This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ദൂചി, ജോസ്വെ (1835 - 1907)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ദൂചി, ജോസ്വെ (1835 - 1907)

Carducci, Giosue

ജോസ്വെ കര്‍ദൂചി

ഇറ്റാലിയന്‍ കവിയും നോബല്‍ സമ്മാന ജേതാവും. 1835ല്‍ പിസക്കടുത്തുള്ള ചെറിയ പട്ടണമായ വാല്‍ ഡി കാസ്‌റ്റെലോയില്‍ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ ഗ്രീക്‌ റോമന്‍ പ്രാചീന സാഹിത്യത്തില്‍ ആകൃഷ്ടനായ ജോസ്വെ ഇറ്റാലിയന്‍ ഇതിഹാസങ്ങള്‍ ഡാന്റെ, ടാസ്സോ, അല്‍ഫയ്‌റി പഠിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കുട്ടിക്കാലത്ത്‌ തന്നെ കവിതകള്‍ എഴുതുവാനും തുടങ്ങി.

പിസ സര്‍വകലാശാലയിലെ തത്ത്വശാസ്‌ത്രപഠനത്തെത്തുടര്‍ന്ന്‌ നിരവധി സ്‌കൂളുകളില്‍ അധ്യാപകനായി സേവനം അനുഷ്‌ഠിച്ചു. ബോളോണ യൂണിവേഴ്‌സിറ്റിയില്‍ ഇറ്റാലിയന്‍ സാഹിത്യത്തില്‍ പ്രാഫസറായി നിയമിതനായ ഇദ്ദേഹം 1904ല്‍ വിരമിക്കുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു.

ഇന്നോ എ സാതാന (Inno a Satana, 1865) എന്ന കൃതി ഇദ്ദേഹത്തിന്റെ സ്വതന്ത്രചിന്തയും ആധുനിക ആശയങ്ങളും പ്രകാശിപ്പിക്കുന്നു. "ജിയാംബി എദ്‌ എപോദി' (Giambi ed epodi, 1882) എന്ന സമാഹാരത്തില്‍ രാഷ്‌ട്രീയ വിഷയങ്ങളെ ആക്ഷേപഹാസ്യരൂപത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. "ന്യുവോപൊയസി' (Nuove Poesie, 1873) "ഓദി ബാര്‍ബറെ' (odi bar-bare) യുടെ മൂന്നു സമാഹാരങ്ങള്‍ (1877, 1882, 1889) തുടങ്ങിയവയില്‍ ഇദ്ദേഹത്തിന്റെ കാവ്യശില്‌പം പരിപൂര്‍ണതയിലെത്തിയിരിക്കുന്നു. കവിതകള്‍, നിരൂപണങ്ങള്‍, സാഹിത്യത്തെയും രാഷ്‌ട്രീയത്തെയും സംബന്ധിക്കുന്ന താര്‍ക്കിക ലേഖനങ്ങള്‍ തുടങ്ങി അന്‍പതിലേറെ കൃതികളുടെ കര്‍ത്താവാണിദ്ദേഹം. ജുവനേലിയ, ലെവിയ ഗ്രയാ, റൈ മെറിത്മി എന്നിവ ഇദ്ദേഹത്തിന്റെ ആദ്യകാലകാവ്യസമാഹാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌.

കവിയെന്ന പ്രശസ്‌തിക്കൊപ്പം സാഹിത്യചരിത്രകാരന്‍ പ്രഗല്‌ഭപ്രഭാഷകന്‍ എന്നീ നിലകളിലും പേരുകേട്ടിരുന്നു. സാഹിത്യത്തിലെ എല്ലാ ഘട്ടങ്ങളെയും ഇദ്ദേഹം ഗവേഷണത്തിന്‌ വിധേയമാക്കിയിട്ടുണ്ട്‌. ഗവേഷണത്തെ ആസ്‌പദമാക്കി ധാരാളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌. സാഹിത്യപഠനങ്ങള്‍ (Studi letterati, 1874) വിമര്‍ശന രേഖാചിത്രങ്ങളും സാഹിത്യചര്‍ച്ചകളും (Bozetti critici ediscorsi letterari, 1876) തുടങ്ങിയ ധാരാളം ഗ്രന്ഥങ്ങള്‍ ഇത്തരത്തില്‍പ്പെടുന്നവയാണ്‌. കര്‍ദൂചി രാഷ്‌ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

1890ല്‍ ഇദ്ദേഹം സെനറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും പ്രതിനിധിസഭയുടെ ഡെപ്യൂട്ടിയായി കുറച്ചുകാലം ചുമതല നിറവേറ്റുകയും ചെയ്‌തു. ഇറ്റാലിയന്‍ സ്വാതന്ത്യ്രസമരസേനാനികള്‍ക്ക്‌ ഇദ്ദേഹത്തിന്റെ കവിതകള്‍ പ്രചോദനമായിരുന്നു. മാതൃരാജ്യത്തിനും പുറത്ത്‌ ഇദ്ദേഹം വളരെ പ്രശസ്‌തനായിരുന്നു. സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും പാണ്ഡിത്യം തെളിയിച്ച ഇദ്ദേഹം 19-ാം ശ.ത്തില്‍ ഇറ്റലി കണ്ട ഏറ്റവും മഹാനായ സാഹിത്യകാരന്‍ എന്ന വിശേഷണത്തിനര്‍ഹനായിട്ടുണ്ട്‌. 1906ല്‍ നോബല്‍ സമ്മാനം നേടിയ കര്‍ദൂചി ഈ അംഗീകാരം നേടുന്ന ആദ്യത്തെ ഇറ്റാലിയനാണ്‌. 1907ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍