This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍നൂല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍നൂല്‍

ആന്ധ്രപ്രദേശിലെ ഒരു ജില്ലയും ആസ്ഥാനനഗരവും. 1956 വരെ സംസ്ഥാന തലസ്ഥാനമായിരുന്ന ഈ വാണിജ്യനഗരം ഹൈദരാബാദിന്‌ 170 കി.മീ. തെക്കായി സ്ഥിതി ചെയ്യുന്നു. ഭൂവിജ്ഞാനപരമായി, ഇന്ത്യയിലെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു മേഖലയാണ്‌ കര്‍നൂല്‍ ജില്ല. പ്രകൃതിനിക്ഷേപങ്ങളുടെ കാര്യത്തിലും കാര്‍ഷികമായും പ്രാധാന്യമര്‍ഹിക്കുന്ന ഈ മേഖലയുടെ വികാസം കര്‍നൂല്‍ പട്ടണത്തെ ആധാരമാക്കിയാണുണ്ടായിട്ടുള്ളത്‌. വിജയനഗരസാമ്രാജ്യത്തില്‍ ഈ പട്ടണം കോട്ടകെട്ടി സംരക്ഷിക്കപ്പെട്ടിരുന്നു.

നഗരം. കൃഷ്‌ണാതടത്തില്‍ വികസിച്ചിട്ടുള്ള നഗരത്തിന്‌ കിഴക്ക്‌ "നല്ല' മലനിരകളും തെക്ക്‌ "ഏറാ' മലനിരകളും സ്ഥിതിചെയ്യുന്നു. നഗരം സമുദ്രനിരപ്പില്‍ നിന്ന്‌ 100 മീ.ഓളം ഉയരത്തിലാണ്‌. ബാംഗ്ലൂര്‍നാഗ്‌പൂര്‍ ദേശീയപാതയില്‍ ബാംഗ്ലൂരിന്‌ 400 കി.മീ.ഓളം വടക്കാണ്‌ കര്‍നൂല്‍. കൃഷ്‌ണയുടെ ഉപനദിയായ തുങ്‌ഗഭദ്രയും അതിന്റെ പോഷകഘടകമായ ഹിന്ദ്രിനദിയും സംഗമിക്കുന്നത്‌ കര്‍നൂലില്‍വച്ചാണ്‌.

15-ാം ശ.ത്തില്‍ സ്ഥാപിതമായതെന്നു കരുതപ്പെടുന്ന കര്‍നൂല്‍ പട്ടണം 1866ല്‍ ബ്രിട്ടീഷ്‌ അധീനതയില്‍ മുനിസിപ്പല്‍ പട്ടണമായി വികസിച്ചു; ഹൈദരാബാദിലേക്കു മാറ്റുന്നതുവരെ 9 വര്‍ഷക്കാലം കര്‍നൂല്‍ സംസ്ഥാനതലസ്ഥാനമെന്ന പദവി അലങ്കരിച്ചിരുന്നു. മധ്യകാലഘട്ടത്തില്‍ പ്രശസ്‌തരായിരുന്ന വിജയനഗരരാജാക്കന്‌മാര്‍ പണിയിച്ച രാജകീയ കോട്ടയുടെ അവശിഷ്ടങ്ങളും ഇവിടം ഭരിച്ച ആദ്യത്തെ മുസ്‌ലിം ഗവര്‍ണറുടെ ശവകുടീരവും നഗരത്തിലെ ആകര്‍ഷണ കേന്ദ്രങ്ങളാണ്‌. വാള്‍ട്ടയര്‍ ആസ്ഥാനമായുള്ള ആന്ധ്രാ സര്‍വകലാശാലയുടെ കീഴില്‍, മെഡിക്കല്‍ കോളജുള്‍പ്പെടെയുള്ള പല കലാശാലകളും കര്‍നൂല്‍ നഗരത്തിലുണ്ട്‌. ജനസംഖ്യ: 2,36,800 (1991).

ജില്ല. ആന്ധ്രപ്രദേശിലുള്ള ജില്ലകളില്‍ അനന്തപ്പൂരും മെഹബൂബ്‌ നഗറും കഴിഞ്ഞാല്‍ ഏറ്റവും വിസ്‌തൃതിയേറിയത്‌ കര്‍നൂല്‍ ആണ്‌. സംസ്ഥാനത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ കര്‍ണാടകത്തോടു ചേര്‍ന്നുകിടക്കുന്ന കര്‍നൂലിന്റെ അയല്‍ ജില്ലകള്‍ വടക്ക്‌ മെഹബൂബ്‌ നഗര്‍, തെക്ക്‌ കടപ്പയും അനന്തപ്പൂരും, കിഴക്ക്‌ പ്രകാശം എന്നിവയാണ്‌. വിസ്‌തൃതി: സു. 17,700 ച.കി.മീ.; ജനസംഖ്യ: 35,29,494 (1991).

പൂര്‍വഘട്ടത്തില്‍പ്പെടുന്ന ചില മലനിരകളെ ഉള്‍ക്കൊള്ളുന്ന കര്‍നൂല്‍ ജില്ലയുടെ ജീവനാഡികളാണ്‌ തുങ്‌ഗഭദ്രയും കൃഷ്‌ണയും. ധാതുസംപുഷ്ടമായ ജില്ലയിലെ ബംഗനപ്പള്ളിയില്‍ നിന്ന്‌ വജ്രം ഉത്‌ഖനനം ചെയ്‌തു വരുന്നു. ബംഗനപ്പളി മാങ്ങകളും പ്രസിദ്ധമാണ്‌. കടുത്ത ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ജില്ലയില്‍ ധാരാളമായി അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്‌. പരുത്തി, എണ്ണക്കുരുക്കള്‍, മില്ലെറ്റ്‌, പരിപ്പുവര്‍ഗങ്ങള്‍, പുകയില എന്നിവയാണ്‌ കാര്‍ഷികവിളകള്‍; ഇവയോടു ബന്ധപ്പെട്ട വ്യവസായങ്ങളും ജില്ലയില്‍ വികസിച്ചുകൊണ്ടിരിക്കുന്നു. പാപനാശി നദി കൃഷ്‌ണയില്‍ ലയിക്കുന്ന സംഗമേശ്വരം ഒരു തീര്‍ഥാടന കേന്ദ്രമാണ്‌; ശ്രീശൈലം, അഹോബിലം എന്നീ പ്രദേശങ്ങളും ജില്ലയിലെ സുപ്രധാന ആധ്യാത്മികകേന്ദ്രങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍