This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കല
മൂര്‍ത്തമോ അമൂര്‍ത്തമോ ആയ സവിശേഷ രീതികളിലൂടെയുള്ള ഒരാശയത്തിന്റെയോ സര്‍ഗാനുഭവത്തിന്റെയോ ആവിഷ്‌കാരം. മനുഷ്യന്റെ ചിന്തയെയും വികാരങ്ങളെയും സ്‌പര്‍ശിക്കുന്നതിനുവേണ്ടി ബോധപൂര്‍വം നടത്തുന്ന സര്‍ഗാത്മക പ്രക്രിയയാണ് കലാപ്രവര്‍ത്തനം. ഓരോ കലാരൂപത്തിലും അതിന്റെ അസംസ്‌കൃത വിഭവങ്ങളെ പ്രത്യേകതരത്തില്‍ വിന്യസിക്കുന്നതിലൂടെയാണ് അത് ആസ്വാദ്യമായിത്തീരുന്നത്.
നിയതമായ ഒരു നിര്‍വചനത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങാത്തവിധം വിപുലവും വൈവിധ്യമാര്‍ന്നതുമാണ് കല. "കരകൗശല'ത്തെ സൂചിപ്പിക്കാനാണ് പരമ്പരാഗതമായി കല എന്ന പദം ഉപയോഗിച്ചിരുന്നത്. എന്നാല്‍ കാല്‌പനിക യുഗത്തില്‍ മനുഷ്യമനസ്സിന്റെ ഒരു സവിശേഷ സിദ്ധിയെന്ന അര്‍ഥം കലയ്‌ക്ക് കൈവന്നു. തുടര്‍ന്ന് മതം, ശാസ്‌ത്രം എന്നിവയെപ്പോലെ കല നിഷ്‌കൃഷ്‌ടവും അഗാധവുമായ അര്‍ഥവിവക്ഷകളുള്ള ഒരു സംജ്ഞയായി മാറി. "സൗന്ദര്യ'ത്തിന്റെ സൃഷ്‌ടി എന്ന അര്‍ഥത്തില്‍ കലയെക്കുറിച്ച് പഠിക്കുന്ന വിജ്ഞാനശാഖ "സൗന്ദര്യശാസ്‌ത്രം' (Aesthetics) െഎന്നറിയപ്പെടുന്നു. ബാഹ്യലക്ഷ്യങ്ങളൊന്നുമില്ലാതെ ആത്മാവിഷ്‌കാരമെന്ന നിലയ്‌ക്ക് നടത്തുന്ന കലാപ്രവര്‍ത്തനങ്ങള്‍, മനുഷ്യാസ്‌തിത്വത്തിന്റെ സഹജഭാവമായ സൗന്ദര്യത്തിന്റെ സ്വഭാവിക പ്രകാശനമായി കരുതപ്പെടുന്നു.
ഘടനയനുസരിച്ചും സ്വഭാവമനുസരിച്ചും നൂറുകണക്കിന് രൂപങ്ങളിലാണ് ഇന്ന് കല സാക്ഷാത്‌കരിക്കപ്പെടുന്നത്. ശുദ്ധകല, പ്രായോഗിക കല എന്ന മട്ടിലും അത് വൈവിധ്യം തേടുന്നു. സ്വഭാവം, കാലം എന്നിവയനുസരിച്ച് ക്ലാസ്സിക്, റൊമാന്റിക് എന്നിങ്ങനെയും പല മട്ടില്‍ അതിന്റെ വകഭേദങ്ങള്‍ ഉണ്ട്. വസ്‌തുനിഷ്‌ഠംആത്മനിഷ്‌ഠം, പ്രാചീനംആധുനികം, റിയലിസംസര്‍റിയലിസം, ആധുനികംആധുനികോത്തരം എന്നീ രീതികളിലുള്ള തരംതിരിക്കലും നിലവിലുണ്ട്. ഇങ്ങനെയുള്ള വൈവിധ്യങ്ങള്‍ക്കുപരി കല സര്‍വതന്ത്ര സ്വതന്ത്രമാണ് എന്നും "കല' കേവലമൊരു നിര്‍വചനത്തിന് വഴങ്ങുന്നില്ല എന്നുമുള്ള സങ്കല്‌പത്തിനാണ് ഇന്ന് പ്രാബല്യം. മറ്റൊരുതരത്തില്‍, എന്താണ് കല, കല ആര്‍ക്കുവേണ്ടി തുടങ്ങിയ സാമാന്യവത്‌കരണങ്ങള്‍ക്കല്ല, ഓരോ സവിശേഷ കലാരൂപത്തിന്റെയും രൂപഘടനയും പ്രസക്തിയും ആ രംഗത്തെ സംഭാവനകളും സ്രഷ്‌ടാക്കള്‍, ആസ്വാദകര്‍ എന്നിവയെക്കുറിച്ചുള്ള ഗാഢമായ സാമൂഹികസൗന്ദര്യശാസ്‌ത്ര വിചാരങ്ങള്‍ക്കാണ് കലാപഠനത്തില്‍ പ്രസക്തിയുള്ളത്.
ശിലായുഗത്തിലാണ് കലയുടെ ഉത്‌പത്തി എന്നാണ് പറയപ്പെടുന്നത്. മിത്തുകളുടെയും സങ്കല്‌പകഥകളുടെയും പുരാണകഥകളുടെയും രചന, ഗാനങ്ങളും നൃത്തങ്ങളും രൂപീകരിക്കല്‍, ഗുഹാഭിത്തികളില്‍ മൃഗരൂപങ്ങളും മറ്റും ചിത്രീകരിക്കല്‍, ഉപകരണങ്ങളും ആയുധങ്ങളുമെന്നതുപോലെതന്നെ സ്വന്തം ശരീരം അലങ്കരിക്കല്‍ മുതലായവ പ്രാകൃത മനുഷ്യന്റെ ആദിമകലാസൃഷ്‌ടികളില്‍ ഉള്‍പ്പെടുന്നു. അവന് ഭൗതികാതീതമായി വികസിക്കാന്‍ വഴി ഒരുക്കിക്കൊണ്ടും തന്റെ സാമൂഹ്യസ്വഭാവവും തനിക്കു പക്ഷി മൃഗാദികളില്‍ നിന്നുള്ള വ്യത്യാസവും ശരിക്കു ഗ്രഹിച്ചു പ്രവര്‍ത്തിക്കാന്‍ അവനെ സഹായിച്ചുകൊണ്ടും ഈ കലാപ്രവര്‍ത്തനങ്ങള്‍ മാനുഷികമായ കൂട്ടുജീവിതവ്യവസ്ഥിതി ഊട്ടിയുറപ്പിക്കുന്നതില്‍ ഗണ്യമായ ഒരു പങ്കു വഹിച്ചുപോന്നിട്ടുണ്ട്. മനുഷ്യനെ മാനവീകരിക്കുക എന്നു വിശേഷിപ്പിക്കാവുന്ന മഹത്തായ സാമൂഹ്യപ്രക്രിയയില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച ഒരു മുഖ്യഘടകമായിരുന്നു കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍.
വികാസത്തിന്റെ ആദ്യഘട്ടങ്ങളില്‍ മനുഷ്യന്റെ നാനാ മുഖമായ പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ ഒന്നുമാത്രമായിരുന്നു കല. അതിന് സ്വതന്ത്രവും ഇതരനിരപേക്ഷവുമായി നില ഉണ്ടായിരുന്നില്ല. അക്കാലത്ത് മനുഷ്യന്റെ ബുദ്ധിപരമായ ഉത്‌പാദനമെല്ലാം തന്നെ ഭൗതികമായ ഉത്‌പാദനവുമായി, ഊടും പാവുമെന്നപോലെ നെയ്‌തിണക്കപ്പെട്ടിരുന്നു എന്നു പറയാം. വിചാരപരവും വികാരപരവും ഭൗതികവും ഭൗതികാതീതവുമായ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകള്‍ വേര്‍തിരിക്കപ്പെട്ടിരുന്നില്ല. പ്രായോഗിക ജീവിതത്തിലെ ബഹുമുഖമായ കൃത്യങ്ങള്‍, മതം, വിനോദങ്ങള്‍ മുതലായ മറ്റു മാനുഷിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് കലാപ്രവര്‍ത്തനത്തെ വേര്‍തിരിച്ചു കാണുക അന്നു സാധ്യമായിരുന്നില്ല. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഏതാണ്ട് ഒരുപോലെ പ്രയുക്തസ്വഭാവമാണ് ഉണ്ടായിരുന്നത്.
നൂറ്റാണ്ടുകളിലൂടെ സംസ്‌കാരം വികസിച്ചുവന്നതോടുകൂടി കല അനുക്രമം വളര്‍ന്ന് നല്ലവണ്ണം വ്യവച്ഛിന്നമായ, ഒരു സവിശേഷവും സ്വതന്ത്രവുമായ പ്രവര്‍ത്തനമേഖലയായി പരിണമിച്ചു. കലാപരമായ ഉത്‌പാദന പ്രവര്‍ത്തനം ഭൗതികോത്‌പാദനത്തില്‍ നിന്ന് സ്വതന്ത്രമായി വളര്‍ന്നുവരാന്‍ തുടങ്ങി.
കലയുടെ ചരിത്രപരമായ വികസനക്രമത്തില്‍ മനുഷ്യന്റെ പരിണാമപ്രക്രിയ ഉള്‍പ്പെടെയുള്ള പലതരം ബാഹ്യപ്രചോദനങ്ങളുടെ സങ്കീര്‍ണവും സമുചിതവുമായ പ്രഭാവം നിഴലിച്ചുകാണാം. അത്തരത്തിലുള്ള നിരന്തരപരിണാമത്തിലൂടെ ഇന്ന് വൈവിധ്യമാര്‍ന്ന ഒരു വലിയ ലോകം തന്നെയായിരിക്കുന്നു കലാരംഗം. അതിലൂടെ വസ്‌തുനിഷ്‌ഠമായി മൂന്നുതരം കലകള്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്ന് ചില കലാനിരൂപകന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്ഥലികം (spatial), കാലികം (temporal), സ്ഥലകാലികം (spatiotemporal) എന്ന് ഇവയെ വിളിക്കാം. ചിത്രകല, ശില്‌പവിദ്യ, വാസ്‌തുവിദ്യ, ഗ്രാഫിക് കലകള്‍, ഫോട്ടോഗ്രഫി, പ്രയുക്തകലകള്‍ മുതലായവ സ്ഥലികകലകളില്‍ ഉള്‍പ്പെടുന്നു. സ്ഥലാപേക്ഷമായിട്ടാണ് ഇവ പ്രതിരൂപങ്ങള്‍ സൃഷ്‌ടിക്കുന്നത്. നിര്‍ദിഷ്‌ടമായ സ്ഥലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതീകസൃഷ്‌ടി നടക്കുന്നത് എന്നര്‍ഥം. സാഹിത്യം, സംഗീതം മുതലായവ കാലികകലകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു. ഇത്തരം കലകള്‍ സ്ഥലാപേക്ഷ ഇല്ലാതെ, കാലത്തിന്റെ യവനികയിലാണ് വിരിഞ്ഞുവരുന്ന പ്രതിരൂപങ്ങള്‍ സൃഷ്‌ടിക്കുന്നത്. നാട്യം, നൃത്തം, നൃത്യം, അഭിനയം, സിനിമ, ടെലിവിഷന്‍, സര്‍ക്കസ് മുതലായവയെ സ്ഥലകാലികങ്ങളെന്നു വ്യവഹരിക്കാം. വ്യാപ്‌തിയും ഈടും ഭൗതികത്വവും ചലനാത്മകതയുമുള്ള ഒരേ സമയത്തു സ്ഥലാപേക്ഷിയും കാലാപേക്ഷിയുമായപ്രതിരൂപങ്ങളാണ് ഇവ സൃഷ്‌ടിക്കുന്നത്.
ആധുനിക കാലത്ത്, പ്രത്യേകിച്ച് 20-ാം ശ.ത്തില്‍ കലയുടെ നിര്‍വചനവും അപഗ്രഥനവും വളരെയേറെ സങ്കീര്‍ണമായിട്ടുണ്ട്. കലയെ വിലയിരുത്തുന്നതിനുള്ള മൂന്ന് സമീപനങ്ങളെക്കുറിച്ച് റിച്ചാര്‍ഡ് വോള്‍ഹൈം (Richard Wolheim) സിദ്ധാന്തിച്ചിട്ടുണ്ട്. ഒന്ന്, "റിയലിസം' അഥവാ യഥാതഥ രീതിയനുസരിച്ച് സൗന്ദര്യം കേവലവും നിരപേക്ഷവുമാണ്. അത് വ്യക്തിയുടെ കാഴ്‌ചപ്പാടുകളെ ആശ്രയിക്കുന്നില്ല. രണ്ട്, വസ്‌തുനിഷ്‌ഠ രീതി സൗന്ദര്യത്തെ കേവലമായി കാണുന്നവെങ്കിലും പൊതുവായ മനുഷ്യാനുഭവവുമായി അതിനെ ബന്ധപ്പെടുത്തുന്നുണ്ട്. മൂന്ന്, സാപേക്ഷികതാവാദമനുസരിച്ച് കല മനുഷ്യന്റെ കാലദേശ ഭിന്നമായ അനുഭവത്തിന്റെ ഉത്‌പന്നവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണ്.