This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറുവധു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറുവധു

Black widow spider

കറുവധു

മനുഷ്യന്‌ മാരകമാകുന്നതരം വിഷം ഉത്‌പാദിപ്പിക്കുന്ന ഒരിനം അമേരിക്കന്‍ ചിലന്തി. അരേനിയ ഗോത്രത്തിലെ തെറിഡീഡേ കുടുംബത്തിലാണ്‌ ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ശാ.നാ.: ലാറ്റ്രാഡെക്‌റ്റസ്‌ മാക്‌റ്റന്‍സ്‌ (Latrodectus mactans) ഇവയുടെ ശരീരത്തില്‍ ഉദരഭാഗത്ത്‌ താഴെയായി നല്ല ചുവപ്പുനിറത്തില്‍ വിശേഷമായ ഒരു അടയാളം (hour-glass mark) കാണാം. കറുത്ത ദേഹത്തിലെ ചുവന്ന ഈ അടയാളം മറ്റു ജീവികള്‍ക്കു താക്കീതു നല്‌കുന്ന ഭയസൂചകവര്‍ണത്തിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമാണ്‌. ഈ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കുമെന്നപോലെ ഇതിന്റെയും ഉദരത്തിന്‌ ഗോളാകൃതിയാണുള്ളത്‌. കഷ്ടിച്ച്‌ 18 മി.മീ. മാത്രം വലുപ്പം വരുന്ന ഈയിനം ചിലന്തികള്‍ ഒരിക്കലും ആക്രമണശീലം പ്രകടിപ്പിക്കാറില്ല. പെണ്ണിനെക്കാള്‍ വലുപ്പം കുറവായ ആണ്‍ചിലന്തി ഭക്ഷണം കഴിക്കുകയോ, കടിക്കുകയോ, ചെയ്യുന്നില്ല. ജനിക്കുമ്പോള്‍ത്തന്നെ വേണ്ടത്ര ഊര്‍ജം ശരീരത്തില്‍ സംഭരിക്കപ്പെട്ടിട്ടുള്ളതിനാലാകാം ഇവ ആഹാരം കഴിക്കാത്തത്‌ എന്നു കരുതപ്പെടുന്നു. പെണ്ണിന്റെ കടി ഏറ്റാല്‍ വിഷബാധയുണ്ടാകും. അമേരിക്കന്‍ വിഷപ്പാമ്പായ "റാറ്റല്‍ സ്‌നേക്കി'നുള്ള വിഷത്തിന്റെ 15 മടങ്ങ്‌ ശക്തി കറുവധുവിന്റെ വിഷത്തിനുള്ളതായാണ്‌ കണക്കാക്കിയിരിക്കുന്നത്‌. എന്നാല്‍ കടിക്കുമ്പോള്‍ കുത്തിവയ്‌ക്കപ്പെടുന്ന വിഷത്തിന്റെ അളവ്‌ പാമ്പിന്റേതിനെക്കാള്‍ വളരെ വളരെ കുറവായിരിക്കും. ഓക്കാനം, ഭാഗികമായ സ്‌തംഭനം, ശ്വസന തടസ്സം എന്നിവയോടൊപ്പം അസഹനീയമായ വേദനയും ഈ വിഷം ഉളവാക്കുന്നു; മരണം വളരെ അപൂര്‍വമായേ സംഭവിക്കാറുള്ളു. ഈ വിഷബാധയ്‌ക്കെതിരായി ഒരു സിറം യു.എസ്സില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. സിറത്തിന്റെ അഭാവത്തില്‍ 10 ശ.മാ. കാല്‍സിയം ക്ലോറൈഡ്‌ ലായനിയോ ഗ്ലൂക്കണേറ്റ്‌ ലായനിയോ സിരകളിലൂടെ നല്‌കുകയാണ്‌ പതിവ്‌.

ഇണചേരല്‍ കഴിഞ്ഞാലുടന്‍ പെണ്‍ചിലന്തി ആണിനെ ആഹരിക്കുന്നു. ഈ സ്വഭാവവിശേഷത്താലാണ്‌ "ബ്ലാക്‌വിഡോ' എന്ന പേര്‌ ഇതിനു ലഭിച്ചത്‌. ലാറ്റ്രാഡെക്‌റ്റസ്‌ ജീനസില്‍പ്പെടുന്ന ധാരാളം അംഗങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്താം. ദക്ഷിണയൂറോപ്പിലെ മാമിഗ്‌നാറ്റ്‌, ആസ്‌റ്റ്രലിയയിലെ റെഡ്‌ബാക്ക്‌, ന്യൂസിലന്‍ഡിലെ കാറ്റിപോ തുടങ്ങിയവ ഇക്കൂട്ടത്തില്‍ ചിലതാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B1%E0%B5%81%E0%B4%B5%E0%B4%A7%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍