This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍പ്പൂരച്ചെടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍പ്പൂരച്ചെടി

ലോറേസീ (Lauraceae) കുടുംബത്തില്‍പ്പെടുന്ന ഔഷധവൃക്ഷം. ശാ.നാ.: സിനമോമം കാംഫോറ (Cinnamomum camphora). സംസ്‌കൃതത്തില്‍ ഹിമവാലുക, ധനസാര, ചന്ദ്ര, ഹിമാഹ്വ, കര്‍പ്പൂരം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഈ വൃക്ഷത്തില്‍ നിന്നാണ്‌ ഔഷധ പ്രാധാന്യമുള്ള കര്‍പ്പൂരം ലഭിക്കുന്നത്‌.

ചൈന, ജപ്പാന്‍, തായ്‌ലന്‍ഡ്‌ എന്നിവിടങ്ങളിലാണ്‌ കര്‍പ്പൂരവൃക്ഷം ധാരാളമായി കണ്ടുവരുന്നത്‌. പുരാതനകാലം മുതല്‌ക്കു തന്നെ ഔഷധമായും പൂജാദികര്‍മങ്ങള്‍ക്കുള്ള ഒരു വിശിഷ്ടവസ്‌തുവായും കര്‍പ്പൂരം ഉപയോഗിച്ചുവരുന്നു. ഇന്ത്യയില്‍ കര്‍പ്പൂരക്കൃഷിക്കു തുടക്കം കുറിച്ചത്‌ ഇംഗ്ലീഷുകാരാണ്‌. വളരെക്കുറച്ചു കര്‍പ്പൂരം മാത്രമേ ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്നുള്ളു. പ്രതിവര്‍ഷം നാലരലക്ഷം കി.ഗ്രാമില്‍ കൂടുതല്‍ കര്‍പ്പൂരം നമ്മുടെ ആവശ്യത്തിനായി ഇറക്കുമതി ചെയ്യുന്നുണ്ട്‌. ചൈന, ജപ്പാന്‍, ബോര്‍ണിയോ തുടങ്ങിയ രാജ്യങ്ങളാണ്‌ വന്‍തോതില്‍ കര്‍പ്പൂരം ഉത്‌പാദിപ്പിക്കുന്നത്‌. ഇന്ത്യയില്‍ ഡെറാഡൂണ്‍, കല്‍ക്കത്ത, നീലഗിരി, കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ കര്‍പ്പൂരക്കൃഷിയുണ്ട്‌.

കര്‍പ്പൂരച്ചെടി

എട്ടുമീറ്ററിലധികം ഉയരത്തില്‍ വളരുന്ന ചെറുവൃക്ഷമാണ്‌ കര്‍പ്പൂരവൃക്ഷം. മരത്തൊലിയുടെ ഉപരിതലം കറുത്തതാണ്‌. ഇലകള്‍ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. കട്ടിയുള്ള ഇലകള്‍ക്ക്‌ കര്‍പ്പൂരത്തിന്റെ സഹജഗന്ധമുണ്ട്‌. ഏകദേശം 20 വര്‍ഷം പ്രായമെത്തുമ്പോള്‍ വൃക്ഷം പുഷ്‌പിക്കും. ഇലയുടെ കക്ഷ്യത്തില്‍ നിന്നാണ്‌ പൂങ്കുലയുണ്ടാകുന്നത്‌. പുഷ്‌പങ്ങള്‍ ചെറുതും മഞ്ഞനിറമുള്ളതുമാണ്‌. കായ്‌കള്‍ ഉരുണ്ടതും ചെറുതും കടുംപച്ചനിറമുള്ളതുമാണ്‌. ആദ്യത്തെ പ്രാവശ്യമുണ്ടാകുന്ന പഴങ്ങളിലെ വിത്തുകള്‍ക്കു മുളയ്‌ക്കാനുള്ള ശേഷിയില്ല. 3035 വര്‍ഷം പ്രായമായ വൃക്ഷങ്ങളിലെ വിത്താണ്‌ മുളപ്പിച്ചു നടാന്‍ ഉപയോഗിക്കാറുള്ളത്‌.

ചെടിയില്‍ നിന്ന്‌ കര്‍പ്പൂരവും കര്‍പ്പൂര തൈലവും കിട്ടുന്നു. മരത്തിന്റെ എല്ലാ ഭാഗങ്ങളിലും കര്‍പ്പൂരം ഉണ്ടാകുന്ന തൈലകോശങ്ങള്‍ കാണാം. ചെടി വളരുന്നതോടെ തെളിഞ്ഞ മഞ്ഞനിറത്തിലുള്ള ഒരു തരം തൈലം ഈ കോശങ്ങളില്‍ ക്രമേണ നിറഞ്ഞുവരുന്നു. ഒരു പ്രത്യേക തരം എന്‍സൈമിന്റെ പ്രവര്‍ത്തനം മൂലം എണ്ണയുടെ മഞ്ഞനിറം ക്രമേണ മങ്ങി ബാഷ്‌പശീലതൈലമായി കട്ടിയുള്ള കര്‍പ്പൂരക്കഷണങ്ങള്‍ അതില്‍ ഉണ്ടാകുന്നു. മരത്തിന്റെ ഏതു ഭാഗം വെട്ടിയാലും സുഗന്ധമുള്ള കറ ഊറിവരും. സമുദ്രനിരപ്പില്‍ നിന്ന്‌ 2,500 മീ. വരെ ഉയരത്തില്‍ കര്‍പ്പൂരം കൃഷിചെയ്യാം. 1,500 മീ. മുതല്‍ 2,000 മീ.വരെ ഉയരമുള്ള സ്ഥലങ്ങളിലാണ്‌ കര്‍പ്പൂരച്ചെടി സമൃദ്ധിയായി വളരുന്നത്‌.

വലുപ്പവും ഭംഗിയുമുള്ള ഈ സസ്യം കര്‍പ്പൂരമെടുക്കുന്നതിനായും ഒരു അലങ്കാരച്ചെടിയായും നട്ടു വളര്‍ത്തുന്നു.

ജപ്പാനിലും ഫോര്‍മോസയിലും 50 കൊല്ലത്തില്‍ കൂടുതല്‍ പ്രായമുള്ള സസ്യത്തിന്റെ തടി വാറ്റി കര്‍പ്പൂരമെടുക്കുന്നു. ചില രാജ്യങ്ങളില്‍ സസ്യത്തിന്‌ 5 മാസം പ്രായമാകുന്നതോടെ ഇലയും തണ്ടും ശേഖരിച്ചുവാറ്റി കര്‍പ്പൂരമെടുക്കാറുണ്ട്‌. ഇന്ത്യയില്‍ നീലഗിരിയിലുള്ള ഹലാക്കാരി എസ്‌റ്റേറ്റില്‍ ഇലകളില്‍ നിന്ന്‌ കര്‍പ്പൂരം വാറ്റിയെടുക്കുന്നുണ്ട്‌. ഇലകളുടെ തൂക്കത്തിന്റെ ഒരു ശ.മാ. മാത്രമേ കര്‍പ്പൂരം കിട്ടാറുള്ളു. കര്‍പ്പൂരം വേര്‍തിരിച്ചെടുത്ത ശേഷം കിട്ടുന്ന തൈലമാണ്‌ കര്‍പ്പൂര തൈലം. തടി, വേര്‌ ഇവ വാറ്റിയെടുക്കുന്ന എണ്ണയില്‍ "സാഫ്രാള്‍' എന്ന വിലപ്പെട്ട മറ്റൊരു പദാര്‍ഥം കൂടി അടങ്ങിയിരിക്കുന്നു. വില കൂടിയ സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാന്‍ ഇതുപയോഗിക്കുന്നു. ഇപ്പോള്‍ പല രാജ്യങ്ങളിലും കൃത്രിമമായി കര്‍പ്പൂരം ഉത്‌പാദിപ്പിക്കുന്നുണ്ട്‌.

ചൂടന്‍ (പക്വം) കര്‍പ്പൂരം, പച്ച(അപക്വം)ക്കര്‍പ്പൂരം എന്നിങ്ങനെ കര്‍പ്പൂരം രണ്ടുതരമുണ്ട്‌. അംഗസംസ്‌കാരവസ്‌തുക്കളില്‍ ഒന്നാണ്‌ കര്‍പ്പൂരം. കര്‍പ്പൂരവിത്തില്‍ നിന്നു കിട്ടുന്ന സുഗന്ധമുള്ള ഒരുതരം കൊഴുപ്പ്‌ സോപ്പു നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നു. ഫിലിം നിര്‍മാണത്തിലും പ്ലാസ്റ്റിക്‌ വ്യവസായത്തിലും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. കര്‍പ്പൂരം നിരവധി ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. ശക്തി കുറഞ്ഞ ഒരു അണുനാശിനിയും വേദനാസംഹാരിയുമാണിത്‌. ശ്വാസകോശരോഗങ്ങള്‍, മാനസികരോഗങ്ങള്‍, വാതം, വയറുകടി, പല്ലുവേദന, ടൈഫോയ്‌ഡ്‌, പൊങ്ങന്‍ പനി എന്നിവയ്‌ക്കെല്ലാം ഇത്‌ ഫലപ്രദമാണ്‌.

"ഉപ്പുതൊട്ടു കര്‍പ്പൂരം വരെ', "കാറ്റത്തു വച്ച കര്‍പ്പൂരം പോലെ', "കണ്ണിനു കര്‍പ്പൂരം' എന്നിങ്ങനെ കര്‍പ്പൂരത്തെക്കുറിച്ചുള്ള ശൈലികള്‍ മലയാളഭാഷയില്‍ നിലവിലുണ്ട്‌. പല സാഹിത്യകൃതികളിലും കര്‍പ്പൂരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. "നന്‌മണം പൊങ്ങിന കസ്‌തൂരി, കര്‍പ്പൂരം നന്നായ്‌ പൊടിച്ചുള്ള ചൂര്‍ണമെല്ലാം' (കൃഷ്‌ണഗാഥ); "കര്‍പ്പൂരചൂര്‍ണം പനിനീര്‍ത്തടാകം വെള്ളിക്കൊടിക്കൂറ കരണ്ടമാലാ' (ചന്ദ്രാത്‌സവം); "തൈലവും കുറുമൊഴി മുല്ലയും കര്‍പ്പൂരവും' (ഹര്യക്ഷമാസസമരോത്‌സവം) എന്നിവ ചില ഉദാഹരണങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍