This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറിവേപ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറിവേപ്പ്‌

Curry Leaf tree

കറിവേപ്പ്‌

റൂട്ടേസീ സസ്യകുടുംബത്തില്‍പ്പെടുന്ന സുരഭിയായ ഒരു കുറ്റിച്ചെടി. ശാ.നാ.: മുരയ കൊനീജിയൈ (Murraya Keonigii). കറികള്‍ക്ക്‌ മണവും രുചിയും നല്‌കാഌം കടുകുവറുക്കാനും കറിവേപ്പില ഉപയോഗിക്കുന്നു. ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും ഈ ചെടി വളരുന്നുണ്ട്‌.

6 മീ. ഉയരത്തില്‍ വളരുന്ന ചെടിയുടെ കാണ്ഡം കനംകുറഞ്ഞതും എന്നാല്‍ നല്ല കട്ടിയുള്ളതുമാണ്‌. പതിനഞ്ചുവരെ പത്രകങ്ങളുള്ള ബഹുപത്രമാണ്‌ ഇതിന്റേത്‌. ഇവ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. ഇലകള്‍ക്ക്‌ ഇരുണ്ട പച്ചനിറവും സുഗന്ധവുമുണ്ട്‌. ഫെ.മേയ്‌ വരെയാണ്‌ പൂക്കാലം. സൗരഭ്യമുള്ള ചെറിയ വെളുത്ത പൂക്കള്‍ കുലകളിലായി കാണപ്പെടുന്നു. പൂങ്കുലഞെട്ടിലും സുഗന്ധമുണ്ട്‌. പൂവിന്‌ അഞ്ച്‌ ദളങ്ങളുണ്ട്‌. 10 കേസരങ്ങള്‍ രണ്ടു വൃത്തങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. കേസരങ്ങള്‍ ഒന്നിടവിട്ട്‌ നീളംകൂടിയും കുറഞ്ഞും കാണുന്നു. രണ്ടറകളുള്ള അണ്ഡാശയത്തിന്റെ ഓരോ അറയിലും ഒന്നോ രണ്ടോ അറകള്‍ വീതമുണ്ടായിരിക്കും. ഒരു ഫലത്തില്‍ രണ്ടു വിത്തുകളുണ്ട്‌. പച്ചനിറമുള്ള കായില്‍ പാകമാകുന്നതോടെ ചുവപ്പാകുകയും ക്രമേണ കറുക്കുകയും ചെയ്യുന്നു. കായ്‌കളിലും കറിവേപ്പിലയുടെ സ്വാഭാവിക ഗന്ധമുണ്ട്‌.

ഇല, പട്ട, വേര്‌ എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. ഇലകളില്‍ ഒരു ബാഷ്‌പശീലതൈലം, റെസിന്‍ "കൊനിജിന്‍' എന്ന ഒരു ഗ്ലൂക്കൊസൈഡ്‌ എന്നിവ അടങ്ങിയിരിക്കുന്നു. വിത്തില്‍നിന്ന്‌ ഒരിനം എണ്ണ ലഭിക്കുന്നു. എരിവും കയ്‌പുരസവും ചേര്‍ന്നതും ക്ഷാരഗുണമുള്ളതുമായ കറിവേപ്പിന്റെ ഇല, പട്ട, വേര്‌ എന്നിവ ദീപനശക്തിയും ബുദ്ധിശക്തിയും വര്‍ധിപ്പിക്കുകയും മേദസ്സ്‌, കൃമി, ജ്വരം, വാതം, കഫം എന്നിവ ശമിപ്പിക്കുകയും ചെയ്യുമെന്ന്‌ അഷ്ടാംഗഹൃദയത്തില്‍ പ്രതിപാദിച്ചുകാണുന്നു. തളിരില ചവച്ചുതിന്നുന്നത്‌ അതിസാരത്തിന്‌ ഉത്തമമാണ്‌. ഇല വാട്ടിപ്പിഴിഞ്ഞ നീര്‌ ഛര്‍ദിക്ക്‌ കൈക്കണ്ട ഔഷധമാകുന്നു. ഇല കഷായം വച്ച്‌ മറ്റു മരുന്നുകളോടു ചേര്‍ത്ത്‌ ജ്വരത്തിന്‌ ഉപയോഗിക്കാം. ഇല പാലില്‍ വേവിച്ച്‌ അരച്ചു പുരട്ടുന്നത്‌ തേള്‍വിഷത്തിഌം വ്രണങ്ങള്‍ക്കും മറ്റും നല്ലതാണ്‌. ഇലയും വേരും ഓജസ്സു വര്‍ധിപ്പിക്കുകയും സുഖവിരേചനത്തിന്‌ സഹായിക്കുകയും ചെയ്യുന്നു. വേരിന്‍തൊലി കൊണ്ടുള്ള കഷായം ഛര്‍ദിക്കും ഫലപ്രദമാണ്‌. കറിവേപ്പിന്റെ തൊലിയും കുരുമുളകും കൂടി മോരില്‍ അരച്ചുകലക്കി ചൂടാക്കി ധാരകോരുന്നത്‌ തേള്‍വിഷത്തിന്റെ വേദന ശമിപ്പിക്കുവാന്‍ സഹായിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍