ആസ്‌പദമാക്കിയും ഇതിനെ നൂറ്റെട്ടുകലശം, സഹസ്രകലശം എന്നൊക്കെ വിശേഷിച്ചു പറയാറുണ്ട്‌. വൈക്കം മഹാദേവക്ഷേത്രത്തിലെ സഹസ്രകലശം സര്‍വവിദിതമാണ്‌.

ഷഷ്ടിപൂര്‍ത്തി, ശതാഭിഷേകം തുടങ്ങിയ മംഗളാവസരങ്ങളില്‍ കുടത്തില്‍ ജലമോ, മറ്റു ദ്രവ്യങ്ങളോ നിറച്ച്‌ മന്ത്രപൂതമാക്കി ശിരസ്സില്‍ അഭിഷേചിക്കുന്നതിന്‌ "കലശമാടുക' എന്നാണ്‌ പറയുന്നത്‌. പണ്ട്‌ രാജാക്കന്മാരുടെ അഭിഷേകാവസരത്തിലും മറ്റും ഇതൊരു പ്രധാനപ്പെട്ട ചടങ്ങായിരുന്നു. ഉദാ. "പൊന്നിന്‍ കലശങ്ങളായിരത്തെട്ടുമങ്ങന്യൂനശോഭം ജപിച്ചാര്‍ മറകളും' (അധ്യാത്മരാമായണം എഴുത്തച്ഛന്‍).

ശാക്തേയരുടെ "മദ്യകലശ' പ്രധാനമായ പൂജാരീതിക്ക്‌ "കലശം കഴിക്കല്‍' എന്നാണ്‌ പേര്‌. ദൈവപ്രീത്യര്‍ഥം പെരുമലയന്‍ തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടുന്നവരെക്കൊണ്ടു ചെയ്യിക്കുന്നതും മദ്യകുംഭമുള്‍പ്പെടുത്തിയിട്ടുള്ളതുമായ പൂജയ്‌ക്കും "കലശ'മെന്നു തന്നെയാണ്‌ പേര്‌.

പ്രാചീനകാലത്ത്‌ പരേതരുടെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്യാനുപയോഗിച്ചിരുന്ന മണ്‍കലത്തെയും കലശം എന്നാണു പറഞ്ഞിരുന്നത്‌. ഐയ്യര്‍മുടവനാര്‍ എന്ന കവി ഒരു കുംഭകാരനോട്‌, "മഹാനായ കിള്ളിവളവന്‍ രാജാവിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ പറ്റിയ കലശം എങ്ങനെ നിര്‍മിക്കാന്‍ കഴിയു'മെന്നു ചോദിക്കുന്നതായി ഒരു സംഘകൃതിയില്‍ പ്രസ്‌താവമുണ്ട്‌. നോ: കലശപ്പാട്ട്‌

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B4%B6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍