This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലഞ്‌ജാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലഞ്‌ജാര്‍

ഉത്തര്‍പ്രദേശില്‍ ബാന്ദാ ജില്ലയിലുള്ള ഒരു ഗിരിദുര്‍ഗസങ്കേതം. അതിപ്രാചീനമായ കലഞ്‌ജാര്‍ കോട്ടയ്‌ക്കുള്ളില്‍ നിലനിന്നിരുന്ന രാജധാനിയിലെ രാജനീതിയും ധര്‍മവാഴ്‌ചയും മഹാഭാരതത്തില്‍ മാത്രമല്ല ശിവപുരാണം, വാമനപുരാണം, പദ്‌മപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിലും പ്രകീര്‍ത്തിച്ചുകാണുന്നു. കോട്ട സ്ഥിതിചെയ്യുന്ന പ്രദേശത്തിനു കലഞ്‌ജാര്‍ എന്നാണ്‌ പേരെങ്കിലും കോട്ട, കാലിഞ്‌ജാര്‍ അഥവാ കലിഞ്‌ജാര്‍ എന്നാണ്‌ കൂടുതലായും പരാമര്‍ശിക്കപ്പെട്ടുകാണുന്നത്‌. കോട്ട സ്ഥിതിചെയ്യുന്ന കുന്നിനെ രവിചിത്ര എന്ന പേരിലും വിശേഷിപ്പിച്ചു കാണുന്നു. കോട്ടയുടെ നിര്‍മാതാവ്‌ ഐതിഹ്യപ്രകാരം ചന്ദേലവംശ സ്ഥാപകനായ ചന്ദ്രവര്‍മന്‍ രാജാവാണ്‌.

മധ്യഭാരതത്തിലെ ഒരു ദേവാലയസങ്കേതം കൂടിയായിരുന്ന കലഞ്‌ജാര്‍, ബുന്ദേല്‍ ഖണ്ഡ്‌ സമതലത്തിന്‌ അഭിമുഖമായി, വിന്ധ്യാനിരകളുടെ ഉത്തരാഗ്രത്തിലുള്ള ഒരു മലമുകളില്‍, സമുദ്രനിരപ്പില്‍ നിന്ന്‌ 375 മീ. ഉയരത്തിലായി സ്ഥിതി ചെയ്യുന്നു. അലഹാബാദിന്‌ 100 കി.മീ. പടിഞ്ഞാറും കാണ്‍പൂരിന്‌ 100 കി.മീ. തെക്കുമായാണ്‌ ഇതിന്റെ സ്ഥാനം. പ്രാക്കാലം മുതല്‌ക്കേ ഒരു രജപുത്ര രാജസ്ഥാനമായിരുന്ന കലഞ്‌ജാര്‍ പ്രാചീനഭാരതത്തില്‍ മലമുകളില്‍ സംരക്ഷിതമായിരുന്ന ജനപദങ്ങള്‍ക്ക്‌ ഉത്തമനിദര്‍ശനമാണ്‌.

കലഞ്‌ജാര്‍ കോട്ടയുടെ അവശിഷ്‌ടങ്ങള്‍

കുന്നിന്‍ മുകളിലെ കോട്ടയും താഴ്‌വാരത്തെ ഗ്രാമവും ദേവാലയങ്ങള്‍, വിഗ്രഹങ്ങള്‍, ഗുഹകള്‍, പ്രാചീന ലിഖിതങ്ങള്‍ തുടങ്ങിയ പുരാവസ്‌തുക്കളാല്‍ വളരെ പ്രാധാന്യം നേടിയിരിക്കുന്നു. പ്രാരംഭത്തില്‍ മലമുകളിലെ ഒരു ആരാധനാകേന്ദ്രമായിത്തീരുകയും തുടര്‍ന്ന്‌ ഒരു ജനപദമായി വികസിക്കുകയും പിന്നീട്‌ ഒരു രാജസ്ഥാനമാവുകയും ചെയ്‌ത പ്രദേശമാണ്‌ കലഞ്‌ജാര്‍. നീലകണ്‌ഠമഹാദേവരുടെ ഒരു ബൃഹത്‌ പ്രതിമയും, ഹിരണ്യബിന്ദു, കോടിതീര്‍ഥം, പാതാളഗംഗ, സീതാകുണ്ഡം തുടങ്ങിയ തീര്‍ഥങ്ങളും ഈ പ്രദേശത്തിന്റെ ആത്‌മീയ മഹത്ത്വം വ്യക്തമാക്കുന്നു. ശ്രീകാലഭൈരവന്റെ 18 കൈകളുള്ള അതിബൃഹത്തായ പ്രതിമയും അതിന്‌മേലുള്ള സര്‍പ്പഹാരങ്ങള്‍, തലയോട്ടി മാലകള്‍ തുടങ്ങിയവയും, സമീപത്തായുള്ള അനേകം ചതുര്‍മുഖ ശിവലിംഗങ്ങളും മറ്റും ഈ ആരാധനകേന്ദ്രത്തിനുണ്ടായിരുന്ന പ്രാധാന്യം വിളിച്ചോതുന്നു.

ചരിത്രം. ചന്ദേലന്മാര്‍ സ്ഥാപിച്ച കോട്ടയ്‌ക്കുള്ളിലായിരുന്നു അവരുടെ രാജസ്ഥാനം സംരക്ഷിക്കപ്പെട്ടിരുന്നത്‌. ഇവരില്‍ നിന്ന്‌ പില്‌ക്കാലത്ത്‌ യശോവര്‍മന്‍ കോട്ട പിടിച്ചെടുക്കുകയുണ്ടായി. ഒരു രജപുത്രസങ്കേതമായിരുന്ന കലഞ്‌ജാര്‍ 1203ല്‍ ആദ്യമായി മുഹമ്മദ്‌ ഗസ്‌നി കീഴടക്കിയെങ്കിലും അവിടം രജപുത്രര്‍ വീണ്ടെടുത്തു. 1531ല്‍ കലിഞ്‌ജാര്‍ കോട്ട ആക്രമിക്കാന്‍ തുടങ്ങിയ ഹുമയൂണ്‍ തന്റെ രാജ്യത്തിന്റെ പൂര്‍വസീമയില്‍ ഇബ്രാഹിം ലോദി പടനീക്കമാരംഭിച്ചു എന്നറിഞ്ഞ്‌ അങ്ങോട്ടു ശ്രദ്ധ തിരിക്കുകയുണ്ടായി. 1544ല്‍ അഫ്‌ഗാന്‍ രാജാവായിരുന്ന ഷെര്‍ഷാ ഇവിടം കൈയടക്കാന്‍ ശ്രമം ആരംഭിച്ചു. തന്റെ ആജ്ഞ ലംഘിച്ച റീവയിലെ ബാഖന്‍ രാജാവായിരുന്ന രാജാ ബിര്‍ദാന്‍സിങ്ങിനു കലഞ്‌ജാര്‍ കോട്ടയിലെ രാജാവായിരുന്ന രാജാകിരാത്‌സിങ്‌ അഭയം നല്‌കിയതിനു പ്രതികാരം ചെയ്യാനായിരുന്നു ഷെര്‍ഷായുടെ ശ്രമം.

കലഞ്‌ജാര്‍ കോട്ട കൈവശപ്പെടുത്താന്‍ ഷെര്‍ഷായ്‌ക്ക്‌ ഒരു വര്‍ഷത്തോളം അത്യധ്വാനം ചെയ്യേണ്ടിവന്നു. റോക്കറ്റു പോലുള്ള ആഗ്‌നേയ ബാണങ്ങളും മറ്റും കോട്ടയ്‌ക്കുള്ളിലേക്കു വിക്ഷേപിക്കുന്നതില്‍ ഷെര്‍ഷായും പങ്കുകൊണ്ടിരുന്നു. ഇതിനിടെ മാരകമായി പരിക്കേറ്റ ഷെര്‍ഷാ തന്റെ സൈനികരില്‍ പ്രധാനികളോട്‌ സത്വരം കോട്ട പിടിക്കാന്‍ നിര്‍ദേശിച്ചു. 1545 മേയ്‌ 22നു കോട്ട പിടിച്ചടക്കിയെങ്കിലും ഷെര്‍ഷാ മരണമടഞ്ഞു. തുടര്‍ന്ന്‌ ഷെര്‍ഷായുടെ പുത്രനായ ജലാന്‍ഖാന്‍ "ഇസ്‌ലാം ഷാ' എന്ന പേരില്‍ കലഞ്‌ജാര്‍ കോട്ടയില്‍ വച്ച്‌ രാജാവായി അഭിഷിക്തനായി. ഇദ്ദേഹത്തിന്റെ ഏക സഹോദരനു പിന്തുണ പ്രഖ്യാപിച്ച കിരാത്‌സിങ്ങിനെയും അവശേഷിച്ച 70 സേനാംഗങ്ങളെയും ജലാന്‍ഖാന്‍ വകവരുത്തി. വീണ്ടും രജപുത്രര്‍ കോട്ട വീണ്ടെടുക്കുകയുണ്ടായി. 1569 ആഗല്‍ റീവയിലെ റാംചന്ദ്‌ രാജാവിന്റെ അധീനതയിലായിരുന്ന കലഞ്‌ജാര്‍ കോട്ട അക്‌ബറിന്റെ സേനാനായകനായിരുന്ന മജ്‌നുംഖാന്‍ കാഖ്‌ഷല്‍ അധീനപ്പെടുത്തി മുഗള്‍ സാമ്രാജ്യത്തോടു ചേര്‍ത്തു. മുഗള്‍ ഭരണത്തിന്റെ അസ്‌തമയകാലം വരെ ഈ നില തുടര്‍ന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍