This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറന്റ്‌, വൈദ്യുത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറന്റ്‌, വൈദ്യുതി

ഒരു വൈദ്യുതവാഹിയിലൂടെയുള്ള ചാര്‍ജുകളുടെ പ്രവാഹം. വൈദ്യുത ധാര എന്നും ഇതിഌ സംജ്ഞയുണ്ട്‌. കറന്റിന്റെ അടിസ്ഥാന അളവുമാത്രയാണ്‌ ആംപിയര്‍ (A). വൈദ്യുത വിശ്ലേഷണം വഴി സില്‍വര്‍ നൈട്രറ്റ്‌ ലായനിയില്‍ നിന്ന്‌ ഒരു സെക്കണ്ടില്‍ 0.00118 ഗ്രാം വെള്ളി അടിയുന്നതിനാവശ്യമായ കറന്റിനെ ഒരു ആംപിയറായി നിര്‍വചിച്ചിരിക്കുന്നു. വാഹിയുടെ ഛേദത്തില്‍ കൂടി കടന്നുപോകുന്ന ഇലക്‌ട്രോണുകളുടെ എണ്ണം കൂടുതലാണെങ്കില്‍ കറന്റ്‌ കൂടുതലാണെന്നും കുറവാണെങ്കില്‍ കറന്റ്‌ കുറവാണെന്നും പറയുന്നു. ഇടിമിന്നലില്‍ നിന്ന്‌ ഉണ്ടാകുന്ന മെഗാ ആംപിയറുകള്‍ മുതല്‍ ഇലക്‌ട്രാണിക്‌ പരിപഥങ്ങളിലും മറ്റും ഉപയോഗിക്കപ്പെടുന്ന മൈക്രാ ആംപിയറുകള്‍ വരെ വിവിധ അളവുകളില്‍ കറന്റ്‌ ലഭ്യമാക്കാം.

വൈദ്യുത ചാര്‍ജ്‌ എല്ലാ പദാര്‍ഥങ്ങളിലൂടെയും ഒന്നുപോലെ സഞ്ചരിക്കുന്നില്ല. പദാര്‍ഥങ്ങളിലൂടെയുള്ള വൈദ്യുതിയുടെ ചാലകതയെ അടിസ്ഥാനപ്പെടുത്തി വസ്‌തുക്കളെ ചാലക(conductor)ങ്ങളെന്നും അര്‍ധചാലക(semi-conductor) ങ്ങളെന്നും രോധക(insulator) ങ്ങളെന്നും മൂന്നായി തിരിക്കാം. വൈദ്യുതചാര്‍ജുകള്‍ കടത്തിവിടുന്ന പദാര്‍ഥങ്ങളെ വിദ്യുച്ഛാലകങ്ങള്‍ എന്നും കടത്തിവിടാത്തവയെ വിദ്യുത്‌രോധകങ്ങളെന്നും പറയുന്നു. ലോഹങ്ങള്‍, അമ്ലങ്ങള്‍, ലവണലായനികള്‍ എന്നിവ വിദ്യുച്ഛാലകങ്ങളും ഗ്ലാസ്‌, എബണൈറ്റ്‌, അഭ്രം തുടങ്ങിയവ വിദ്യുത്‌രോധകങ്ങളും ആകുന്നു. അന്തരീക്ഷ വായു പൊതുവേ ഒരു വിദ്യുത്‌രോധകമാണ്‌. എന്നാല്‍ മര്‍ദം കുറയുമ്പോഴും പൊട്ടന്‍ഷ്യല്‍ വ്യത്യാസം വളരെ കൂടുമ്പോഴും വായു ഒരു ചാലകമായിത്തീരുന്നു. പ്രതിരോധമൂല്യം ചാലകത്തിന്റേതിനും രോധകത്തിന്റേതിനും ഇടയ്‌ക്കായുള്ള പദാര്‍ഥങ്ങളാണ്‌ അര്‍ധചാലകങ്ങള്‍. സിലിക്കണ്‍, ജര്‍മേനിയം തുടങ്ങിയ പദാര്‍ഥങ്ങള്‍ അര്‍ധചാലകങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.

അടിസ്ഥാനപരമായി രണ്ടു തരത്തിലുള്ള കറന്റ്‌ ഉണ്ട്‌: നേര്‍ധാര (Direct Current: D.C.), പ്രത്യാവര്‍ത്തിധാര (Alternating Current: A.C.). തീവ്രത വ്യത്യാസപ്പെടാമെങ്കിലും സഞ്ചാരദിശയ്‌ക്കു മാറ്റം വരാത്ത ധാരയെ നേര്‍ധാരയെന്നും സഞ്ചാരദിശയും തീവ്രതയും മാറിക്കൊണ്ടിരിക്കുന്ന ധാരയെ പ്രത്യാവര്‍ത്തിധാരയെന്നും പറയുന്നു. പ്രാഥമിക സെല്ലില്‍ നിന്നു ലഭിക്കുന്ന കറന്റ്‌ നേര്‍ധാരയ്‌ക്കും ഡൈനമോയില്‍ നിന്ന്‌ ഉത്‌പാദിതമാകുന്ന കറന്റ്‌ പ്രത്യാവര്‍ത്തിധാരയ്‌ക്കും ഉദാഹരണങ്ങളാണ്‌. നോ: വൈദ്യുതി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍