This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറുകപ്പുല്ല്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറുകപ്പുല്ല്‌

Burmuda (Conch) grass

കറുകപ്പുല്ല്‌

ഗ്രാമിനെ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരിനം പുല്ല്‌. ദശപുഷ്‌പങ്ങളിലൊന്നാണിത്‌. അറുകന്‍ പുല്ല്‌, ദുര്‍വ എന്നും പേരുകളുണ്ട്‌. ശാ.നാ: സൈനോഡോണ്‍ ഡക്‌റ്റിലോണ്‍ (Cynodon dactylon). വെണ്‍കറുക, പന്നിക്കറുക എന്നിങ്ങനെ പലതരം കറുകകളുണ്ട്‌.

നിലത്തു പടര്‍ന്നുവളരുന്ന കനംകുറഞ്ഞ തണ്ടിന്റെ ഓരോ പര്‍വത്തില്‍നിന്നും ധാരാളം വേരുകള്‍ പൊട്ടിപ്പുറപ്പെടുന്നു; മുകളിലേക്ക്‌ ചെറുശാഖകളും വളരുന്നു. പുരാതനകാലം മുതല്‍ക്കുതന്നെ ഔഷധമായും ഹോമം, ബലി മുതലായ പുണ്യകര്‍മങ്ങള്‍ക്കും കറുകപ്പുല്ല്‌ ഉപയോഗപ്പെടുത്തി വരുന്നു. ചെടിക്ക്‌ അമ്ലഗുണമാണ്‌. ചാറ്‌ ശമനൗഷധവും മൂത്രവര്‍ധകവുമാകുന്നു. ഇത്‌ മധുമേഹം, പീനസം, ചോര ഛര്‍ദിക്കല്‍, ചെങ്കണ്ണ്‌ എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു. മുറിവുകളില്‍ നിന്നു രക്തം വാര്‍ന്നുപോകുന്നത്‌ തടയാനും ഇത്‌ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്‌. കറുകനാമ്പ്‌ ചേര്‍ത്ത്‌ എണ്ണ കാച്ചിത്തേക്കുന്നത്‌ ചൊറിക്ക്‌ ഫലപ്രദമാണ്‌; ഇത്‌ ചെറുചൂടോടെ ചെവിയിലൊഴിച്ചാല്‍ ചെവിവേദന ശമിക്കും. കറുകച്ചാര്‍ മുലപ്പാലു ചേര്‍ത്തു നസ്യം ചെയ്യുന്നത്‌ വളരെ വിശേഷമാണ്‌. "ശസ്‌തം നസ്യേ മുലപ്പാല്‍ കറുകരസയുതം' (യോഗാമൃതം).

പോഷകസമ്പുഷ്ടമായ കറുകപ്പുല്ല്‌ ഉത്തമമായ ഒരു കാലിത്തീറ്റയാണ്‌. ഇതിലേക്കായി കറുകപ്പുല്ല്‌ ധാരാളമായി നട്ടുവളര്‍ത്തുന്നുമുണ്ട്‌. മണ്ണൊലിപ്പുള്ള പ്രദേശങ്ങളില്‍ ഒരു മണല്‍ ബന്ധകസസ്യമായും ഇത്‌ നട്ടുവളര്‍ത്തപ്പെടുന്നു. പാര്‍ക്കുകളിലെ വിശാലമായ പുല്‍ത്തകിടികളില്‍ കറുകപ്പുല്ല്‌ നട്ടുവളര്‍ത്തുന്നത്‌ ഭംഗി വര്‍ധിപ്പിക്കുവാന്‍ ഉതകുന്നു.

സാഹിത്യകൃതികളിലും കറുകപ്പുല്ല്‌ പരാമൃഷ്ടമായിട്ടുണ്ട്‌. "കുളിപ്പിച്ചു കുറിയിടീച്ചു കറുക ചൂടിച്ചു കണ്ണെഴുതിച്ചു' എന്നിങ്ങനെ ഭാഗവതഭാഷയില്‍ കറുകയെക്കുറിച്ചു പറഞ്ഞുകാണുന്നു. "മുറ്റും കിഴക്കായി വീതികുറഞ്ഞൊരു മുറ്റമതിനുണ്ടതില്‍ മുഴുവന്‍ പറ്റിക്കറുകയും പര്‍പ്പടകപ്പുല്ലും മറ്റു തൃണങ്ങളും മങ്ങി നില്‌പൂ' എന്ന്‌ ദുരവസ്ഥയില്‍ (കുമാരനാശാന്‍) പ്രതിപാദിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍