This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറല്യെന്‍ക, വ്‌ളദീമിര്‍ ഗലക്‌തോനവിച്‌ (1853-1921)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറല്യെന്‍ക, വ്‌ളദീമിര്‍ ഗലക്‌തോനവിച്‌ (1853-1921)

Korolenko, Vladimir Galaktionovich

റഷ്യന്‍ ചെറുകഥാകൃത്ത്‌. തള്‍സ്‌തായി, ദസ്‌തയവ്‌സ്‌കി, ചെക്കോഫ്‌, ഗോര്‍ക്കി തുടങ്ങിയവരുടെ സമകാലീനനായ കറല്യെന്‍ക ചെറുകഥാരചനയില്‍ ചെക്കോഫിന്റെ സമശീര്‍ഷനാണ്‌. ഷിത്തോമിര്‍ എന്ന പട്ടണത്തില്‍ ഒരു ന്യായാധിപന്റെ മകനായി 1853ല്‍ ജനിച്ചു. അമ്മ പോളണ്ടുകാരിയായിരുന്നു. ഷിത്തോമിര്‍, പീറ്റേഴ്‌സ്‌ബര്‍ഗിലെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌, മോസ്‌ക്കോവിലെ പിത്രാവിസ്‌കി ഇക്കണോമിക്‌ അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി.

റഷ്യയില്‍ നിലനിന്നിരുന്ന ഏകാധിപത്യഭരണത്തിന്‍ കീഴില്‍ ഭൂവുടമകളും കുടിയാന്മാരും തമ്മില്‍ സാമൂഹിക രാഷ്‌ട്രീയ വൈരുധ്യങ്ങള്‍ മൂര്‍ച്ഛിച്ചു വന്ന കാലഘട്ടത്തിലാണ്‌ കറല്യെന്‍ക സാഹിത്യരംഗത്തേക്കു കടന്നത്‌. അന്ന്‌ കൃഷിക്കാര്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും സ്വാധീനത ചെലുത്തിപ്പോന്ന "നരോദ്‌നിക്കുകള്‍' എന്ന രാഷ്‌ട്രീയ സംഘടനയുമായി ഇദ്ദേഹം ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായി ഇദ്ദേഹം പലവട്ടം നാടുകടത്തപ്പെടുകയുണ്ടായി.

ഉക്രനിയന്‍ സാഹിത്യകാരനായ താറാസ്‌ഷെവ്‌ച്ചെങ്കോയുമായുണ്ടായ പരിചയം കറല്യെന്‍കയുടെ സാഹിത്യജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാക്കി. കാല്‌പനികതയില്‍ നിന്ന്‌ ഇദ്ദേഹം റിയലിസത്തിലേക്കു തിരിഞ്ഞു.

അനേകം ചെറുകഥകളുടെ കര്‍ത്താവാണ്‌ കറല്യെന്‍ക. സ്വരാജ്യസ്‌നേഹം, സ്വാതന്ത്ര്യ, സാമൂഹികപരിവര്‍ത്തന വ്യഗ്രത എന്നിവയാണ്‌ ഇദ്ദേഹത്തിന്‍െറ കഥകളുടെ അന്തര്‍ധാര. തന്റെ കാലഘട്ടത്തിലെ കൃഷിക്കാരുടെ ജീവിതം അതിന്‍െറ എല്ലാ വൈരുധ്യങ്ങളോടും കൂടി ആവിഷ്‌കരിക്കുവാന്‍ ഇദ്ദേഹം ശ്രമിച്ചു.

കൃഷിക്കാരില്‍ അന്തര്‍ലീനമായ ശക്തിയെ പ്രാജ്വലിപ്പിക്കാനും സുഖസമൃദ്ധമായ ഒരു ഭാവിജീവിതം വാഗ്‌ദാനം ചെയ്യാനും പോന്നതായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളും.

"അദ്‌ഭുതം' (ചൂത്‌നയ1880), "മക്കാറിന്റെ സ്വപ്‌നം' (സോന്‍ മക്കാറ1883), "ധൂര്‍ത്ത സമൂഹം' (ദൂര്‍നയേ ഓബ്‌ശിസ്‌ത്വ 1885), "അന്ധഗായകന്‍' (സ്‌ളിപ്പോയ്‌ മ്യുസിക്കാന്ത്‌ 1886), "പഞ്ഞവര്‍ഷം' (ഗ്‌ളോത്‌നിഗോദ്‌ 1892), "പുഴ കളിയാടുന്നു' (രിക്കാളഗ്‌റായിത്‌1892), "മേഘാവൃതദിനം' (അബ്‌ളാച്‌നിജ്യേന്‍ 1896), "അഗ്‌നി' (അഗോന്‍കി) എന്നിവയാണ്‌ കറല്യെന്‍കയുടെ മികച്ച കഥാസമാഹാരങ്ങള്‍. ഇദ്ദേഹത്തിന്റെ "എന്റെ സമകാലികന്റെ ചരിത്രം' (ഇസ്‌ക്കേരിയാമയിമോ സവ്‌രിമ്യേന്നിക) എന്ന ആത്മകഥാംശമുള്‍ക്കൊള്ളുന്ന പ്രധാന കൃതി 1905 മുതല്‍ 1921 വരെയുള്ള റഷ്യന്‍ സമൂഹത്തിന്റെ ചരിത്രം കൂടിയാണ്‌.

1900ല്‍ കറല്യെന്‍ക റഷ്യന്‍ അക്കാദമി ഒഫ്‌ സയന്‍സില്‍ അക്കാദമീഷ്യനായി നിയമിതനായി. എന്നാല്‍ ഗോര്‍ക്കിക്ക്‌ പ്രസ്‌തുത ബഹുമതി നല്‌കാതിരുന്നതില്‍ പ്രതിഷേധിച്ച്‌ കറല്യെന്‍ക ആ സ്ഥാനം ഉപേക്ഷിച്ചു. ഇദ്ദേഹം 1921ല്‍ അന്തരിച്ചു.

"സാഹിത്യത്തിന്റെ വക്താവും പടയാളിയും' എന്നാണ്‌ കറല്യെന്‍കിനെ റഷ്യന്‍ സാഹിത്യചരിത്രത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്‌.

(ആര്‍. ഗോപി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍