This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ബല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ബല

Karbala

ഇറാക്കിലെ ഒരു പ്രവിശ്യയും ആസ്ഥാനനഗരവും. "കാര്‍ബല' എന്നും വിളിക്കപ്പെടുന്ന ഈ നഗരം ഷിയാ മുസ്‌ലിങ്ങളുടെ ഒരു പുണ്യസങ്കേതമാണ്‌. മധ്യഇറാക്കില്‍ രാജ്യതലസ്ഥാനമായ ബാഗ്‌ദാദിന്‌ 90 കി.മീ. തെക്ക്‌ തെ. പടിഞ്ഞാറായി, യൂഫ്രട്ടീസിന്റെ പശ്ചിമതടത്തിലാണ്‌ നഗരം സ്ഥിതിചെയ്യുന്നത്‌. എ.ഡി. 680ല്‍ കര്‍ബലയില്‍ വച്ച്‌ ഷിയാ, സുന്നി വിഭാഗക്കാര്‍ തമ്മിലുണ്ടായ ലഹളയില്‍ (Battle of Karbala) ഷിയാനേതാക്കള്‍ സകുടുംബം വധിക്കപ്പെട്ടതോടെയാണ്‌ ഇവിടം ഈ വിഭാഗക്കാരുടെ തീര്‍ഥാടന കേന്ദ്രമായതും തുടര്‍ന്നുള്ള വികസനപ്രവര്‍ത്തനങ്ങളിലൂടെ നഗരപദവിയാര്‍ജിച്ചതും.

ഹുസൈനിന്റെ ശവകുടീരം - കര്‍ബല

എ.ഡി. 7-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ കര്‍ബലയില്‍ നടന്ന ആഭ്യന്തരലഹള ഷിയാവിപ്ലവകാരികളുടെ ഉന്‌മൂല നാശത്തിനിടയാക്കി. മുഹമ്മദ്‌ നബിയുടെ ജാമാതാവും നാലാമത്തെ ഖലീഫയുമായിരുന്ന അലിയെ 661ല്‍ വധിച്ചശേഷം ഖലീഫ ആയ ഉമയാദ്‌ യസീദ്‌ ക (Umayyad Yazid I)നെ ഷിയാ നേതാവും അലിയുടെ പുത്രനുമായ ഹുസൈന്‍ ഇബ്‌നു അലിയും (Husayn Ibn Ali) മറ്റും എതിര്‍ത്തു. അലിയുടെ സന്താനങ്ങളാണ്‌ പ്രവാചകനായ മുഹമ്മദിന്റെ യഥാര്‍ഥ പിന്‌മുറക്കാരെന്നും അവരാണ്‌ ഖലീഫാ പദവിക്കര്‍ഹരെന്നുമുള്ള വാദമുഖങ്ങളിന്‌മേലായിരുന്നു വിപ്ലവം. ഷിയാ മുസ്‌ലിം വിഭാഗം ഹുസൈനെയാണ്‌ പ്രവാചകന്റെ പിന്‍ഗാമിയായി അംഗീകരിച്ചത്‌. 680ല്‍ ഹുസൈനും കുടുംബവും യസീദിനാല്‍ വധിക്കപ്പെട്ടു; ഹുസൈന്‍ കര്‍ബലയിലും പിതാവായ അലി നജാഫി(Najaf)ലുമാണ്‌ സംസ്‌കരിക്കപ്പെട്ടത്‌. കര്‍ബലയിലെ ഹുസൈനിന്റെ ശവകുടീരം ഷിയാവിഭാഗക്കാരുടെ വിശ്വോത്തര ദേവാലയങ്ങളിലൊന്നായി വികസിച്ചു. ഇത്‌ 1801ല്‍ വഹാബി മുസ്‌ലിങ്ങളാല്‍ നശിപ്പിക്കപ്പെട്ടെങ്കിലും പേര്‍ഷ്യക്കാരുടെയും (Iranians) മറ്റ്‌ ഷിയാ മുസ്‌ലിങ്ങളുടെയും ഉദാരസഹകരണത്തോടെ പെട്ടെന്നു തന്നെ പുതുക്കിപ്പണിയിക്കപ്പെട്ടു. ഒരു സുവര്‍ണതാഴികക്കുടവും മൂന്നു ഗോപുരങ്ങളും (minarets) ഉള്ള ഈ ശവകുടീരം ഒരു ഇസ്‌ലാമിക വാസ്‌തുവിദ്യാകൗതുകം കൂടിയാണ്‌. ഇറാനിലെ ഷിയാമുസ്‌ലിങ്ങള്‍ ഹജ്ജ്‌ തീര്‍ഥയാത്രയാരംഭിക്കുന്നത്‌ കര്‍ബലയില്‍ നിന്നാണ്‌. മൃതദേഹമോ അസ്ഥിയോ മറ്റ്‌ ഭൗതികാവശിഷ്ടങ്ങളോ കര്‍ബലയില്‍ അടക്കം ചെയ്യുന്നത്‌ മോക്ഷകരമാണെന്ന്‌ ഈ വിഭാഗം മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നു. നഗരത്തിന്റെ പഴയ ഭാഗം ഭിത്തികളാല്‍ സംരക്ഷിതമാണ്‌.

സിറിയന്‍ മരുഭൂമിയുടെ പൂര്‍വ സീമന്തഭാഗത്തായി കിഴക്കുള്ള യൂഫ്രട്ടീസ്‌ തടത്തിലേക്കു കൂടി വ്യാപിച്ചു കിടക്കുന്ന ഈ പ്രവിശ്യ(muhafasah)യ്‌ക്കു 5,034 ച.കി.മീ. വിസ്‌തൃതിയുണ്ട്‌. ഈന്തപ്പഴമാണ്‌ ഈ മേഖലയിലെ ഏക കാര്‍ഷികവിള. ഇവിടുള്ള പട്ടണങ്ങളില്‍ വിപണനത്തിനായെത്തുന്ന മറ്റുത്‌പന്നങ്ങള്‍ കമ്പിളി, തുകല്‍, മതസംബന്ധിയായ സാമഗ്രികള്‍ എന്നിവയാണ്‌. ജനങ്ങളില്‍ ഭൂരിപക്ഷം വരുന്ന മുസ്‌ലിങ്ങളില്‍ ഷിയാവിഭാഗത്തിനാണ്‌ പ്രാബല്യം. പ്രവിശ്യയിലെ മറ്റൊരു തീര്‍ഥാടനകേന്ദ്രമാണ്‌ അല്‍ നജാഫ്‌; ഖലീഫ അലിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്‌ മഷദ്‌ അലി എന്നും പേരുണ്ട്‌; ഷിയാമുസ്‌ലിങ്ങള്‍ മക്കയിലേക്കുള്ള തീര്‍ഥാടനം തുടങ്ങുന്നതിനുള്ള പുണ്യസങ്കേതങ്ങളിലൊന്നായി ഈ നഗരത്തെയും കണക്കാക്കുന്നു. കര്‍ബല പ്രവിശ്യയിലെ ജനസംഖ്യ: 5,67,600 (1991).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AC%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍