This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ദാനോ, ഗിറോലാമോ (1501 - 76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ദാനോ, ഗിറോലാമോ (1501 - 76)

Cardano, Girolamo

ഗിറോലാമോ കര്‍ദാനോ

ഇറ്റാലിയന്‍ ഗണിതശാസ്‌ത്രജ്ഞനും വൈദ്യശാസ്‌ത്രജ്ഞനും. ഇദ്ദേഹം 1501 സെപ്‌. 24നു പാവിയയില്‍ ജനിച്ചു. 1526ല്‍ പാദുവാ സര്‍വകലാശാലയില്‍ നിന്ന്‌ വൈദ്യശാസ്‌ത്രത്തില്‍ ബിരുദം സമ്പാദിച്ചശേഷം ഏഴുവര്‍ഷം സാക്കോയില്‍ ജോലിചെയ്‌തു. 1532ല്‍ മിലാനിലേക്കു താമസം മാറ്റിയ കര്‍ദാനോ ഇവിടെ ഗണിതശാസ്‌ത്രാധ്യാപകനായി. 1536ല്‍ പ്രസിദ്ധീകരിച്ച പുസ്‌തകത്തിലൂടെ (De malo recentiorum medicorum medendiusu libellus) ഇദ്ദേഹം നിലവിലുണ്ടായിരുന്ന വൈദ്യശാസ്‌ത്ര വ്യവസ്ഥിതിയെ നിശിതമായി വിമര്‍ശിച്ചു. 1539ല്‍ കോളജ്‌ ഒഫ്‌ ഫിസിഷ്യന്‍സില്‍ ചേര്‍ന്ന ഇദ്ദേഹം പിന്നീട്‌ അവിടത്തെ റെക്ടര്‍ ആയി. അന്ധമൂകബധിരരുടെ പരിശീലനത്തിന്‌ ഇദ്ദേഹം ക്രിയാത്‌മകമായ പല നിര്‍ദേശങ്ങളും നല്‌കി. ജ്വരപ്പനി, സിഫിലിസ്‌ എന്നിവയുടെ ചികിത്സയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ പ്രൗഢങ്ങളാണ്‌.

1543ല്‍ ഇദ്ദേഹം പാവിയയില്‍ വൈദ്യശാസ്‌ത്ര പ്രാഫസറായി നിയമിതനായി.

ഒരു ഗണിത ശാസ്‌ത്രജ്ഞനെന്ന നിലയില്‍ സമകാലികരില്‍ അഗ്രഗണ്യനായിരുന്നു കര്‍ദാനോ. ഗണിതശാസ്‌ത്രവിഷയങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ നിന്ന്‌ പ്രധാനപ്പെട്ടവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടു പുസ്‌തകങ്ങള്‍ 1539ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ഇതിലൊന്ന്‌ (Practica arithmetica et mensurandi singularis) വെളരെ പ്രസിദ്ധമാണ്‌. ബീജഗണിതത്തിലെ ഒരു നാഴികക്കല്ലായിത്തീര്‍ന്ന ആര്‍ട്ടിസ്‌ മാഗ്‌നേ (Artis magnae sive de regulis algebraics, 1545)എന്ന പുസ്‌തകത്തില്‍ ഇദ്ദേഹം മറ്റനേകം പുതിയ വസ്‌തുതകള്‍ക്കു പുറമേ ത്രിഘാതസമവാക്യ(third degree equation)ത്തിനുള്ള നിര്‍ധാരണരീതിയും ഉള്‍ക്കൊള്ളിച്ചിരുന്നു. ഈ രീതി "കര്‍ദാനോ നിയമം' എന്ന പേരില്‍ അറിയപ്പെടുന്നു. ശാസ്‌ത്രപുസ്‌തകങ്ങള്‍ക്കു പുറമേ ദെ പ്രാപ്രീയാ വിറ്റാ (De propaia vita), ദെ ലിബ്രീസ്‌ പ്രാപീസ്‌ (De Libris Propriis, 1571-76) എന്നീ രണ്ട്‌ ആത്മകഥാഗ്രന്ഥങ്ങള്‍കൂടി ഇദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. 1576 സെപ്‌. 2നു റോമില്‍ വച്ച്‌ കര്‍ദാനോ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍