This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ദിനാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ദിനാള്‍

റോമിലെ വിശുദ്ധ ധര്‍മാസനപ്പള്ളിയിലെ വൈദികസമിതി അംഗം. മാര്‍പ്പാപ്പ (Pope) കഴിഞ്ഞാല്‍ റോമന്‍ കത്തോലിക്കാസഭയിലെ അത്യുന്നത പദവി കര്‍ദിനാളന്മാര്‍ക്കാണ്‌. കതകിന്റെ വിജാഗിരി എന്നര്‍ഥമുള്ള "കാര്‍ദോ' എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ്‌ "കര്‍ദിനാള്‍' എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌. മാര്‍പ്പാപ്പയെ ബാഹ്യലോകവുമായി കൂട്ടിയിണക്കുന്ന മുഖ്യഘടകം എന്ന നിലയ്‌ക്കാണ്‌ ഇവരെ കര്‍ദിനാള്‍ എന്ന്‌ അഭിസംബോധന ചെയ്യുന്നത്‌. ഇംഗ്ലീഷില്‍ കാര്‍ഡിനല്‍ (Cardinal) എന്നു പറയുന്നു. ദൈനംദിന സഭാ കാര്യങ്ങളില്‍ മാര്‍പ്പാപ്പയ്‌ക്ക്‌ ആവശ്യമായ ഉപദേശങ്ങള്‍ നല്‌കുകയും പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുകയുമാണ്‌ ഇവരുടെ പ്രധാന ചുമതല. നിലവിലുള്ള മാര്‍പ്പാപ്പ ദിവംഗതനാകുമ്പോള്‍ എണ്‍പതു വയസ്സില്‍ താഴെ പ്രായമുള്ള കര്‍ദിനാളന്മാര്‍ റോമില്‍ സമ്മേളിച്ച്‌ വോട്ടെടുപ്പു നടത്തിയാണ്‌ പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നത്‌.

മെത്രാന്മാരാണ്‌ കര്‍ദിനാള്‍ സ്ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെടുന്നത്‌. കര്‍ദിനാളന്മാരുടെ രഹസ്യയോഗത്തില്‍ വച്ച്‌ മാര്‍പ്പാപ്പയാണ്‌ ഇവരെ നിശ്ചയിക്കുന്നത്‌. മാര്‍പ്പാപ്പ തെരഞ്ഞെടുക്കുന്ന മെത്രാന്‍ ചില വൈദികചടങ്ങുകള്‍ക്കു വിധേയനാകുന്നതോടുകൂടി കര്‍ദിനാള്‍ ആയിത്തീരുന്നു. സ്ഥാനാരോഹണച്ചടങ്ങില്‍ വച്ച്‌ ചുവന്നതൊപ്പി (galero), അഗ്രം താഴ്‌ന്നതും വീതിയുള്ള വിളുമ്പുള്ളതും പട്ടുകൊണ്ടു നിര്‍മിച്ച 15 അലങ്കാരത്തൊങ്ങല്‍ വീതമുള്ള രണ്ടു കുലകള്‍ ഘടിപ്പിച്ചതുമായ പദവിത്തൊപ്പി, തലയോട്ടിയുടെ മുകള്‍ഭാഗം ഇറുകെ ആവരണം ചെയ്യുന്ന കടും ചുവപ്പുനിറത്തിലുള്ള ലോഹത്തൊപ്പി (zuchetto), കടും ചുവപ്പുനിറത്തിലുള്ള ചതുരത്തൊപ്പി, നീലക്കല്ലു പതിച്ചിട്ടുള്ള കര്‍ദിനാള്‍ മോതിരം എന്നിവ കര്‍ദിനാളന്മാര്‍ക്ക്‌ മാര്‍പ്പാപ്പ നല്‌കുന്നു (പാരമ്പര്യമായി നല്‌കിവന്ന നീലക്കല്ലുപതിച്ച കര്‍ദിനാള്‍ മോതിരത്തിനു പകരം ക്രിസ്‌തുവിന്റെ പ്രതിരൂപം കൊത്തിയിട്ടുള്ള സ്വര്‍ണമോതിരം നല്‌കിയാല്‍ മതിയെന്നു 1967ല്‍ പോപ്പ്‌ പോള്‍ VI ഉത്തരവായി). കര്‍ദിനാള്‍ "സമുന്നതന്‍' (Eminence) എന്ന സംബോധനയ്‌ക്ക്‌ അര്‍ഹനാണ്‌. 1630ല്‍ പോപ്പ്‌ അര്‍ബന്‍ഢകകക ആണ്‌ ഈ തീരുമാനമെടുത്തത്‌.

ബോംബെ ആര്‍ച്ച്‌ ബിഷപ്പായിരുന്ന ദിവംഗതനായ കര്‍ദിനാള്‍ ഗ്രഷ്യസ്‌ ആയിരുന്നു ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ കര്‍ദിനാള്‍.

ഇപ്പോള്‍ നിലവിലുള്ള കത്തോലിക്കാസഭാ നിയമമനുസരിച്ച്‌ മെത്രാന്മാരെ മാത്രമേ കര്‍ദിനാള്‍ സ്ഥാനത്തേക്ക്‌ ഉയര്‍ത്താന്‍ പാടുള്ളു. മുന്‍കാലങ്ങളില്‍ സാധാരണ വൈദികര്‍, വൈദിക വിദ്യാര്‍ഥികള്‍, അവൈദികര്‍ (അല്‍മായര്‍) മുതലായവര്‍ക്കും കര്‍ദിനാള്‍ സ്ഥാനം നല്‌കിയിരുന്നു. 19-ാം ശ.ത്തിന്റെ അന്ത്യഘട്ടത്തില്‍ അന്തരിച്ച ഇറ്റലിക്കാരനായ ജാക്കൊമോ അന്തോനെല്ലിയാണ്‌ അവസാനത്തെ അവൈദിക കര്‍ദിനാള്‍. കര്‍ദിനാളന്മാരെല്ലാവരും വൈദികരെങ്കിലും ആയിരിക്കണം എന്ന സഭാനിയമം 1917ല്‍ പാസ്സായി. "എല്ലാ കര്‍ദിനാളന്മാരും മെത്രാന്മാരായിരിക്കണം' എന്നു തീരുമാനിച്ചത്‌ ജോണ്‍ XXIIIമാര്‍പ്പാപ്പയാണ്‌ (1962). മെത്രാന്മാരല്ലാത്തവര്‍ക്ക്‌ മെത്രാനഭിഷേകം നല്‌കിയശേഷമാണ്‌ ഇപ്പോള്‍ കര്‍ദിനാള്‍ സ്ഥാനം നല്‌കുന്നത്‌.

അടുത്തകാലം വരെ കര്‍ദിനാള്‍ സ്ഥാനം കത്തോലിക്കാസഭയുടെ പാശ്ചാത്യവിഭാഗമായ റോമന്‍ സഭയിലെ ഒരു ഔദ്യോഗിക സ്ഥാനമായിരുന്നു. കര്‍ദിനാള്‍ സ്ഥാനത്തിന്‌ സഭാസംബന്ധമായി കൂടുതല്‍ പ്രാമാണ്യം ലഭിച്ചതോടുകൂടി കത്തോലിക്കാസഭയിലെ പൗരസ്‌ത്യവിഭാഗങ്ങളിലെ മെത്രാന്മാരും കര്‍ദിനാള്‍ സ്ഥാനം സ്വീകരിച്ചു തുടങ്ങി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം വളരെ വൈമനസ്യത്തോടെയെങ്കിലും നാലു പൗരസ്‌ത്യസഭാപാത്രിയര്‍ക്കീസുമാര്‍ (Patriarchs) കര്‍ദിനാള്‍ സ്ഥാനം സ്വീകരിച്ചതോടെ കര്‍ദിനാള്‍ പദവിക്ക്‌ സാര്‍വലൗകിക അംഗീകാരം ലഭിച്ചു.

(ഫാ. ഡോ. ജെ. കട്ടക്കല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍