This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌

അധ്യാപകരും വിദ്യാര്‍ഥികളും തപാല്‍ വഴി ബന്ധപ്പെട്ടു പഠനം നടത്തുന്ന വിദ്യാഭ്യാസസമ്പ്രദായം. അധ്യേതാവിന്റെ സൗകര്യത്തിന്‌ കൂടുതല്‍ പ്രാമുഖ്യം കല്‌പിച്ചിട്ടുള്ള ഈ പദ്ധതിപ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹാജര്‍ ആകാതെ വീട്ടില്‍ ഇരുന്നു പഠിച്ചു പരീക്ഷയ്‌ക്കെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ അവസരം ലഭിക്കുന്നു. വയോജനവിദ്യാഭ്യാസത്തിന്റെയും തുടര്‍ വിദ്യാഭ്യാസത്തിന്റെയും പ്രധാന ഭാഗമായ ഈ വിദ്യാഭ്യാസരീതി "ഹോംസ്റ്റഡി', "പോസ്റ്റല്‍ ട്യൂഷന്‍' എന്നീ പേരുകളിലും അറിയപ്പെടുന്നു. സാധാരണവിദ്യാഭ്യാസത്തില്‍ എന്നപോലെ ഒരു നിശ്ചിത പാഠ്യപദ്ധതി, പരീക്ഷാസമ്പ്രദായം, അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ആശയവിനിമയം എന്നിവ കറസ്‌പോണ്ടന്‍സ്‌ പാഠ്യപദ്ധതിയുടെയും ഭാഗങ്ങളാണ്‌. മുന്‍വിദ്യാഭ്യാസയോഗ്യതയിലും പ്രായപരിധിയിലും ഉള്ള ഇളവുകള്‍, കുറഞ്ഞ ചെലവ്‌, ഒരു നിര്‍ദിഷ്ട കാലയളവില്‍ ഒരു നിശ്ചിത പാഠഭാഗം പഠിച്ചു തീര്‍ക്കണമെന്ന കര്‍ശനമല്ലാത്ത വ്യവസ്ഥ എന്നിവ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സിന്റെ സവിശേഷതകളാണ്‌. പല കാരണങ്ങളാല്‍ സാധാരണ വിദ്യാഭ്യാസം ചെയ്യാന്‍ കഴിയാതെ പോയവര്‍ക്കും ഇടയ്‌ക്കുവച്ച്‌ പഠനം നിര്‍ത്തേണ്ടിവന്നിട്ടുള്ളവര്‍ക്കും പ്രായം ചെന്നവര്‍ക്കും വിവിധതരം കോഴ്‌സുകളില്‍ ചേര്‍ന്നു പഠിക്കാന്‍ അവസരം ലഭ്യമാക്കുക എന്നതാണ്‌ ഈ സമ്പ്രദായത്തിന്റെ മുഖ്യലക്ഷ്യം.

ഈ വിദ്യാഭ്യാസസമ്പ്രദായത്തില്‍ പാഠ്യവിഷയങ്ങളും അവ സ്വായത്തമാക്കുന്നതിനുള്ള അനുഷ്‌ഠാന മാര്‍ഗങ്ങളും വിദ്യാര്‍ഥികള്‍ക്കു തപാല്‍ വഴി അയച്ചുകൊടുക്കുന്നു. ഇതോടൊപ്പം ചോദ്യാവലികളും ഉണ്ടായിരിക്കും. പാഠങ്ങള്‍ പഠിച്ചതിനുശേഷം വിദ്യാര്‍ഥികള്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തയ്യാറാക്കി തിരിച്ചയയ്‌ക്കുന്നു. അധ്യാപകര്‍ അവ പരിശോധിച്ചു പോരായ്‌മകള്‍ വിദ്യാര്‍ഥികളെ അറിയിക്കുന്നു. അച്ചടിച്ച നോട്ടുകള്‍, വിശദീകരണക്കുറിപ്പുകള്‍, ചിത്രങ്ങള്‍ എന്നിവയാണ്‌ കറസ്‌പോണ്ടന്‍സ്‌ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രധാന ഉപാധികള്‍. ടെലിഫോണ്‍, ഫിലിം, റേഡിയോ, റിക്കാര്‍ഡിങ്‌ സംവിധാനങ്ങള്‍, കംപ്യൂട്ടര്‍ എന്നിവയും ഈ പഠനരീതിയില്‍ ഉപാധികളായി സ്വീകരിക്കാറുണ്ട്‌.

ആദ്യകാലങ്ങളില്‍ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിനാണ്‌ കറസ്‌പോണ്ടന്‍സ്‌ പദ്ധതിയില്‍ പ്രാധാന്യം നല്‌കിയിരുന്നത്‌. ഇപ്പോള്‍ സാധാരണ വിദ്യാഭ്യാസം, പ്രാഫഷണല്‍ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങി വിജ്ഞാനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഈ പദ്ധതി വ്യാപിച്ചിട്ടുണ്ട്‌. വൈദ്യശാസ്‌ത്രം, എന്‍ജിനീയറിങ്‌, നിയമം, അധ്യാപകവൃത്തി, പത്രപ്രവര്‍ത്തനം, ബിസിനസ്‌ മാനേജ്‌മെന്റ്‌, ഹോട്ടല്‍ മാനേജ്‌മെന്റ്‌, മതം തുടങ്ങിയ വിവിധ മണ്ഡലങ്ങളില്‍ സ്‌തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന ഈ കോഴ്‌സുകള്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക്‌ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഡോക്ടറേറ്റ്‌ ബിരുദംവരെ കരസ്ഥമാക്കാവുന്നതാണ്‌.

ഇന്ത്യ, ബ്രിട്ടന്‍, യു.എസ്‌., റഷ്യ, കാനഡ, പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ആസ്ട്രേലിയ, ന്യൂസിലന്‍ഡ്‌, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ്‌ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സുകള്‍ വ്യാപകമായ തോതില്‍ നടത്തിവരുന്നത്‌. വികസിത രാജ്യങ്ങളില്‍ വ്യവസായ സ്ഥാപനങ്ങളും ഫാക്‌ടറി ഉടമകളുമാണ്‌ ഈ രംഗത്ത്‌ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്‌. തങ്ങളുടെ തൊഴിലാളികള്‍ക്ക്‌ പുതിയ അറിവ്‌ പകര്‍ന്നുകൊടുക്കുന്നതിനും പരിശീലനം നല്‌കുന്നതിനും ഇവര്‍ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സുകള്‍ പ്രയോജനപ്പെടുത്തുന്നു. ഗവണ്‍മെന്റ്‌ സ്ഥാപനങ്ങള്‍, സായുധസേന, തൊഴിലാളി സംഘടനകള്‍ എന്നിവയും ഇതേ ആവശ്യത്തിനുവേണ്ടി കറസ്‌പോണ്ടന്‍സ്‌ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ നല്‌കിവരുന്നുണ്ട്‌. അംഗവൈകല്യം സംഭവിച്ചവര്‍ക്കു വേണ്ടിയും പലവിധത്തിലുള്ള കറസ്‌പോണ്ടന്‍സ്‌ കോഴ്‌സുകള്‍ ഇന്നു നിലവിലുണ്ട്‌.

ചരിത്രം. 19-ാം ശ.ത്തിന്റെ മധ്യത്തില്‍ യൂറോപ്പിലുണ്ടായ വ്യാവസായിക വിപ്ലവമാണ്‌ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സിനു ജന്മം നല്‌കിയത്‌. 1840ല്‍ ഐസക്‌ പിറ്റ്‌മാന്‍ തന്റെ ചുരുക്കെഴുത്തു സമ്പ്രദായത്തിന്റെ (shorthand) പാഠങ്ങള്‍ പോസ്റ്റല്‍ കാര്‍ഡുകളില്‍ ഒതുക്കി വിദ്യാര്‍ഥികള്‍ക്ക്‌ അയയ്‌ക്കാറുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ ബൈബിള്‍ ഭാഗങ്ങള്‍ പോസ്റ്റ്‌ കാര്‍ഡില്‍ ചുരുക്കെഴുത്തിലാക്കി അയച്ചുകൊടുക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്‌. തപാല്‍ വഴിയുള്ള അധ്യയനത്തിന്റെ തുടക്കം ഇതാണെന്നു പറയാം.

1865ല്‍ ഫ്രാന്‍സിലെ ഷാര്‍ല്‌ തൂസെയ്‌നും ജര്‍മനിയിലെ ഗുസ്‌താവ്‌ ലന്‍ഗെന്‍ഷൈറ്റും ആധുനിക ഭാഷകള്‍ പഠിപ്പിക്കുന്നതിനായി ബെര്‍ലിനില്‍ ഒരു കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌ ആരംഭിച്ചു. 1867ല്‍ ട്രിനിറ്റി കോളജിലെ അധ്യാപകനായിരുന്ന ജെയിംസ്‌ സ്റ്റ്യൂവര്‍ട്ട്‌ സര്‍വകലാശാലയ്‌ക്കു പുറത്തുള്ള നിരവധി വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്നു. ഇത്‌ കറസ്‌പോണ്ടന്‍സ്‌ വിദ്യാഭ്യാസത്തിന്റെ പുരോഗതിയെ വളരെ ഏറെ സ്വാധീനിക്കുകയുണ്ടായി. 1874ല്‍ അമേരിക്കയിലെ ഇല്ലിനോയ്‌ വെസ്‌ലിന്‍ സര്‍വകലാശാല ഡിഗ്രിതലത്തിലും മറ്റും വിവിധ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സുകള്‍ ആരംഭിച്ചു; അവസാന പരീക്ഷകള്‍ സര്‍വകലാശാലയുടെ നിയന്ത്രണത്തില്‍ത്തന്നെ നടത്തുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. 1880ല്‍ എഡിന്‍ബറോ നഗരത്തിലെ ബിസിനസ്‌ സ്‌കൂളായ സ്‌കെറീസ്‌ കോളജ്‌ തപാല്‍വഴിയുള്ള അധ്യയനം ആരംഭിച്ചു. അടുത്ത ഒരു ദശവര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ നിരവധി കറസ്‌പോണ്ടന്‍സ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിതമായി.

20-ാം ശ.ത്തിന്റെ ആരംഭത്തോടുകൂടി കറസ്‌പോണ്ടന്‍സ്‌ കോഴ്‌സുകള്‍ക്ക്‌ ലോകവ്യാപകമായ അംഗീകാരം ലഭിച്ചു. 1970ല്‍ ബ്രിട്ടനില്‍ പ്രവര്‍ത്തനം ആരംഭിച്ച "ഓപ്പണ്‍ യൂണിവേഴ്‌സിറ്റി' കറസ്‌പോണ്ടന്‍സ്‌ കോഴ്‌സുകള്‍ മുഖേന ഉന്നത വിദ്യാഭ്യാസം നല്‌കിവരുന്ന ഒരു പ്രമുഖസ്ഥാപനമാണ്‌. റഷ്യയില്‍ ഉന്നതവിദ്യാഭ്യാസരംഗത്തു പ്രവേശിക്കുന്ന ഏതാണ്ട്‌ 40 ശ.മാ.പേര്‍ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സുകള്‍ വഴി അധ്യയനം നടത്തിയവരാണ്‌.

ഇന്ത്യയില്‍. സാധാരണ വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം, തുടര്‍വിദ്യാഭ്യാസം, ശാസ്‌ത്രവിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസം തുടങ്ങി വിജ്ഞാനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഇന്ത്യയില്‍ കറസ്‌പോണ്ടന്‍സ്‌ വിദ്യാഭ്യാസം നിലവിലുണ്ട്‌. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്‍മെന്റ്‌ സ്ഥാപനങ്ങളും സര്‍വകലാശാലകളും ഈ രംഗത്ത്‌ ഗണ്യമായ സേവനം അനുഷ്‌ഠിച്ചുവരുന്നു. ബിരുദ നിലവാരത്തിലും ബിരുദാനന്തര നിലവാരത്തിലുമുള്ള വിദ്യാഭ്യാസത്തിലാണ്‌ സര്‍വകലാശാലകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്‌. ഡല്‍ഹി സര്‍വകലാശാല ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനും കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌ നടത്തിവരുന്നുണ്ട്‌. ചില സര്‍വകലാശാലകളില്‍ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌ വിദ്യാര്‍ഥികള്‍ക്ക്‌ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ സര്‍വകലാശാലകളില്‍ ഹാജരായി അധ്യാപകരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്‌. മൈസൂറിലെ "ഓപ്പണ്‍ യൂണിവേഴ്‌സിറ്റി'യാണ്‌ ഈ രംഗത്ത്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം.

ഡോ. കോഠാരി അധ്യക്ഷനായുള്ള വിദ്യാഭ്യാസകമ്മിഷന്‍ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ കുറവ്‌ പരിഹരിക്കുന്നതിനായി കറസ്‌പോണ്ടന്‍സ്‌ കോഴ്‌സുകള്‍ വഴി അധ്യാപകര്‍ക്കും പരിശീലനം നല്‌കണമെന്ന്‌ ശിപാര്‍ശ ചെയ്‌തിരുന്നു. ഇതനുസരിച്ച്‌ 1966 ജനുവരിയില്‍ ഡല്‍ഹിയിലെ ദേശീയ വിദ്യാഭ്യാസഗവേഷണ കൗണ്‍സിലിന്റെ (N C E R T) ആഭിമുഖ്യത്തില്‍ ബി.എഡ്‌ഡിന്‌ കറസ്‌പോണ്ടന്‍സ്‌ ആരംഭിച്ചു. ഇന്ന്‌ ഇന്ത്യയിലെ പ്രധാന സര്‍വകലാശാലകളെല്ലാം തന്നെ നിരവധി വിഷയങ്ങളില്‍ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സുകള്‍ നടത്തുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍