This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍മയോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍മയോഗം

വിധിപ്രകാരമുള്ള കര്‍ത്തവ്യാനുഷ്‌ഠാനങ്ങളെ പ്രതിപാദിക്കുന്ന ദര്‍ശനം. "യുജിര്‍യോഗേ' എന്ന ധാതുവില്‍നിന്നുണ്ടായ പദമാണ്‌ യോഗം. "ചേര്‍ച്ച' എന്ന അര്‍ഥമാണ്‌ യോഗപദത്തിനുള്ളത്‌. ചിത്തവൃത്തിയുടെ നിരോധം യോഗം ("യോഗശ്‌ചിത്തവൃത്തി നിരോധഃ' യോഗസൂത്രം 12) എന്നു യോഗത്തെ നിര്‍വചിച്ചിരിക്കുന്നു. ചക്ഷുരാദികളായ ജ്ഞാനേന്ദ്രിയങ്ങളെയും വാഗാദികളായ കര്‍മേന്ദ്രിയങ്ങളെയും അവയുടെ ബാഹ്യവിഷയങ്ങളില്‍ നിന്നു പിന്തിരിപ്പിച്ച്‌ അന്തര്‍മുഖമായി ആത്മാഭിമുഖമായി പ്രവര്‍ത്തിപ്പിക്കുകഅങ്ങനെ മനോവൃത്തികളെ നിയന്ത്രിച്ച്‌ മനസ്സിനെ ധ്യേയവസ്‌തുവില്‍ ഏകാഗ്രമാക്കി നിര്‍ത്തുകയാണ്‌ യോഗം എന്നു യോഗശാസ്‌ത്രം വ്യക്തമാക്കുന്നു. മനോവൃത്തികളുടെ നിരോധത്താല്‍ ആത്മാവ്‌ സ്വരൂപനിഷ്‌ഠനായിത്തീരുന്നു. ശരീരം, വാക്ക്‌, മനസ്സ്‌ എന്നിവയെ പൂര്‍ണമായി നിയന്ത്രിച്ച്‌ പൂര്‍ണതയെപരമാത്‌മതാദാത്‌മ്യത്തെപ്രാപിക്കുവാനുള്ള ജീവാത്‌മാവിന്റെ ശ്രമമത്ര യോഗം. "വൃത്തിസാരൂപ്യമിതരത്ര' (യോഗ സൂത്രം 1.4) എന്ന സൂത്രം ആത്മാവ്‌ മനോവൃത്തി സാരൂപ്യം കൊണ്ട്‌ സുഖദുഃഖാദികളുടെ ഭോക്താവായിത്തീരുന്നുവെന്നു വ്യക്തമാക്കുന്നു. സ്വതഃചഞ്ചലമായ മനസ്സിന്റെ വൃത്തിയെ നിരോധിക്കുക ശ്രമസാധ്യമാണ്‌.അഭ്യാസം, വൈരാഗ്യം, ഈശ്വര പ്രണിധാനം എന്നിവയാണ്‌ ചിത്തവൃത്തിനിരോധത്തിനുള്ള ഉപായങ്ങള്‍.

ആത്മാവിന്റെ ദേഹേന്ദ്രിയാദ്യതിരിക്തത്വം, കര്‍ത്തൃത്വം, ഭോക്‌തൃത്വം എന്നിവയെ അവലംബിച്ച്‌ ധര്‍മാധര്‍മ വിവേകപൂര്‍വകമായ ഈശ്വരാരാധനാരൂപമായ കര്‍മത്തിന്റെ അനുഷ്‌ഠാനമാണ്‌ യോഗം എന്നു ശങ്കരാചാര്യര്‍ ഗീതാഭാഷ്യത്തിന്റെ ആരംഭത്തില്‍ വ്യക്തമാക്കുന്നു. "യുജ്യതേ പുരുഷോ മോക്ഷായ യോഗ്യോ ഭവതിയേന സയോഗഃ പരമ്പരയാ മോക്ഷസാധനീഭൂതധര്‍മാനുഷ്‌ഠാനാത്‌മകഃ' എന്ന്‌ ആനന്ദഗിരി ആ ഭാഗം വിശദീകരിച്ചിട്ടുണ്ട്‌. "കര്‍മയോഗേന യോഗിനാം' എന്ന ഗീതാവചനത്തിലെ "യോഗി' ശബ്‌ദം കര്‍മികളെക്കുറിക്കുന്നു. കര്‍മികള്‍ക്കാണ്‌ കര്‍മയോഗം കൊണ്ടുള്ള നിഷ്‌ഠ.

ചിത്ത നിരോധരൂപമായ യോഗാനുഷ്‌ഠാനം കൊണ്ട്‌ ചിത്തം ഉപരതി പ്രാപിക്കുന്നു; ആ അവസ്ഥയില്‍ സമാധിപരിശുദ്ധമായ അന്തഃകരണം കൊണ്ട്‌ ജ്യോതിഃ സ്വരൂപനായ ആത്മാവിനെ സാക്ഷാത്‌കരിച്ച്‌ യോഗി നിര്‍വൃതികൊള്ളുന്നു; ബുദ്ധിഗ്രാഹ്യവും അതീന്ദ്രിയവും ആയ ആത്യന്തിക സുഖം അനുഭവിക്കുന്നു; മഹത്തായ ദുഃഖം പോലും ആ യോഗിയെ ചലിപ്പിക്കുവാന്‍ ശക്തമല്ല. ആ ദുഃഖസംയോഗത്തില്‍ നിന്നുമുള്ള വിയോഗമാണ്‌ യോഗം എന്നു ഭഗവദ്‌ഗീത (VI 2023) വ്യക്തമാക്കുന്നു. "സമത്വം യോഗഉച്യതേ' (ഭ. ഗീ. II 48; സിധ്യസിധികളില്‍ സമത്വം യോഗം) "യോഗഃ കര്‍മസു കൗശലം' (ഭ. ഗീ. II, 50; ബന്ധനസ്വഭാവങ്ങളായ കര്‍മങ്ങളെ ഈശ്വരാര്‍പ്പണബുധ്യാ അനുഷ്‌ഠിച്ച്‌ സമത്വബുദ്ധി നിലനിര്‍ത്തുകയെന്ന കൗശലമാണ്‌ യോഗം) എന്നും യോഗശബ്‌ദാര്‍ഥം ഗീതയില്‍ വിശദമാക്കപ്പെട്ടിട്ടുണ്ട്‌. ബന്ധകങ്ങളെ ബന്ധകങ്ങളല്ലാതാക്കുന്നത്‌ കൗശലമാണല്ലോ.

കര്‍മമാകുന്ന യോഗം, കര്‍മം കൊണ്ടുള്ള യോഗം, കര്‍മത്തിന്റെ യോഗം എന്നിങ്ങനെ കര്‍മയോഗശബ്‌ദത്തെ വ്യാഖ്യാനിക്കാവുന്നതാണ്‌. പ്രാണിവര്‍ഗം ഓരോ ക്ഷണത്തിലും കര്‍മം ചെയ്‌തുകൊണ്ടിരിക്കുന്നു. ഒരു ക്ഷണം പോലും കര്‍മം ചെയ്യാതെ സ്ഥിതി ചെയ്യുവാന്‍ സാധ്യമല്ല. അത്തരത്തിലുള്ള കര്‍മമല്ല കര്‍മയോഗപദത്തിലെ കര്‍മം സൂചിപ്പിക്കുന്നത്‌. നിത്യനൈമിത്തിക കാമ്യകര്‍മങ്ങളാണ്‌ ഇവിടെ വിവക്ഷിതം. കര്‍മനുഷ്‌ഠാനം കൊണ്ടു ചിത്തവൃത്തിനിരോധവും അതുവഴിയായി പരമപുരുഷാര്‍ഥയോഗവും ആണ്‌ "കര്‍മയോഗ' പദം കൊണ്ട്‌ ഇവിടെ ഉദ്ദിഷ്ടം. മനസ്സിന്റെ നിശ്ചലാവസ്ഥ നിലനിര്‍ത്തുകയാണല്ലോ യോഗം. ഒരാള്‍ അനുഷ്‌ഠിക്കുന്ന കര്‍മങ്ങള്‍ അയാളുടെ മനസ്സിനെ ചലിപ്പിക്കാതിരിക്കണം; നിഷ്‌കാമമായി ഫലാസക്തി കൂടാതെ കര്‍മം ചെയ്യുവാനുള്ള കഴിവ്‌ കര്‍മയോഗമാണെന്നും അത്തരം കഴിവുള്ളവര്‍ കര്‍മയോഗിയെന്നും സാമാന്യേന പറയപ്പെടുന്നു.

വിശേഷബുദ്ധിയുള്ള മനുഷ്യന്‍ ജീവിതത്തിന്റെ പരമലക്ഷ്യമായ ആത്മസാക്ഷാത്‌കാരവും മോക്ഷവും നേടുവാന്‍ തന്റെ കര്‍മപ്രവണതയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന ചിന്തയാണ്‌ കര്‍മയോഗത്തിന്‌ ജന്‌മം നല്‌കിയത്‌. കര്‍മങ്ങള്‍ക്കെല്ലാം ഫലമുണ്ട്‌; നിഷ്‌ഫലമായ കര്‍മമൊന്നുമില്ല; പലപ്പോഴും നാം ഉദ്ദേശിക്കുന്ന ഫലമായിരിക്കുകയില്ലെന്നേയുള്ളു. കര്‍മാനുഷ്‌ഠാനം മനസ്സിന്റെ സമനിലയെ ബാധിക്കാതിരിക്കണമെങ്കില്‍ ഫലചിന്ത കൂടാതെ സ്വകര്‍മം ചെയ്യണം. അത്‌ കൊണ്ടാണ്‌,

"കര്‍മണ്യേവാധികാരസ്‌തേ
മാ ഫലേഷു കദാചന
മാ കര്‍മഫല ഹേതുര്‍ഭൂര്‍
മാ തേ സംഗോളസ്‌ത്വകര്‍മണി'
 

എന്നു ഗീത (II, 47) ഉപദേശിച്ചത്‌. "നിനക്ക്‌ കര്‍മത്തിലാണധികാരം; കര്‍മം അനുഷ്‌ഠിക്കുന്ന നീ ഒരിക്കലും ഫലത്തെ ഇച്ഛിക്കരുത്‌. കര്‍മഫലേച്ഛയോടെ പ്രവര്‍ത്തിക്കുന്നതായാല്‍ കര്‍മഫലമായ ജന്‌മാദിക്ക്‌ ഹേതുവാകും. അതിനാല്‍ നീ കര്‍മഫലഹേതുവാകരുത്‌. ക്ലേശാത്‌മകമായ കര്‍മം വിഫലമാകയാല്‍ അനുഷ്‌ഠിക്കേണ്ടതില്ലെന്നു കര്‍മഭാവത്തില്‍ ആസക്തിയുമരുത്‌' ഇതാണ്‌ ആ ഗീതാസൂക്തിയുടെ ആശയം. ഈശ്വരാര്‍പ്പണബുധ്യാ ലോകസംഗ്രഹാര്‍ഥം അനുഷ്‌ഠിക്കപ്പെടുന്ന കര്‍മം ജ്ഞാനത്തിലേക്കു മനുഷ്യനെ നയിക്കുന്നു. "സര്‍വം കര്‍മാഖിലം പാര്‍ഥ ജ്ഞാനേ പരിസമാപ്യതേ' (ഭ. ഗീ. IV, 33).

വേദങ്ങള്‍ യാഗാദികര്‍മങ്ങള്‍ക്കു പ്രാധാന്യം നല്‌കുന്നു. യാഗാദികര്‍മങ്ങള്‍ സ്വര്‍ഗാദിഫലകാമന്മാര്‍ക്കുള്ളതാണ്‌. "യജ്ഞം കൊണ്ടു നിങ്ങള്‍ ദേവന്മാരെ പോഷിപ്പിക്കുക; ആ ദേവന്മാര്‍ വൃഷ്ട്യാദികളാല്‍ നിങ്ങളെയും പോഷിപ്പിക്കട്ടെ; അങ്ങനെ പരസ്‌പരം പോഷിപ്പിച്ചുകൊണ്ടു നിങ്ങള്‍ പരമമായ ശ്രയസ്സു നേടുവിന്‍ (ഭ. ഗീ. III, 11) എന്നു ഗീതാചാര്യന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ വേദങ്ങള്‍ സത്ത്വരജസ്‌തമോ ഗുണപ്രധാനങ്ങളാണെന്നും നിസ്‌ത്രഗുണ്യനാവുകയാണ്‌ പരമലക്ഷ്യമെന്നും ഗീതയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌ "ത്യ്രഗുണ്യവിഷയാവേദനിസ്‌ത്രഗുണ്യോ ഭവാര്‍ജുന!' (ഭ. ഗീ. II, 45). നിസ്‌ത്രഗുണ്യപദം നിഷ്‌കാമാര്‍ഥകമാണെന്നു ശങ്കരാചാര്യര്‍ വ്യക്തമാക്കുന്നു.

കര്‍മാനുഷ്‌ഠാനം നിഷ്‌കാമമായിരിക്കണം; ഫലേച്ഛയില്ലാത്തതായിരിക്കണം. സ്വാര്‍ഥത്യാഗമാണ്‌ മനുഷ്യനെ കര്‍മഫലത്യാഗത്തിലേക്കു നയിക്കുന്നത്‌. "പ്രയോജനമനുദ്‌ദിശ്യ ന മന്ദോളപി പ്രവര്‍ത്തതേ' പ്രയോജനമുദ്ദേശിക്കാതെ മൂഢന്‍പോലും പ്രവര്‍ത്തിക്കുന്നില്ല. സ്വന്തം ലാഭം, സ്വന്തം ഉന്നതി ഇവയെ ലക്ഷ്യമാക്കിയാണ്‌ എല്ലാവരും പ്രവര്‍ത്തിക്കുന്നത്‌. അതിനാല്‍ സ്വാര്‍ഥചിന്ത കൈവെടിയാതെ നിഷ്‌കാമകര്‍മാനുഷ്‌ഠാനം അസാധ്യമാണ്‌. "താന്‍ തന്റെ കര്‍ത്തവ്യം അനുഷ്‌ഠിക്കുന്നു; ഫലത്തെക്കുറിച്ചു തനിക്കു ചിന്തയില്ല; അതു തനിക്കാവശ്യമില്ല' എന്ന മനോഭാവം പുലര്‍ത്തുന്നവന്‍ കര്‍മയോഗിയാണ്‌. ഈശ്വരാര്‍പ്പണബുദ്ധ്യാ ലോകസംഗ്രഹത്തെ മുന്‍നിര്‍ത്തിയുള്ള കര്‍മാനുഷ്‌ഠാനം കര്‍മയോഗമത്ര. അസക്തനായി കര്‍മം ആചരിക്കുന്നവന്‍ കര്‍മയോഗം കൊണ്ട്‌ പരമാത്മ സാക്ഷാത്‌കാരം കൈവരിക്കുന്നു (ഭ. ഗീ. III, 19).

കര്‍മാനുഷ്‌ഠാനമല്ല അനര്‍ഥത്തിനു കാരണം, ഫലാകാംക്ഷയാണ്‌. അതിനാല്‍ ഫലത്യാഗമാണ്‌ കര്‍മയോഗത്തിന്റെ ജീവന്‍. സ്വാര്‍ഥ ത്യാഗമാണ്‌ ഫലത്യാഗത്തിന്റെ പ്രഥമസോപാനം. സ്വാര്‍ഥത്യാഗം സ്വാര്‍ഥത്തെ ക്രമേണ വികസിപ്പിച്ച്‌ നേടാവുന്നതാണ്‌. താന്‍, കുടുംബം, ഗ്രാമം, രാജ്യം, ലോകം ഇങ്ങനെ "സ്വം' വികസിക്കുമ്പോള്‍ "വസുധൈവ കുടുംബകം' എന്ന മനോഭാവം പരിപുഷ്ടമായിത്തീരുന്നു. അങ്ങനെ ലോകസംഗ്രഹേച്ഛയോടെ ചെയ്യുന്ന കര്‍മം മനസ്സിന്റെ ഏകാഗ്രതയെ ഒരു തരത്തിലും ബാധിക്കുകയില്ല. ആ കര്‍മയോഗി താമരയില ജലത്താലെന്നപോലെ കര്‍മഫലത്താല്‍ ലിപ്‌തനാകുകയില്ല. ആത്മാവ്‌ ശരീരമോ ഇന്ദ്രിയങ്ങളോ അല്ല. കര്‍മങ്ങള്‍ ഇന്ദ്രിയങ്ങളിലും ശരീരങ്ങളിലും മറ്റുമാണ്‌ സ്ഥിതി ചെയ്യുന്നത്‌. "ഞാന്‍ കര്‍ത്താവുമല്ല, ഭോക്താവുമല്ല എന്ന ഉത്‌കൃഷ്ടഭാവനയാണ്‌ കര്‍മത്തെ ബന്ധഹേതുവാക്കാത്തത്‌. യഥാര്‍ഥ കര്‍മയോഗി ഈ ഭാവനയോടുകൂടിയവനാണ്‌.

"ഫലാപേക്ഷ കൂടാതെയുള്ള കര്‍മനുഷ്‌ഠാനം വിഷമമാകയാല്‍ കര്‍മങ്ങള്‍ അനുഷ്‌ഠിക്കാതിരിക്കയല്ലേ ഉചിതം?' എന്ന ചിന്താഗതി ഉണ്ടാകാവുന്നതാണ്‌. "ന കര്‍മണാമനാരംഭാദ്‌ നൈഷ്‌കര്‍മ്യം പുരുഷോളശ്‌നുതേ' (ഭ. ഗീ. III, 4). കര്‍മങ്ങളെ അനുഷ്‌ഠിക്കാതെ മനുഷ്യനു നൈഷ്‌കര്‍മ്യം (നിഷ്‌ക്രിയാത്‌മസ്വരൂപ സാക്ഷാത്‌കാരം) കൈവരിക്കുവാന്‍ സാധിക്കുകയില്ലെന്ന്‌ ഇവിടെ വ്യക്തമാക്കുന്നു. "കര്‍മജ്യായോഹ്യകര്‍മണഃ' (ഭ. ഗീ. III, 8) "അകര്‍മത്തേക്കാള്‍ കര്‍മം പ്രശസ്യതരമാണ്‌, അതുകൊണ്ടു നീ കര്‍മം ചെയ്യു' എന്നാണ്‌ ഗീത ഉപദേശിക്കുന്നത്‌. മാത്രവുമല്ല കര്‍മത്തില്‍ നിന്ന്‌ ആര്‍ക്കും ഒഴിഞ്ഞു നില്‌ക്കുവാന്‍ സാധിക്കുകയില്ല. അകര്‍മപ്രവണത അലസതയുടെയും മിഥ്യാചാരത്തിന്റെയും പര്യായമാണ്‌. സഹജവും ധര്‍മാനുസാരിയുമായ കര്‍മം അനുഷ്‌ഠിക്കണം; ഫലത്തെക്കുറിച്ച്‌ ചിന്തിക്കാതിരുന്നാല്‍ മാത്രം മതിയാകും. ശബ്‌ദാദിവിഷയാഭിമുഖങ്ങളായ ഇന്ദ്രിയങ്ങളെയും അത്യന്തചഞ്ചലമായ മനസ്സിനെയും അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും നിയന്ത്രിച്ച്‌ നിസ്സംഗത്വം നേടുവാന്‍ യത്‌നിക്കണം. ആ യത്‌നം മനുഷ്യനെ യഥാര്‍ഥ കര്‍മയോഗത്തിലേക്കു നയിക്കും. അവന്‍ കര്‍മയോഗിയായിത്തീരും.

കര്‍മം, അകര്‍മം, വികര്‍മം ഇവയെ ശരിയായി ഗ്രഹിക്കണം. കര്‍മഗതി ഗഹനമാണ്‌. കര്‍മത്തില്‍ അകര്‍മവും അകര്‍മത്തില്‍ കര്‍മവും ദര്‍ശിക്കുന്നവനാണ്‌ വിദ്വാന്‍ (ഭ. ഗീ. IV, 18). വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ ഇരിക്കുന്ന ഒരുവന്‌ വൃക്ഷങ്ങള്‍ പുറകോട്ട്‌ ഓടുന്നതായി തോന്നുന്നു. പക്ഷേ, വൃക്ഷങ്ങളില്‍ കര്‍മമില്ലെന്നതാണ്‌ സത്യം. അതുപോലെ "ഞാന്‍ ചെയ്യുന്നു' എന്ന തോന്നല്‍ അന്തഃകരണനിഷ്‌ഠമായ കര്‍മത്തെ ആത്മാവില്‍ ആരോപിക്കുന്നതുകൊണ്ടുണ്ടായതാണ്‌; ആത്മാവില്‍ കര്‍മമില്ലെന്നതാണ്‌ സത്യം. അതുപോലെ ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്ന തോന്നലും ശരിയല്ല. അവിടെയും കര്‍മമുണ്ട്‌. അതുകൊണ്ട്‌ കര്‍മത്തില്‍ കര്‍മദര്‍ശനവും അകര്‍മത്തില്‍ കര്‍മദര്‍ശനവും കര്‍മയോഗത്തിന്റെ പരമകാഷ്‌ഠയാണെന്നുപറയാം. കാമസങ്കല്‌പിത വര്‍ജിതമായ കര്‍മം അനുഷ്‌ഠിക്കുന്നവന്‍ ജ്ഞാനാഗ്‌നിദഗ്‌ധകര്‍മാവായ പണ്ഡിതനത്ര (ഭ. ഗീ. IV, 19). ശ്രീകൃഷ്‌ണനെപ്പോലെ ലോകസംഗ്രഹം മുന്‍നിര്‍ത്തി ജ്ഞാനികള്‍ കര്‍മം അനുഷ്‌ഠിക്കുന്നവരാണ്‌; അവര്‍ അകര്‍മ പ്രവക്താക്കളല്ല. കര്‍മരാഹിത്യത്തെ പ്രചരിപ്പിക്കുന്നവര്‍ ലോകയാത്രയെ നശിപ്പിക്കുന്നവരാണ്‌. ലോകയാത്ര കര്‍മത്തെ ആശ്രയിച്ചിരിക്കുന്നു.

കര്‍മയോഗം, ജ്ഞാനയോഗം ഇവയില്‍ ഏതാണ്‌ ശ്രയസ്‌കരമെന്ന പ്രശ്‌നത്തിനും ഗീതയില്‍ സമാധാനം നല്‌കിയിട്ടുണ്ട്‌. ജ്ഞാനനിഷ്‌ഠരായ സന്ന്യാസികള്‍ പ്രാപിക്കുന്ന സ്ഥാനം കര്‍മയോഗികള്‍ക്കും പ്രാപ്യമാണ്‌. ഫലൈക്യം നിമിത്തം രണ്ടും ഒന്നാണ്‌. കര്‍മയോഗം കൂടാതെ പരമാര്‍ഥസന്ന്യാസം ദുഷ്‌പ്രാപമാണ്‌ (ഭ. ഗീ. V, 56). നിത്യമൈനിത്തികളായ കര്‍മാനുഷ്‌ഠാനം ചിത്തശുദ്ധിദ്വാരാ ജ്ഞാനോത്‌പത്തിക്കു കാരണമാകുന്നു. "കഷായേ കര്‍മഭിഃ പക്വേതതോജ്ഞാനം പ്രവര്‍ത്തതേ' എന്ന സ്‌മൃതിവചനം ഈ വസ്‌തുത വ്യക്തമാക്കുന്നു. സാധാരണ ജനങ്ങള്‍ക്ക്‌ ജ്ഞാനം സുപ്രാപ്യമല്ല. കര്‍മയോഗവും ഭക്തിയോഗവും ജ്ഞാനലബ്‌ധിക്കുള്ള മാര്‍ഗങ്ങളാണ്‌. അതിനാല്‍ പരസ്‌പരവൈരുധ്യം അവയ്‌ക്കില്ല. ഗീതയിലെ ആദ്യത്തെ ആറ്‌ അധ്യായങ്ങളില്‍ കര്‍മയോഗം അതിന്റെ എല്ലാ പരികരണങ്ങളോടു-ംകൂടി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

"എനിക്കു കര്‍ത്തവ്യമായി യാതൊന്നുമില്ല; നേടേണ്ടതായും ഒന്നുമില്ല. എങ്കിലും ഞാന്‍ കര്‍മത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നു. ഞാന്‍ കര്‍മം ചെയ്‌തില്ലെങ്കില്‍ ഈ പ്രപഞ്ചം തന്നെ ക്ഷയിക്കും. അതുകൊണ്ട്‌ ലോകസംഗ്രഹത്തെ ലക്ഷ്യമാക്കി നീയും കര്‍മം ചെയ്യു. ജനകാദികളും കര്‍മം കൊണ്ടു സിദ്ധി നേടിയവരാണ്‌' എന്ന ഗീതാഭാഗം (III, 20, 22, 23) കര്‍മയോഗം, കര്‍മയോഗി എന്നീ പദങ്ങളുടെ ശരിയായ അര്‍ഥം വ്യക്തമാക്കുന്നു. കര്‍മയോഗം പരമപുരുഷാര്‍ഥപ്രാപ്‌തിക്കുള്ള ലളിതമായ മാര്‍ഗമാണെന്നു ഗീതയില്‍ പറയുന്നു. "ക്ഷിപ്രംഹി മാനുഷേ ലോകേ സിദ്ധിര്‍ഭവതി കര്‍മജാ' (ഭ.ഗീ. IV, 12) എന്ന വാക്യം കര്‍മയോഗം ശീഘ്ര ഫലപ്രദമാണെന്ന്‌ ഉദ്‌ഘോഷിക്കുന്നു. നോ: കര്‍മമീമാംസ

(പ്രാഫ. ആര്‍. വാസുദേവന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍