This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ദമന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ദമന്‍

ഭാഗവതത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു പ്രജാപതി. ബ്രഹ്മാവിന്റെ മാനസപുത്രനായ പുലഹന്‍ എന്ന പ്രജാപതിക്ക്‌ ക്ഷമ എന്ന പത്‌നിയില്‍ ഉണ്ടായ പുത്രന്‍. പ്രജാസൃഷ്ടി നിര്‍വഹിക്കാന്‍ ബ്രഹ്മാവിനാല്‍ നിയുക്തനായ കര്‍ദമന്റെ കഥ ഭാഗവതം തൃതീയ സ്‌കന്ധത്തില്‍ വിസ്‌തരിച്ചിട്ടുണ്ട്‌. കര്‍ദമന്‍ സരസ്വതീനദീതീരത്ത്‌ വളരെക്കാലം തപസ്സനുഷ്‌ഠിച്ചു. തപസ്സുകൊണ്ടു സന്തുഷ്ടനായ മഹാവിഷ്‌ണു പ്രജാപതീസുതനായ സ്വായംഭുവമനുവിന്റെ മകളായ ദേവഹൂതിയെ പരിണയിക്കുവാന്‍ കര്‍ദമനോടു നിര്‍ദേശിച്ചു. സ്വാംശകലകൊണ്ട്‌ ദേവഹൂതിയില്‍ താന്‍ കപിലനായി അവതരിക്കുമെന്നും ഭഗവാന്‍ അറിയിച്ചു. ഏറെത്താമസിയാതെ മനുമഹിഷിയായ ശതരൂപയോടും മകളായ ദേവഹൂതിയോടും കൂടി കര്‍ദമന്റെ ആശ്രമത്തില്‍ വന്നു ചേരുകയും ദേവഹൂതിയെ കര്‍ദമനു വിവാഹം ചെയ്‌തുകൊടുക്കുകയും ചെയ്‌തു. അത്‌ ആദ്യത്തെ വൈവാഹികകര്‍മമായിരുന്നു. ദേവഹൂതി തപോനിഷ്‌ഠനായ പതിയെ ശുശ്രൂഷിച്ചുകൊണ്ടു കാലം കഴിച്ചു. ദേവഹൂതിയുടെ ഭക്തികൊണ്ടു സന്തുഷ്ടനായ കര്‍ദമന്‍ കാമഗമായ വിമാനം സൃഷ്ടിച്ച്‌ പത്‌നിയോടൊപ്പം അതില്‍ സഞ്ചരിച്ചു ദിവ്യഭോഗങ്ങള്‍ അനുഭവിച്ചു. വളരെക്കാലം കഴിഞ്ഞ്‌ കലാദികളായ ഒന്‍പതു പുത്രിമാര്‍ ഈ ദമ്പതികള്‍ക്കുണ്ടായി. ഒടുവില്‍ ഭഗവാന്റെ അംശകലയോടെ കപിലനും അവതരിച്ചു. മരീചി, അത്രി മുതലായ ഋഷീശ്വരന്മാര്‍ക്ക്‌ കല, അനസൂയ മുതലായ പുത്രിമാരെ ദാനം ചെയ്‌തശേഷം കപിലാനുമതിയോടെ കര്‍ദമന്‍ വനത്തിലേക്കുപോയി. അവിടെ ആത്‌മൈകശരണനായ അദ്ദേഹം നിസ്സംഗനായി സമാധിയിലേര്‍പ്പെട്ടു. ഒടുവില്‍ ഭഗവദ്‌ഭക്തിയോഗത്താല്‍ ഭാഗവതഗതിയടയുകയും ചെയ്‌തു.മഹാഭാരതത്തില്‍, ഒരു സര്‍പ്പശ്രഷ്‌ഠനായ കര്‍ദമനെയും (ആദിപര്‍വം, 35-ാം അധ്യായം), ബ്രഹ്മാവിനെ ഉപാസിക്കുന്ന മറ്റൊരു കര്‍ദമനെയും (സഭ, 11-ാം അധ്യായം) വിരജാപൗത്രനും അതിപ്രശസ്‌തനുമായ വേറൊരു കര്‍ദമനെയും (ശാന്തി, 59-ാം അധ്യായം) കുറിച്ചു പ്രസ്‌താവങ്ങള്‍ ഉണ്ട്‌.

(പ്രാഫ. ആര്‍. വാസുദേവന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍