This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറുപ്പാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറുപ്പാലി

Ceylon tea

കറുപ്പാലി

സെലാസ്‌ട്രസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ചെടി. ശാ.നാ.: എലിയോഡെന്‍ഡ്രാണ്‍ ഗ്ലൗക്കം (Elaeodendron glaucum). ഒലീവ്‌ പഴത്തിനോട്‌ ഇതിന്റെ കായ്‌കള്‍ക്കുള്ള സാദൃശ്യമാണ്‌ ജീനസിന്‌ എലിയോഡെന്‍ഡ്രാണ്‍ (എലിയഒലീവ്‌; ഡെന്‍ഡ്രാണ്‍വൃക്ഷം) എന്ന പേര്‌ ലഭിക്കാന്‍ കാരണം. കരുവാളി എന്നും അറിയപ്പെടുന്നു.

ഏകദേശം 10 സെ.മീ. നീളവും 7 സെ.മീ. വീതിയുമുള്ള ഇലകളോടുകൂടിയ ഒരു ചെറു വൃക്ഷമാണിത്‌. ജൂല.ഒ. മാസങ്ങളാണ്‌ പൂക്കാലം. ഏകദേശം ഒരു സെ.മീ. വ്യാസമുള്ള ചെറുപൂക്കള്‍ കുലകളില്‍ കാണപ്പെടുന്നു. സമ്പുടമാണ്‌ ഫലം.

ചുവപ്പുനിറത്തിലുള്ള ഇതിന്റെ തടി ഗൃഹോപകരണങ്ങള്‍, ചിത്രങ്ങളുടെ ചട്ടക്കൂടുകള്‍ എന്നിവയുടെ നിര്‍മിതിക്ക്‌ ഇതുപയോഗിക്കുന്നു. ഇല, പട്ട, വേര്‌ എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. പട്ടയില്‍ ഒരിനം ആല്‍ക്കലോയിഡ്‌, രണ്ടു റെസിനുകള്‍, ടാനിന്‍, ഗ്ലൂക്കോസ്‌ ഇവയടങ്ങിയിരിക്കുന്നു. വേര്‍തിരിച്ചെടുക്കുന്ന ആല്‍ക്കലോയിഡ്‌ സള്‍ഫ്യൂറിക്‌ അമ്ലവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പര്‍പ്പിള്‍ വര്‍ണവും നൈട്രിക്‌ അമ്ലവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ മഞ്ഞനിറവും ഉണ്ടാകുന്നു. റെസിനുകളില്‍ ഒന്ന്‌ ഈഥറിലും രണ്ടാമത്തേത്‌ ശുദ്ധമായ സ്‌പിരിറ്റിലും ലയിക്കുന്നു.

ചവര്‍പ്പുരസത്തോടുകൂടിയ പട്ട ഒരു സ്‌തംഭനൗഷധമാണ്‌. പൊടിച്ച ഇല ശക്തിയായ തുമ്മലുണ്ടാക്കുന്നു. ഇതിന്റെ പുകയേല്‌പിക്കുന്നത്‌ ഹിസ്റ്റീരിയയ്‌ക്ക്‌ പ്രതിവിധിയാണ്‌. ഇലപൊടിച്ച്‌ മൂക്കുപൊടിയായി ഉപയോഗിക്കുമ്പോള്‍ തലവേദനയ്‌ക്ക്‌ ആശ്വാസം ലഭിക്കുന്നു. പച്ചപ്പട്ട വെള്ളത്തില്‍ അരച്ചു പുരട്ടുന്നത്‌ വീക്കത്തിനു നല്ലതാണ്‌. ഉള്ളില്‍ കഴിച്ചാല്‍ ഉഗ്രമായ വിഷമാണിത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍