This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറാന്‍സ, വെഌസ്‌തിയാനൊ (1859-1920)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറാന്‍സ, വെഌസ്‌തിയാനൊ (1859-1920)

Carranza, Venustiano

വെനുസ്‌തിയാനൊ കറാന്‍സ

മെക്‌സിക്കോയിലെ ഒരു മുന്‍ പ്രസിഡന്റ്‌. 1859ല്‍ കൊയഹ്വിലയിലെ ക്വാര്‍ത്രാ സ്യനഗസ്സില്‍ (Cuatro Cienegas) ജനിച്ചു. മെക്‌സിക്കോ സിറ്റിയിലാണ്‌ വിദ്യാഭ്യാസം നടത്തിയത്‌. തുടര്‍ന്ന്‌ ജന്മദേശത്ത്‌ തിരിച്ചെത്തി പൊതുജീവിതം തുടങ്ങി. 1901 മുതല്‍ 1911 വരെ സെനറ്ററായിരുന്നു. 1910ല്‍ തന്റെ സുഹത്തായ മദേറൊ (Madero)മെക്‌സിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ, കറാന്‍സ കൊയഹ്വിലയിലെ ഗവര്‍ണറായി. ജനറല്‍ ഹ്വാര്‍ട്ടയുടെ സൈനികനീക്കങ്ങളുടെ ഫലമായി 1913ല്‍ മദേറൊ വധിക്കപ്പെട്ടു.

മദേറൊ വധത്തെത്തുടര്‍ന്ന്‌ ജനറല്‍ ഹ്വാര്‍ട്ടയ്‌ക്കെതിരായി പൊതുജനങ്ങളെ അണിനിരത്തി വിപ്ലവം സംഘടിപ്പിച്ച കറാന്‍സയെ മറ്റെല്ലാ വിപ്ലവകാരികളും കൂടി "ആദ്യത്തെ ചീഫ്‌' സ്ഥാനം നല്‌കി അംഗീകരിച്ചു. വിപ്ലവകാലത്ത്‌ ജനോപകാരപ്രദമായ പല പരിഷ്‌കാരങ്ങളും ഇദ്ദേഹം പ്രഖ്യാപിച്ചു; അല്‌പകാലത്തെ ചെറുത്തുനില്‌പിനു ശേഷം ജനറല്‍ ഹ്വാര്‍ട്ട നാടുവിടാന്‍ നിര്‍ബന്ധിതനായി; ഫ്രാന്‍സിസ്‌കൊവില്ല തുടങ്ങിയ സൈനികനേതാക്കന്മാരും പരാജയപ്പെട്ടു. തുടര്‍ന്ന്‌ കറാന്‍സ പുതിയൊരു ഭരണഘടനാനിര്‍മാണസമിതി വിളിച്ചുകൂട്ടുകയും അതനുസരിച്ചുള്ള ഭരണഘടന 1917 ഫെ. 5നു നിലവില്‍ വരുകയും ചെയ്‌തു. 1917 മേയ്‌ 1 മുതല്‍ നിര്യാതനാകുന്നതുവരെ (1920) മെക്‌സിക്കോയിലെ പ്രസിഡന്റ്‌ കറാന്‍സയായിരുന്നു. യു.എസ്‌. സമ്മര്‍ദമുണ്ടായിട്ടുപോലും ഒന്നാം ലോക യുദ്ധകാലത്ത്‌ മെക്‌സിക്കോയ്‌ക്ക്‌ നിഷ്‌പക്ഷത പാലിക്കാന്‍ കഴിഞ്ഞത്‌ കറാന്‍സയുടെ ഉറച്ച തീരുമനാത്തിന്‍െറ ഫലമായിട്ടായിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ ഏകോപിപ്പിക്കാന്‍ യത്‌നിച്ച ഒരു നയതന്ത്രജ്ഞനെന്ന നിലയില്‍ കറാന്‍സയ്‌ക്ക്‌ ദക്ഷിണ അമേരിക്കന്‍ ചരിത്രത്തിലും സ്ഥാനമുണ്ട്‌. 1920ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ സമീപിച്ചപ്പോള്‍, ഒരു സിവിലിയന്‍ സ്ഥാനാര്‍ഥിയായ ഇഗ്‌നേഷ്യോ ബോണിലാസ്സിന്‌ കറാന്‍സ ഗവണ്‍മെന്റ്‌ പിന്തുണ നല്‌കിയെന്നാരോപിച്ചുകൊണ്ട്‌ അല്‍വാറൊ ഒബ്രിഗന്‍, പാബ്ലോഗോണ്‍സാലസ്‌ എന്നീ രണ്ടു പ്രമുഖ പട്ടാളനേതാക്കന്മാര്‍ വിപ്ലവത്തിനൊരുങ്ങി.

അരക്ഷിതാവസ്ഥ മനസ്സിലാക്കിയ കറാന്‍സ മെക്‌സിക്കോ സിറ്റി ഉപേക്ഷിച്ച്‌ വെറാക്രൂസിലെത്തി. അവിടത്തെ തന്റെ അനുയായികളെ സംഘടിപ്പിച്ച്‌ പ്യൂബ്ലയിലെ ആല്‍ജിബസില്‍വച്ച്‌ ശത്രുക്കളെ എതിരിട്ടു. അതില്‍ പരാജിതനായ കറാന്‍സ വടക്കന്‍ പ്രദേശത്തേക്ക്‌ പലായനം ചെയ്‌തു. പ്യൂബ്ലയിലെ ട്‌ളാക്‌സ്‌ കലാട്‌ ടോന്‍ഗൊയില്‍ വച്ച്‌ അല്‍വാറൊ ഒബ്രിഗന്റെ അനുചരന്മാര്‍ കറാന്‍സയെ വധിച്ചു (1920 മേയ്‌ 21).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍